ശിവസേനക്കാർ തന്നെ കൊല്ലാൻ ശ്രമിച്ചു, പൊലീസ് കേസെടുക്കുന്നില്ല -ബി.ജെ.പി നേതാവ് കിരിത് സോമയ്യ
text_fieldsമുംബൈ: പൊലീസ് ഉദ്യോഗസ്ഥരുടെ സാനിധ്യത്തിൽ ശിവസേന പ്രവർത്തകർ തന്നെ കൊല്ലാൻ ശ്രമിച്ചതായി ബി.ജെ.പി നേതാവ് കിരിത് സോമയ്യ. മുംബൈയിലെ ഖാർ പൊലീസ് സ്റ്റേഷന് പുറത്ത് ശിവസേനയുടെ 100 ഗുണ്ടകൾ ചേർന്ന് തന്നെ കല്ലെറിഞ്ഞ് കൊല്ലാൻ ശ്രമിച്ചതായി സോമയ്യ ആരോപിച്ചു.
മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് പങ്കുവെച്ച വീഡിയോയിൽ സോമയ്യയുടെ മുഖത്ത് രക്തം പുരണ്ടിരിക്കുന്നതും അദ്ദേഹത്തിന്‍റെ കാറിന്‍റെ ചില്ലുകൾ തകർന്നിരിക്കുന്നതും കാണാം.
തന്നെ ആക്രമിച്ച ഗുണ്ടകൾക്കെതിരെയും നോക്കി നിന്ന പൊലീസുകാർക്കുമെതിരെയും കേസെടുക്കുന്നത് വരെ പൊലീസ് സ്റ്റേഷന് പുറത്ത് തന്‍റെ കാറിൽ തുടരുമെന്ന് സോമയ്യ ട്വീറ്റ് ചെയ്തു. ആക്രമികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടും അവർ അതിന് വിസമ്മതിച്ചെന്നും സോമയ്യ ആരോപിച്ചു.
ബി.ജെ.പി നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായി ഡെപ്യൂട്ടി പൊലീസ് കമീഷണർ (ഡി.സി.പി) മഞ്ജുനാഥ് ഷിങ്കെ പറഞ്ഞു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയുടെ വസതിക്ക് പുറത്ത് ഹനുമാൻ ചാലിസ ചൊല്ലുമെന്ന് വെല്ലുവിളിച്ചതിന് അറസ്റ്റിലായ സ്വതന്ത്ര എം.പി നവനീത് റാണയെയും അവരുടെ ഭർത്താവും എം.എൽ.എയുമായ രവി റാണയെയും ഇന്നലെ രാത്രി പൊലീസ് സ്റ്റേഷനിൽ സന്ദർശിച്ചപ്പോയായിരുന്നു സംഭവം. പൊലീസ് സ്റ്റേഷനിലെത്തിയ സോമയ്യയുടെ വാഹനത്തിന് നേരെ ശിവസേന പ്രവർത്തകർ കല്ലെറിഞ്ഞു.
"50ലധികം പൊലീസ് ഉദ്യോഗസ്ഥർ സ്റ്റേഷനകത്ത് ഉണ്ടായിട്ടും ശിവസേനയുടെ 100 ഗുണ്ടകൾ ചേർന്ന് തന്നെ കല്ലെറിഞ്ഞ് കൊല്ലാൻ ശ്രമിച്ചത് തന്നെ ഞെട്ടിച്ച് കളഞ്ഞു. എന്നാൽ ഇവരെ തടയാൻ ശ്രമിക്കുന്നതിന് പകരം ഗുണ്ടകളെ സ്റ്റേഷനകത്ത് ഒത്തുചേരാനാണ് പൊലീസ് അനുവദിച്ചത്"- സോമയ്യ ആരോപിച്ചു.
ഖാർ പൊലീസ്റ്റേഷന് മുന്നിൽ പൊലീസ് ഉദ്യോഗസ്ഥരുടെ സാനിധ്യത്തിൽ സോമയ്യക്ക് നേരെ നടന്ന ഈ ആക്രമണം ഒരിക്കലും അംഗീകരിക്കാനാകില്ല. ഇത് സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയെയാണണ് സൂചിപ്പിക്കുന്നതെന്നും സംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെടുമെന്നും ഫഡനാവിസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.