മഥുര ശാഹി ഈദ്ഗാഹ് കേസ്: വാദം 30ന്
text_fieldsപ്രയാഗ് രാജ്: മഥുരയിലെ ഷാഹി ഈദ്ഗാഹ്-കൃഷ്ണ ജന്മഭൂമി തർക്കത്തിൽ സെപ്റ്റംബർ 30ന് അലഹബാദ് ഹൈകോടതി വാദം കേൾക്കും. ഹിന്ദു വിഭാഗം അവരുടെ ഹരജിയിൽ ഭേദഗതിക്കായി അപേക്ഷ സമർപ്പിച്ചിരുന്നു.
കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോട് ചേർന്നുള്ള ഷാഹി ഈദ്ഗാഹ് മസ്ജിദ് സമുച്ചയത്തെ ചൊല്ലിയുള്ള തർക്കവുമായി ബന്ധപ്പെട്ട് ഹിന്ദു വിഭാഗം സമർപ്പിച്ച ഹരജികൾ ആരാധനാലയ നിയമം ലംഘിക്കുന്നതിനാൽ അത് പരിപാലിക്കാനാകില്ലെന്ന മുസ്ലീം പക്ഷത്തിന്‍റെ വാദം ഹൈകോടതി തള്ളിയിരുന്നു.
ക്ഷേത്രം തകർത്ത് പണിതതാണെന്നും മസ്ജിദ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹിന്ദു പക്ഷം ഹരജി ഫയൽ ചെയ്തിരിക്കുന്നത്. ശാഹി മസ്ജിദ് പൊളിച്ച് ഈ ഭൂമി ഹിന്ദുക്കൾക്ക് കൈമാറണമെന്നായിരുന്നു ഹരജിയിൽ ആവശ്യപ്പെട്ടിരുന്നത്. അഭിഷാകനില്ലാതെ നേരിട്ടാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചതെന്ന് കാണിച്ച് ഹരജി കോടതി തള്ളിയിരുന്നു.
1669ൽ ശ്രീകൃഷ്ണ ക്ഷേത്രം തകർത്ത് മുഗൾ രാജാവ് ഔറംഗസീബാണ് ശാഹി മസ്ജിദ് നിർമിച്ചതെന്നാണ് ഹരജിയിൽ ശ്രീകൃഷ്ണ ജന്മഭൂമി മുക്തി ആന്ദോളൻ സമിതി ആരോപിച്ചത്. പള്ളിയുടെ ചുമരിൽ ഇപ്പോഴും ഹിന്ദു മതചിഹ്നങ്ങളുണ്ടെന്നും ഇവർ പറയുന്നു.
2020 സെപ്റ്റംബർ 25ൽ ഭഗവാൻ ശ്രീകൃഷ്ണ വിരാജ്മാന്റെ പേരിൽ ഒരു സംഘം മസ്ജിദ് ഭൂമിയിൽ തർക്കമുന്നയിച്ച് ഹരജി നൽകി. ഭഗവാൻ ശ്രീകൃഷ്ണ വിരാജ്മാന്റെ അടുത്ത സുഹൃത്തുക്കളാണെന്ന് അവകാശപ്പെട്ടാണ് ഇവർ കോടതിയിലെത്തിയത്.
ശ്രീകൃഷ്ണന്റെ ജന്മഭൂമിയിലാണ് പള്ളി നിലനിൽക്കുന്നതെന്നും അതിനാൽ പള്ളി പൊളിച്ചുമാറ്റി 13.37 ഏക്കർ ഭൂമി ശ്രീകൃഷ്ണ വിരാജ്മാൻ പ്രതിമക്ക് തിരികെ നൽകണമെന്നുമാണ് ആവശ്യം. യു.പി സുന്നി സെൻട്രൽ വഖഫ് ബോർഡ്, ഷാഹി ഈദ്ഗാഹ് മസ്ജിദ് കമ്മിറ്റി എന്നിവരാണ് എതിർകക്ഷികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.