അമരീന്ദറിന്‍റെ കൊഴിഞ്ഞുപോക്ക് പാർട്ടിയെ ബാധിക്കില്ല -കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത്
text_fieldsന്യൂഡൽഹി: പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്‍റെ കൊഴിഞ്ഞുപോക്ക് പാർട്ടിയെ ബാധിക്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത്. കോൺഗ്രസ് വിട്ട് പുതിയ പാർട്ടി പ്രഖ്യാപിക്കാൻ പോകുന്നുവെന്ന അമരീന്ദറിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് റാവത്തിന്‍റെ പ്രതികരണം.
പാർട്ടി നേതാക്കളും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും റാവത്തും നടത്തിയ കൂടിക്കാഴ്ചയിൽ അമരീന്ദറിന്‍റെ വിഷയം ചർച്ചയായിരുന്നു. പാർട്ടി വിട്ടുപോകാൻ സാധ്യതയുള്ള നേതാക്കളെക്കുറിച്ചുള്ള കണക്കുകൂട്ടലിലാണ് ഇപ്പോൾ കോൺഗ്രസ്. സിങ്ങിന്‍റെ അടുത്ത അനുയായികളായ നേതാക്കളും പാർട്ടി വിടുമെന്നാണ് വിവരം.
സിങ്ങിന്‍റെ പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട നീക്കങ്ങൾ നിരീക്ഷിച്ചുവരികയാണ് കോൺഗ്രസ്. ബി.ജെ.പിയുമായി നീക്കുപോക്കുകൾക്ക് വഴങ്ങിയതോടെ സിങ്ങിൽനിന്ന് നിരവധി കോൺഗ്രസ് നേതാക്കൾ അകന്നതായും പറയുന്നു.
'അദ്ദേഹത്തിന്‍റെ തീരുമാനം കോൺഗ്രസിൽ യാതൊരു മാറ്റങ്ങളുമുണ്ടാക്കില്ല. പുതിയ മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നിയുടെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാകും പാർട്ടിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുക. അദ്ദേഹം അത് നന്നായി കൈകാര്യം ചെയ്യുന്നുണ്ട്' -റാവത്ത് പറഞ്ഞു.
അദ്ദേഹത്തിന്‍റെയുള്ളിലെ മതേതരത്വത്തെ അമരീന്ദർ സ്വയം കൊന്നതായി തോന്നുന്നു. ഒരു വർഷത്തോളമായി ഡൽഹിയിലെ അതിർത്തിയിൽ കർഷകരെ തളച്ചിടുന്ന ബി.ജെ.പിയോട് അദ്ദേഹത്തിന് എങ്ങനെ ക്ഷമിക്കാൻ കഴിയും -റാവത്ത് ചോദിച്ചു.
അതേസമയം അമരീന്ദറിന്‍റെ കൊഴിഞ്ഞപോക്ക് പാർട്ടിയെ ഭയപ്പെടുത്തുന്നില്ലെന്ന് പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജീന്ദർ സിങ് രൺധാവ പറഞ്ഞു. 'ഞങ്ങൾക്ക് യാതൊരു പേടിയുമില്ല, അമരീന്ദർ ബി.ജെ.പിക്കൊപ്പം പോയാൽ, അദ്ദേഹത്തിൽ ചില സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നിരിക്കണം.
അതേസമയം, അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ പഞ്ചാബ് കോൺഗ്രസിലെ കലാപം പാർട്ടിയെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. ചൊവ്വാഴ്ചയാണ് അമരീന്ദർ പുതിയ പാർട്ടി രൂപവത്കരിക്കുന്നുവെന്ന വിവരം പുറത്തുവിട്ടത്. ജനങ്ങളുടെ താൽപര്യം സംരക്ഷിക്കുന്നതിനാണ് പാർട്ടിയെന്നും അമരീന്ദർ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.