ചോദ്യക്കോഴ: മഹുവ മൊയ്ത്രക്കെതിരെ നടപടിയെടുക്കാൻ തൃണമൂൽ കോൺഗ്രസ് ആലോചിക്കുന്നു
text_fieldsകൊൽക്കത്ത: പാർലമെന്റിൽ ചോദ്യം ചോദിക്കാൻ കോഴ വാങ്ങിയെന്ന വിവാദത്തിൽ പെട്ട എം.പി മഹുവ മൊയ്ത്രക്കെതിരെ നടപടിയെടുക്കാൻ തൃണമൂൽ കോൺഗ്രസ് ആലോചിക്കുന്നു. വിവാദത്തിൽ മഹുവയെ സംരക്ഷിക്കാനോ പരസ്യ പ്രതികരണത്തിനോ പാർട്ടി തയാറായിട്ടില്ല. പ്രശ്നം ആരോപണവിധേയ തന്നെ പരിഹരിക്കട്ടെ എന്ന നിലപാടിലാണ് മുതിർന്ന പാർട്ടി അംഗങ്ങൾ. അതുമാത്രമല്ല, പാർട്ടി അംഗങ്ങളുമായി മഹുവക്ക് വലിയ ബന്ധമൊന്നുമില്ല. പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ടി.എം.സി നേതാവുമായ മമത ബാനർജിയുമായി മഹുവ സ്വരച്ചേർച്ചയിലല്ല എന്നാണ് റിപ്പോർട്ടുകൾ.
ആരോപണത്തിൽ പാർലമെന്റ് എത്തിക്സ് കമ്മിറ്റിക്കു മുന്നിൽ മഹുവ വിശദീകരണം നൽകിയിരുന്നു. എത്തിക്സ് കമ്മിറ്റിയുടെ അന്വേഷണത്തിന് ശേഷം വിഷയത്തിൽ മഹുവക്കെതിരെ നടപടി സ്വീകരിക്കാനാണ് പാർട്ടിയുടെ തീരുമാനം. ആരോപണം ശരിവെക്കുന്നതിനാലാണ് തൃണമൂൽ കോൺഗ്രസ് ഇക്കാര്യത്തിൽ മൗനം പാലിക്കുന്നതെന്ന് ബി.ജെ.പി വിമർശിച്ചിരുന്നു. പാർട്ടി നേതൃത്വത്തിനും മഹുവ വിശദീകരണം നൽകുകയുണ്ടായി.
മഹുവ മൊയ്ത്ര ഇന്ത്യയിലായിരുന്നപ്പോൾ അവരുടെ പാർലമെന്റ് ഐ.ഡി ദുബൈയിൽ ഉപയോഗിച്ചിരുന്നതായി ബി.ജെ.പി എം.പി നിഷികാന്ത് ദുബെ ആരോപിച്ചിരുന്നു. ഒരു എം.പി കുറച്ച് പണത്തിന് വേണ്ടി രാജ്യത്തിന്റെ സുരക്ഷ പണയപ്പെടുത്തി എന്നായിരുന്നു ദുബെ പറഞ്ഞത്.
അദാനി ഗ്രൂപ്പിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ലക്ഷ്യമിട്ട് വ്യവസായി ദർശൻ ഹിരാനന്ദാനിയുടെ നിർദേശപ്രകാരം ലോക്സഭയിൽ ചോദ്യങ്ങൾ ചോദിച്ചതിന് മഹുവ മൊയ്ത്ര കൈക്കൂലിയും സമ്മാനങ്ങളും കൈപ്പറ്റിയെന്നതാണ് വിവാദം. വ്യവസായ പ്രമുഖനായ ദര്‍ശന്‍ ഹിരാനന്ദാനിക്ക് വേണ്ടി പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ മൊയ്ത്ര ഉറപ്പ് നല്‍കിയെന്നാരോപിച്ച് ദുബെ ഞായറാഴ്ച ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തെഴുതിയിരുന്നു. വിഷയത്തില്‍ സി.ബി.ഐക്കും കേന്ദ്ര ഐ.ടി മന്ത്രാലയത്തിനും പരാതി ലഭിച്ചിട്ടുണ്ട്. അതിനിടെ സി.ബി.ഐക്ക് നൽകിയ പരാതി പിൻവലിക്കാൻ തനിക്ക് മേൽ വലിയ സമ്മർദമുണ്ടെന്ന്കൈക്കൂലി വാങ്ങിയതു സംബന്ധിച്ച് ദുബെക്ക് തെളിവ് നൽകിയ അഡ്വ. ജയ് ആനന്ദ് ദെഹാദ്റായ് അവകാശപ്പെട്ടു. എന്നാൽ അതിനു വഴങ്ങിയില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഉച്ചക്കു ശേഷവും ഇത്തരത്തിലൊരു സംഭവം നടന്നതായും അഭിഭാഷകൻ അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.