അമരീന്ദർ സിങ് ബി.ജെ.പിയിലേക്ക്? അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്ച
text_fieldsന്യൂഡൽഹി: കോൺഗ്രസിലെ ആഭ്യന്തര കലഹത്തെ തുടർന്ന് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ക്യാപ്റ്റൻ അമരീന്ദർ സിങ് ബി.ജെ.പിയിൽ ചേരുമെന്ന് റിപ്പോർട്ട്. ഇതിന്‍റെ ഭാഗമായി ചൊവ്വാഴ്ച ഡൽഹിയിലേക്ക് പോകുന്ന ഇദ്ദേഹം വൈകീട്ട് 3.30ന് ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷൻ ജെ.പി. നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
അമരീന്ദർ സിങ്ങിനെ കേന്ദ്ര കൃഷി മന്ത്രിയാക്കാനും നീക്കമുണ്ടെന്ന് സീ ന്യൂസ് റിപ്പോർട്ട് ചെയ്തു. ബി.ജെ.പിയിൽ ചേരാൻ വിസമ്മതിക്കുകയാണെങ്കിൽ പുതിയ രാഷ്ട്രീയ സംഘടന രൂപീകരിക്കാൻ കേന്ദ്ര നേതൃത്വം സഹായിച്ചേക്കും. ഈ പാർട്ടിയെ എൻ.ഡി.എയുടെ ഭാഗമാക്കാനാണ് നീക്കം.
മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് തൊട്ടുപിന്നാലെ ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ്, പാർട്ടി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ് എന്നിവരടക്കം അമരീന്ദർ സിങ്ങിനെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചിരുന്നു. 2017ലെ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന നവജ്യോത് സിങ് സിദ്ദുവുമായിട്ടുള്ള തർക്കമാണ് അമരീന്ദർ സിങ്ങിന്‍റെ രാജിയിലേക്ക് കലാശിച്ചത്.
40 എം.എൽ.എമാർ അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യവുമായി ഹൈക്കമാൻഡിനെ സമീപിച്ചതോടെ അദ്ദേഹത്തിന് വഴി അടയുകയായിരുന്നു. അടുത്തിടെ കർഷക സമരത്തിനെതിരെ അമരീന്ദർ നടത്തിയ വിവാദ പരാമർശങ്ങൾ ഹൈക്കമാൻഡിെൻറ അതൃപ്തി സമ്പാദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.