അലോക് വർമക്ക് ക്ലീൻ ചിറ്റെന്ന് സൂചന
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാർ നിർബന്ധിത അവധിനൽകി ചുമതലയിൽനിന്ന് മാറ്റിനിർത്തിയ സി.ബി.െഎ ഡയറക്ടർ അലോക് വർമക്കെതിരായ അഴിമതി ആരോപണം കേന്ദ്ര വിജിലൻസ് കമീഷൻ തള്ളിയെന്ന് സൂചന. അലോക് വർമക്കെതിരായ ആരോപണത്തിന് തക്ക തെളിവുകൾ കണ്ടെത്താൻ സി.വി.സിക്ക് കഴിഞ്ഞിട്ടില്ല. സി.ബി.െഎ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയാണ് ഡയറക്ടർക്കെതിരെ സർക്കാറിനും സി.വി.സിക്കും പരാതിനൽകിയത്.
സി.ബി.െഎ അന്വേഷിക്കുന്ന കേസിലുൾപ്പെട്ട ഒരു വ്യവസായിയിൽനിന്ന് മൂന്നുകോടി രൂപ കോഴ വാങ്ങിയെന്ന കുറ്റത്തിന് അറസ്റ്റിെൻറ വക്കിലാണ് അസ്താന. ഇതിനിടയിലാണ് ഇതേ ആരോപണം അലോക് വർമക്കെതിരെ അസ്താന ഉന്നയിച്ചത്. സി.ബി.െഎയിലെ പോര് സുപ്രീംകോടതി മുമ്പാകെയാണ്. തന്നെ ചുമതലയിൽനിന്ന് മാറ്റിയതിനെതിരെ അലോക് വർമയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
അദ്ദേഹത്തിനെതിരായ പരാതിയിൽ എത്രയുംപെെട്ടന്ന് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്ന് സി.വി.സിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതനുസരിച്ചുള്ള അന്വേഷണത്തിലാണ് അഴിമതി ആരോപണം സി.വി.സി തള്ളുന്നത്.
അതേസമയം, ഭരണപരമായ ചില പിഴവുകൾ അലോക് വർമയുടെ ഭാഗത്തുനിന്ന് ഉണ്ടായെന്ന കുറ്റപ്പെടുത്തലും സി.വി.സി റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന. അഴിമതി ആരോപണം അടിസ്ഥാനരഹിതമാണെന്നു വന്നാൽ അസ്താനക്കെതിരെ നടപടി ഉണ്ടായേക്കും. നിർബന്ധിത അവധി നൽകി മാറ്റിനിർത്തിയിരിക്കുന്ന അലോക് വർമക്ക് ചുമതല തിരിച്ചുനൽകാൻ സർക്കാർ നിർബന്ധിതമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.