കുതുബ് മിനാർ പള്ളിയിലും നമസ്കാരം തടഞ്ഞു; ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടപടിക്കെതിരേ കമ്മിറ്റി കോടതിയിൽ
text_fieldsന്യൂഡൽഹി: കുതുബ് മിനാർ സമുച്ചയത്തിലുള്ള ഖുവ്വത്തുല്‍ ഇസ്ലാം മസ്ജിദിൽ നമസ്കാരം തടഞ്ഞ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടപടിക്കെതിരേ പള്ളി കമ്മിറ്റി ഡല്‍ഹി ഹൈകോടതിയെ സമീപിച്ചു.
ഹരജി അടിയന്തര സ്വഭാവത്തിലുള്ളതാണെന്നും വേഗത്തില്‍ പരിഗണിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. എന്നാൽ, അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് അറിയിച്ച ചീഫ് ജസ്റ്റിസ് വിപിന്‍ സംഗി അധ്യക്ഷനായ ബെഞ്ച് ഹരജി അവധിക്കാല ബെഞ്ച് മുമ്പാകെ മെന്‍ഷന്‍ ചെയ്യുകയോ സാധാരണപോലെ ലിസ്റ്റ് ചെയ്യാന്‍ രജിസ്ട്രിയോട് ആവശ്യപ്പെടുകയോ ചെയ്യാമെന്ന് വ്യക്തമാക്കി.
മേയ് 15 മുതലാണ് പള്ളിയിൽ നമസ്കാരം തടഞ്ഞുകൊണ്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഉത്തരവിറക്കിയത്. പള്ളി 1970 ഏപ്രില്‍ 16ന് വഖഫ് സ്വത്തായി വിജ്ഞാപനം ചെയ്തതാണെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. കുതുബ് മിനാർ സമുച്ചയം ക്ഷേത്രമാണെന്നും ഡൽഹി സുൽത്താനേറ്റിന്‍റെ കാലത്ത് പള്ളിയാക്കി മാറ്റിയതാണെന്നുമാണ് സംഘ്പരിവാർ സംഘടനകളുടെ ആരോപണം. കുതുബ് മിനാർ നിർമിച്ചത് കുതുബുദ്ദീൻ ഐബക്കല്ലെന്നും അഞ്ചാം നൂറ്റാണ്ടിൽ ഉജെജനിലെ രാജാവായിരുന്ന വിക്രമാദിത്യനാണെന്നുമുള്ള അവകാശവാദവുമായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ റീജനൽ ഡയറക്ടർ ധരംവീർ ശർമ അടുത്തിടെ രംഗത്തുവരുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.