മദർ തെരേസയെ അധിക്ഷേപിച്ച് ആർ.എസ്.എസ് വാരിക പാഞ്ചജന്യ; വിശുദ്ധയാക്കിയത് നുണയുടെ അടിസ്ഥാനത്തിലെന്ന്
text_fieldsന്യൂഡൽഹി: മദർ തെരേസക്കും അവർ സ്ഥാപിച്ച സന്യാസിനീസഭയായ മിഷനറീസ് ഓഫ് ചാരിറ്റിക്കുമെതിരെ അധിക്ഷേപം ചൊരിഞ്ഞ് ആർ.എസ്.എസിന്‍റെ വാരികയായ പാഞ്ചജന്യ. മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചത് നുണയുടെ അടിസ്ഥാനത്തിലാണെന്ന് അവകാശപ്പെടുന്ന പാഞ്ചജന്യയിലെ ലേഖനം, മതപരിവർത്തനം സംബന്ധിച്ചും മറ്റ് ക്രമക്കേടുകൾ സംബന്ധിച്ചും മിഷനറീസ് ഓഫ് ചാരിറ്റിക്കെതിരെ ഉയർന്ന ആരോപണങ്ങൾ പുതിയതല്ലെന്നും പറയുന്നു.
'കുരിശേറ്റം, അധികാരം, ഗൂഢാലോചന' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ, മദർ തെരേസക്ക് ഭാരതരത്ന പുരസ്കാരം നൽകിയത് ഇന്ത്യയിൽ മതനിരപേക്ഷ രാഷ്ട്രീയം എന്ന് വിളിക്കപ്പെടുന്നതിന്‍റെ ആവശ്യകത മുൻനിർത്തിയാണെന്ന് അവകാശപ്പെടുന്നു. നുണയുടെ അടിസ്ഥാനത്തിലാണ് മദർ തെരേസയെ വിശുദ്ധയാക്കിയത്.
സേവനത്തിന്‍റെ പേരിൽ മതപരിവർത്തനം നടത്തുന്നു എന്ന ആരോപണം മിഷണറീസ് ഓഫ് ചാരിറ്റിക്കെതിരെ പലപ്പോഴും ഉയർന്നിട്ടുണ്ട്. മിഷണറീസ് ഓഫ് ചാരിറ്റി കേന്ദ്രങ്ങളിൽ അസുഖബാധിതർക്ക് മരുന്ന് നൽകാതെ ക്രൂശിത സമയത്ത് യേശുക്രിസ്തു അനുഭവിച്ച വേദന അനുഭവിപ്പിക്കുകയാണ്. എന്നാൽ, 1991ൽ മദർ തെരേസ അസുഖബാധിതയായപ്പോൾ കലിഫോർണിയയിലെ ആശുപത്രിയിലാണ് ചികിത്സിച്ചത്. മിഷണറീസ് ഓഫ് ചാരിറ്റിയിൽ അസുഖബാധിതനായ ഒരു കുട്ടിക്ക് മരുന്ന് നൽകുന്നതിൽ നിന്നും വിലക്കിയതിനാൽ കന്യാസ്ത്രീ രാജിവെച്ച സംഭവമുണ്ടായിട്ടുണ്ട് -ലേഖനം പറയുന്നു.
മാധ്യമങ്ങളെ ഉപയോഗിച്ചാണ് മദർ തെരേസയെ മാതൃത്വത്തിന്‍റെ പ്രതിരൂപമായി സൃഷ്ടിച്ചെടുത്തത്. മതനിരപേക്ഷ രാഷ്ട്രീയം എന്ന് വിളിക്കപ്പെടുന്ന ഒന്ന് നിലനിൽക്കേണ്ടത് ആവശ്യമായതിനാലാണ് മദർ തെരേസക്ക് ഭാരതരത്ന നൽകിയത്. ഈയൊരു പ്രഭാവം പതുക്കെ മദർ തെരേസയെ ചോദ്യംചെയ്യരുതാത്ത വ്യക്തിത്വമായി മാറ്റി.
നുണയുടെ അടിസ്ഥാനത്തിലാണ് മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചത്. മദർ തെരേസ അർബുദം മാറ്റിയെന്ന് അവകാശപ്പെട്ട സ്ത്രീക്ക് ഒരിക്കലും അർബുദമുണ്ടായിരുന്നില്ല. കുടുംബാസൂത്രണത്തിന് മദർ തെരേസ എതിരായിരുന്നു. അവർ സേവിക്കുന്ന ജനങ്ങളുടെ സാംസ്കാരിക ചരിത്രത്തെ കുറിച്ച് ഒരിക്കലും സംസാരിച്ചിട്ടില്ല -ലേഖനത്തിൽ പറയുന്നു.
ലേഖനത്തിലെ ആരോപണങ്ങളെ കുറിച്ച് മിഷണറീസ് ഓഫ് ചാരിറ്റി പ്രതികരിച്ചിട്ടില്ല.
മിഷണറീസ് ഓഫ് ചാരിറ്റിക്ക് വിദേശസഹായം സ്വീകരിക്കാനുള്ള അനുമതി അടുത്തിടെ കേന്ദ്ര സർക്കാർ നിഷേധിച്ചിരുന്നു. 'ഹാനികരമായ വിവരങ്ങൾ' ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് അനുമതി പുതുക്കാനായി സമർപ്പിച്ച അപേക്ഷ ആഭ്യന്തര മന്ത്രാലയം തള്ളിയത്. ഇത് ഏറെ വിവാദമായിരുന്നു. മതംമാറ്റശ്രമം ആരോപിച്ച് ഗുജറാത്തിൽ മിഷണറീസ് ഓഫ് ചാരിറ്റിക്കെതിരെ കേസെടുത്ത സംഭവവുമുണ്ടായിരുന്നു. തീവ്ര ഹിന്ദുത്വശക്തികൾ രാജ്യവ്യാപകമായി ക്രൈസ്തവർക്കെതിരെ ആക്രമണങ്ങൾ നടത്തുന്ന സാഹചര്യത്തിൽ കൂടിയാണ് മിഷണറീസ് ഓഫ് ചാരിറ്റിയെയും മദർ തെരേസയെയും അധിക്ഷേപിച്ച് ആർ.എസ്.എസ് വാരിക രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.