ഹിന്ദുമതത്തെ വിമർശിച്ചെന്ന പേരിൽ യു.പിയിൽ ജയിലിലടച്ച മൂന്ന് ക്രിസ്ത്യൻ വനിതകൾക്ക് മോചനം
text_fieldsഅലഹബാദ്: ഹിന്ദു മതത്തെ വിമർശിക്കുകയും ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തുവെന്ന പേരിൽ ഉത്തർപ്രദേശിൽ ജയിലിലടക്കപ്പെട്ട മൂന്ന് ക്രിസ്ത്യൻ വനിതകൾക്ക് ഹൈകോടതി ജാമ്യം നൽകി. ഇക്കഴിഞ്ഞ ആഗസ്റ്റ് 14ന് അറസ്റ്റിലായ സ്ത്രീകൾക്കാണ് അലഹബാദ് ഹൈകോടതി കഴിഞ്ഞദിവസം ജാമ്യം അനുവദിച്ചത്.
ഒന്നാം പ്രതി അനിതാ ദേവിയും മറ്റുപ്രതികളും ചേർന്ന് അഅ്സംഗഡ് ജില്ലയിലെ മഹാരാജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ 35ഓളം പേരുടെ യോഗം സംഘടിപ്പിച്ചുവെന്നും അതിൽ ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ പ്രേരിപ്പിച്ചുവെന്നുമാണ് കേസ്. യോഗത്തിൽ ഹിന്ദു മതത്തെക്കുറിച്ച് മോശമായ കാര്യങ്ങൾ പറഞ്ഞതായി വിവരം ലഭിച്ചുവെന്ന് ഒരാൾ അറിയിച്ചതായി എഫ്.ഐ.ആറിൽ ആരോപിക്കുന്നു. ഇതിനെ എതിർത്തപ്പോൾ ക്രിസ്ത്യൻ മതം സ്വീകരിക്കാൻ പണം വാഗ്ദാനം ചെയ്തതായും അത് നിഷേധിച്ചപ്പോൾ അധിക്ഷേപിച്ചതായും എഫ്.ഐ.ആറിൽ പറയുന്നു.
യു.പിയിലെ മതപരിവർത്തന നിരോധന നിയമത്തിലെ 3/5(1) വകുപ്പ് പ്രകാരവും ഐ.പി.സി 504, 505 (2), 506 പ്രകാരവുമാണ് ഇവർക്കെതിരെ കേസെടുത്തത്. എന്നാൽ, തങ്ങൾ ആരെയും മതപരിവർത്തനം ചെയ്തിട്ടില്ലെന്നും ഹിന്ദു മതത്തിനെതിരായി എന്താണ് പറഞ്ഞത് എന്നതിനെ കുറിച്ച് പരാതിക്കാർക്ക് വ്യക്തതയില്ലെന്നും ചൂണ്ടിക്കാട്ടി പ്രതിഭാഗം അഭിഭാഷകർ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഭരണഘടന അനുവദിച്ച മതവിശ്വാസം ആചരിക്കാനുള്ള സ്വാതന്ത്ര്യം രാജ്യത്ത് ഉണ്ടെന്നും അഭിഭാഷകൻ വാദിച്ചു. പ്രതികൾ ജാമ്യത്തിന് അർഹരല്ലെന്ന് തെളിയിക്കുന്നതിൽ സർക്കാർ അഭിഭാഷകൻ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് വിക്രം ഡി. ചൗഹാനാണ് മൂവർക്കും ജാമ്യം നൽകിയത്.
ജാമ്യം നൽകുന്നതിനെ യു.പി സർക്കാറിന് വേണ്ടി ഹാജരായ അഡീഷനൽ അഡ്വക്കറ്റ് ജനറൽ (എ.ജി.എ) എതിർത്തുവെങ്കിലും ഹിന്ദുമതത്തെ അവഹേളിച്ചുവെന്ന് പറഞ്ഞതിന്റെ വിശദാംശങ്ങളോ തെളിവുകളോ ഹാജരാക്കാനായില്ല. ജാമ്യം നൽകാതിരിക്കാൻ മാത്രമുള്ള ക്രിമിനൽ പശ്ചാത്തലമോ കുറ്റങ്ങളോ എ.ജി.എക്ക് ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കൂടാതെ, പ്രതികൾ അന്വേഷണം തടസ്സപ്പെടുത്തുകയോ കുറ്റകൃത്യങ്ങൾ ആവർത്തിക്കുകയോ സാക്ഷികളെ ഭീഷണിപ്പെടുത്തുകയോ ചെയ്യാൻ സാധ്യതയുണ്ടെന്നതിനും സൂചനയില്ലെന്നും കോടതി നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.