'സംസ്ഥാനത്തെ വികസന പദ്ധതികൾക്ക് ബജറ്റിൽ പണം അനുവദിക്കണം'; നിർമല സീതാരാമന് കത്തയച്ച് ഡി.കെ. ശിവകുമാർ
text_fieldsബംഗളരു: സംസ്ഥാന സർക്കാർ അടുത്തിടെ ആരംഭിച്ച പദ്ധതികൾക്ക് ബജറ്റിൽ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രി നിർമല സീതാരാമന് കത്തയച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ബംഗളൂരുവിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്രം സാമ്പത്തിക സഹായം നൽകണമെന്ന് ശിവകുമാർ കത്തിൽ ആവശ്യപ്പെട്ടു.
"സാങ്കേതിക പുരോഗതിയുടെയും പ്രാദേശിക അന്തർദേശീയ തലങ്ങളിൽ മൂലധന നിക്ഷേപം ആകർഷിക്കുന്നതിന്‍റെയും കേന്ദ്രമായി ബംഗളൂരു ഉയർന്നുവരുന്നു. അത്യാധുനിക സാങ്കേതിക സംയോജനത്തോടെ, യുവതലമുറക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സാമ്പത്തിക പുരോഗതിക്ക് സംഭാവന നൽകുകയും ചെയ്യുന്ന ഒരു ആഗോള നഗരമായി ബംഗളൂരു വളർന്നു" -അദ്ദേഹം കത്തിൽ പറഞ്ഞു.
അഭൂതപൂർവമായ വളർച്ച കാരണം നഗരത്തിലെ ജനസംഖ്യ ഏകദേശം 1.5 കോടിയിലെത്തിയിരിക്കുന്നു. അതിനാൽ ബംഗളൂരുവിന്‍റെ പ്രശസ്തി നിലനിർത്താൻ നഗരത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിന്‍റെ സാമ്പത്തിക സഹായം സംസ്ഥാനത്തിന് ഏറെ മുന്നോട്ടുപോകാൻ സഹായിക്കുമെന്നും സംസ്ഥാന സർക്കാർ നിരവധി സുപ്രധാന പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും വരാനിരിക്കുന്ന ബജറ്റിൽ ഈ പദ്ധതികൾക്കുള്ള ധനസഹായം നിർണായകമാണെന്നും ശിവകുമാർ സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.