സ്പെക്ട്രം അനുവദിക്കൽ: കേന്ദ്രം അന്തിമഘട്ട നടപടികളിലേക്ക്
text_fieldsന്യൂഡൽഹി: രാജ്യത്ത് ഉപഗ്രഹ സ്പെക്ട്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമഘട്ട നടപടികളിലേക്ക് കേന്ദ്രം. ലേലം ഒഴിവാക്കി അനുമതി നൽകാൻ ഫീസ് നിശ്ചയിക്കുന്നത് സംബന്ധിച്ച ചർച്ചകളാണ് പുരോഗമിക്കുന്നത്. വരുമാനത്തിന്റെ ഒരു ശതമാനം സ്പെക്ട്രം ഫീസായി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ഇലോൺ മസ്കിന്റെ സ്റ്റാർ ലിങ്കും ജെഫ് ബെസോസ് നേതൃത്വം നൽകുന്ന കൈപ്പറും ട്രായ്ക്ക് കത്തെഴുതിയിരുന്നു. സാറ്റലൈറ്റുകൾ വഴി ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്ന (സാറ്റ്കോം) സേവനങ്ങൾ നൽകുന്നതിന് 20 വർഷത്തെ ലൈസൻസ് അനുവദിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.
സ്പെക്ട്രം ചാർജുകൾ വരുമാനത്തിന്റെ ഒരു ശതമാനത്തിൽ താഴെയായി കുറയുമ്പോൾ രാജ്യത്തെ ഉപഭോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ ഉപഗ്രഹ സേവനങ്ങൾ വാഗ്ദാനം ചെയ്യാൻ കഴിയും. ഒറ്റപ്പെട്ട മേഖലകളിൽപോലും വേഗമേറിയതും താങ്ങാനാവുന്നതുമായ ബ്രോഡ്ബാൻഡ് ലഭിക്കും. സാറ്റ്കോമിനുള്ള സ്പെക്ട്രം സേവനദാതാക്കൾ പങ്കുവെക്കുന്നതായതിനാൽ വിപണി നിരക്കിൽ വില നൽകേണ്ടതില്ലെന്ന് സ്റ്റാർലിങ്ക് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ സേവനദാതാക്കൾ കടന്നുവരുന്നതിന് ഉയർന്ന നിരക്ക് തടസ്സമായേക്കാമെന്നും സ്റ്റാർലിങ്ക് ട്രായിയെ അറിയിച്ചതായി ‘ദ ഹിന്ദു’ ബിസിനസ് ലൈൻ റിപ്പോർട്ട് ചെയ്തു.
സാറ്റലൈറ്റ് സേവനങ്ങൾക്കുള്ള സ്പെക്ട്രം ലേലം ചെയ്യേണ്ടതില്ലെന്ന് നേരത്തേ കേന്ദ്രം തീരുമാനിച്ചിരുന്നു. ഇതേത്തുടർന്നാണ് സ്റ്റാർലിങ്കും ആമസോണും അന്തിമപട്ടികയിൽ എത്തിയത്. ഇനി നിരക്കുകൾ തീരുമാനിക്കുകയാണ് അടുത്ത കടമ്പ. റിലയൻസ് ജിയോ ഉൾപ്പെടെ ടെലികോം ഓപറേറ്റർമാർ ലേലത്തിലൂടെ വിലനിർണയം വേണമെന്ന് വാദിച്ചിരുന്നു. ലേലമില്ലാതെ അനുമതി നൽകിയാൽ കോടതിയെ സമീപിക്കുമെന്ന് സെല്ലുലർ ഓപറേഷൻ അസോസിയേഷൻ ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.