കോൺഗ്രസുമായുള്ള സഖ്യം കാലഘട്ടത്തിന്റെ ആവശ്യം -ഫാറൂഖ് അബ്ദുള്ള
text_fieldsശ്രീനഗർ: കോൺഗ്രസുമായുള്ള സഖ്യം ജമ്മു കശ്മീരിന്റെ വികസനത്തിനും കേന്ദ്രഭരണ പ്രദേശത്തിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനുമുള്ള കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് നാഷണൽ കോൺഫറൻസ് പ്രസിഡന്‍റ് ഫാറൂഖ് അബ്ദുള്ള. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കേന്ദ്രഭരണ പ്രദേശ സന്ദർശനം ജമ്മു കശ്മീരിലെ മുഖ്യധാരാ നേതാക്കളെ പാക്കിസ്താനികളോ ഖാലിസ്ഥാനികളോ ആയി മുദ്രകുത്തുന്നവരുടെ മുഖത്തേറ്റ അടിയാണെന്നും മുൻ മുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നത് പാർട്ടിയുടെ നിർബന്ധമാണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു എൻ.സി അധ്യക്ഷൻ. ‘അതൊരു നിർബന്ധമായ ഒന്നല്ല. അത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ജമ്മു കശ്മീരിന്റെ വികസനത്തിനായി എല്ലാവരെയും ഒപ്പം കൊണ്ടുപോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും തെക്കൻ കശ്മീരിൽ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യുന്ന തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാൻ തന്റെ വസതിയിൽനിന്ന് പുറപ്പെടുമ്പോൾ അബ്ദുള്ള മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘രാഹുൽ നമ്മുടെ രാജ്യത്തിന്റെ വലിയ ശബ്ദമാണ്. ഞങ്ങളെ പാക്കിസ്താനികളോ ഖാലിസ്ഥാനികളോ എന്ന് ആക്ഷേപിച്ചവരുടെ മുഖത്തേറ്റ അടിയാണ്. ഈ ദുഷ്‌കരമായ കാലഘട്ടത്തിൽനിന്ന് ജമ്മു-കശ്മീർ കരകയറി വികസിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് രാജ്യത്തെ ജനങ്ങൾ മനസ്സിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഒരു സംസ്ഥാനം കേന്ദ്ര ഭരണ പ്രദേശമായി തരംതാഴ്ത്തുന്നത് ഞാൻ ആദ്യമായി കണ്ടു. ഇത് മാറണം. സമ്പൂർണ്ണ സംസ്ഥാന പദവി പുനഃസ്ഥാപിക്കേണ്ടതുണ്ട്. അതിനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മറ്റ് പാർട്ടികളെപ്പോലെ നേതാക്കളുടെ അകൽച്ച നാഷനൽ കോൺഫറൻസിന് നേരിടേണ്ടി വന്നിട്ടില്ലെന്നും തന്റെ പാർട്ടിക്ക് എന്തെങ്കിലും നല്ലത് ചെയ്യാനുള്ള സാഹചര്യമുണ്ടെന്ന് ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെന്നും അബ്ദുള്ള പറഞ്ഞു.
നാഷണൽ കോൺഫറൻസിനെതിരെ പി.ഡി.പി മേധാവി മെഹബൂബ മുഫ്തി നടത്തിയ പ്രസ്താവനകളെക്കുറിച്ച് പ്രതികരിക്കാൻ അബ്ദുള്ള വിസമ്മതിച്ചു. അവർ പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.