അഴിമതിയാരോപണം; യെദിയൂരപ്പയുടെ പി.എയുടെ വീട്ടിൽ ഉൾപ്പെടെ ആദായ നികുതി റെയ്ഡ്
text_fieldsബംഗളൂരു: മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ പേഴ്സണൽ അസിസ്റ്റൻറായി പ്രവർത്തിച്ചിരുന്നയാളുടെ വീട്ടിൽ ഉൾപ്പെടെ കർണാടകയിലെ 50ലധികം സ്ഥലങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ്. ബസവരാജ് ബൊമ്മൈക്ക് മുമ്പ് ബി.ജെ.പി സർക്കാറിൽ യെദിയൂരപ്പ മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിെൻറ പി.എ ആയിരുന്ന ഉമേഷിെൻറ ബംഗളൂരു ബാഷ്യം സർക്കിളിലെ വീട്ടിലും ബന്ധുക്കളുടെ വസതികളിലും ഒാഫിസുകളിലുമാണ് വ്യാഴാഴ്ച പുലർച്ചെ മുതൽ റെയ്ഡ് നടന്നത്. ജലസേചന വകുപ്പിലെ 30ലധികം കരാറുകാരുടെയും ചാർട്ടേഡ് അക്കൗണ്ടൻറുമാരുടെയും വീടുകളിലും ഒാഫിസുകളിലും റെയ്ഡ് നടന്നു. ബംഗളൂരു, ബാഗൽകോട്ട്, ബെളഗാവി, വിജയപുര, ദാവൻഗരെ എന്നിവിടങ്ങളിലായി 50ലധികം സ്ഥലങ്ങളിലായാണ് 300ലധികം ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നത്.
യെദിയൂരപ്പയുടെ ഭരണകാലയളവിൽ ഉമേഷ് പണം വാങ്ങി ആന്ധ്രപ്രദേശിലും തെലങ്കാനയും കേന്ദ്രീകരിച്ചുള്ള വൻകിട കരാറുകാർക്ക് കോടികളുടെ ജലസേചന പദ്ധതികളുടെ കരാർ നൽകിയെന്നാണ് ആരോപണം. കാവേരി ജലസേചന കോർപറേഷനിലും കൃഷ്ണ ജലസേചന കോർപറേഷനിലുമായുള്ള കോടികളുടെ വൻപദ്ധതികൾ ഇത്തരത്തിൽ നൽകിയതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
എന്നാൽ, നികുതിവെട്ടിപ്പുമായും വരവിൽ കവിഞ്ഞുള്ള സ്വത്ത് സമ്പാദനവുമായും ബന്ധപ്പെട്ടുമുള്ള പതിവ് റെയ്ഡാണെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ജലസേചന വകുപ്പിലെ ചാർട്ടേഡ് അക്കൗണ്ടൻറായിരുന്ന അമലയുടെ ബംഗളൂരു ഹെഗ്ഡെ നഗറിലെ വീട്ടിലും ആർ. ലക്ഷ്മി കാന്തിെൻറ ചാമുണ്ഡേശ്വരി ലേഒൗട്ടിലെ വീട്ടിലും സഹകർനഗറിലെ രാഹുൽ എൻറർപ്രൈസസിലും ബാഗൽകോട്ടിലെ ഡോ. ഉപ്പാറിെൻറ വീട്ടിലും പരിശോധന നടന്നു. അമലയുടെ വീട്ടിൽനിന്നും നോട്ട് എണ്ണുന്ന ഉപകരണം കണ്ടെടുത്തു. യെദിയൂരപ്പയുമായി അടുത്ത ബന്ധമുള്ള കരാറുകാരുടെ വീടുകളിലാണ് റെയ്ഡെന്നാണ് സൂചന.
ഇതിനിടെ, റെയ്ഡിനെ സ്വാഗതം ചെയ്ത് ബി.ജെ.പി എം.എൽ.സി എച്ച്.എ വിശ്വനാഥ് രംഗത്തെത്തി. കരാർ നൽകുന്നിൽ അഴിമതി കാണിച്ചതിൽ ബി.വൈ. വിജയേന്ദ്രക്കുള്ള പങ്കിനെ തുടർന്നാണ് യെദിയൂരപ്പക്ക് പടിയിറങ്ങേണ്ടി വന്നതെന്നും വിശ്വനാഥ് ആരോപിച്ചു. ബി.എം.ടി.സിയിൽ കണ്ടക്ടറായിരുന്ന ഉമേഷിന് കഴിഞ്ഞ 13 വർഷമായി യെദിയൂരപ്പയുടെ കുടുംബവുമായി ബന്ധമുണ്ട്. സർക്കാർ വാഹനത്തിലാണ് ഉമേഷിെൻറ യാത്ര. നാഗസാന്ദ്ര മെട്രോ സ്റ്റേഷന് സമീപം ബംഗ്ലാവുണ്ടെങ്കിലും ബാഷ്യം സർക്കിളിൽ വാടകക്കാണ് താമസിക്കുന്നത്. റെയ്ഡിൽ നാലു ബാഗുകളിലായി നിരവധി രേഖകൾ കണ്ടെടുത്തതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.