ആൾവാർ ആൾക്കൂട്ടകൊല: നാല് ഗോരക്ഷ ഗുണ്ടകൾക്ക് ഏഴുവർഷം തടവ്
text_fieldsജയ്പുർ: രാജ്യത്ത് ഏറെ കോളിളക്കമുണ്ടാക്കിയ, രാജസ്ഥാനിലെ ആൾവാർ ആൾക്കൂട്ടകൊല കേസിൽ നാലു ഗോരക്ഷ ഗുണ്ടകൾക്ക് ഏഴുവർഷം തടവ്. ആൾവാറിൽ പശുക്കടത്ത് ആരോപിച്ച് ഹരിയാന സ്വദേശി റക്ബർ ഖാനെ (അക്ബർ ഖാൻ-31) ഗോരക്ഷാ ഗുണ്ടകൾ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ പരംജീത് സിങ്, ധർമേന്ദ്ര യാദവ്, നരേഷ് ശർമ, വിജയ് കുമാർ എന്നിവരെയാണ് ജയ്പുരിലെ അഡീഷനൽ ജില്ല ജഡ്ജി ശിക്ഷിച്ചത്.
അഞ്ചാം പ്രതി നവൽ കിഷോറിനെ തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തനാക്കി. കൊല്ലണമെന്ന ഉദ്ദേശ്യമില്ലാത്ത കുറ്റകരമായ നരഹത്യക്ക് (304-(1)) ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കുള്ള ശിക്ഷ വിധിച്ചതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അശോക് ശർമ പറഞ്ഞു. ആൾക്കൂട്ടകൊല എന്നതും പരിഗണിച്ചു. 2018 ജൂലൈ 20ന് ആൾവാർ ജില്ലയിലെ രാംഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
റക്ബർ ഖാനെയും സുഹൃത്ത് അസ്‍ലമിനെയും ഗോരക്ഷ ഗുണ്ടകൾ പശുക്കടത്ത് ആരോപിച്ച് കൂട്ടം ചേർന്ന് മർദിക്കുകയായിരുന്നു. അസ്‍ലം ഓടിരക്ഷപ്പെട്ടെങ്കിലും പരിക്കേറ്റ റക്ബർ ഖാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ലാദ്പുര ഗ്രാമത്തിൽനിന്ന് രണ്ട് പശുക്കളെ വാങ്ങി ഹരിയാനയിലെ സ്വന്തം ഗ്രാമത്തിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. 2019ലാണ് കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. രാംഗഢിലെ ഗോരക്ഷ സെല്ലിന്‍റെ തലവനും പ്രാദേശിക വി.എച്ച്.പി നേതാവുമാണ് നവൽ കിഷോർ. ആക്രമണത്തിലെ മുഖ്യപ്രതി ഇയാളാണെന്ന ആരോപണം നിലനിൽക്കെയാണ് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ഇയാളെ കുറ്റവിമുക്തനാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.