ചോദ്യത്തിന് കോഴ ആരോപണം: ലോക്സഭ എത്തിക്സ് കമ്മിറ്റി യോഗം നാളെ; നടപടിക്ക് സാധ്യത
text_fieldsന്യൂഡല്‍ഹി: മഹുവ മൊയ്ത്രക്കെതിരായ ചോദ്യത്തിന് കോഴ ആരോപണം അന്വേഷിക്കുന്ന ലോക്സഭ എത്തിക്സ് കമ്മിറ്റി ചൊവ്വാഴ്ച വീണ്ടും യോഗംചേരും. അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ കമ്മിറ്റിയുടെ കരട് റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് യോഗം. റിപ്പോര്‍ട്ടില്‍ മഹുവക്കെതിരെ നടപടിക്ക് ശിപാര്ശയുണ്ടാകുമെന്നാണ് സൂചന. കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങളുടെ വിയോജിപ്പും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തും.
15 അംഗ കമ്മിറ്റിയില്‍ ബി.ജെ.പിക്കാണ് ഭൂരിപക്ഷം. നവംബർ രണ്ടിന് മഹുവ സമിതി മുമ്പാകെ ഹാജരാകുകയും ചോദ്യംചെയ്യലില്‍ രോഷാകുലയായി ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. കമ്മിറ്റി ചെയര്മാന് വൃത്തികെട്ട ചോദ്യങ്ങള്‍ ചോദിച്ചുവെന്നാരോപിച്ചായിരുന്നു ഇറങ്ങിപ്പോയത്. യോഗത്തില്‍ കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങള്‍ മഹുവക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. മഹുവക്കൊപ്പം അവരും ഇറങ്ങിപ്പോയി.
ക്രിമിനൽ കേസെടുക്കാൻ നീക്കമെന്ന് മഹുവ മൊയ്ത്ര
ന്യൂഡൽഹി: ബി.ജെ.പി തനിക്കെതിരെ ക്രിമിനൽ കേസുകൾ ആസൂത്രണം ചെയ്യുകയാണെന്ന് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. ഇതറിഞ്ഞ് തനിക്ക് വിറയൽ അനുഭവപ്പെടുകയാണെന്ന് പരിഹാസരൂപേണ അവർ ‘എക്സി’ൽ കുറിച്ചു.
ചോദ്യക്കോഴ സംബന്ധിച്ച പരാതി അന്വേഷിക്കുന്ന ലോക്സഭ എത്തിക്സ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരായ തന്നോട് ചെയർമാൻ വിനോദ് കുമാർ സോങ്കർ തരംതാണതും അപ്രസക്തവുമായ ചോദ്യങ്ങളാണ് ചോദിച്ചതെന്ന് മഹുവ ആവർത്തിച്ചു. എത്ര ജോഡി ഷൂസ് ഉണ്ടെന്നൊക്കെയായിരുന്നു ചോദ്യം. എന്നാൽ, തനിക്കെതിരെ കേസെടുക്കുന്നതിനുമുമ്പ്, 13,0000 കോടിയുടെ കൽക്കരി അഴിമതിയിൽ സി.ബി.ഐയും ഇ.ഡിയും അദാനിക്കെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്യണമെന്നും മഹുവ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.