അമരീന്ദർ സിങ് പുതിയ പാർട്ടിക്ക് പേരിട്ടു; സോണിയക്ക് അയച്ച രാജിക്കത്തിൽ രാഹുലിനും പ്രിയങ്കക്കും വിമർശനം
text_fieldsന്യൂഡൽഹി: കോൺഗ്രസിൽ നിന്ന് രാജിവെച്ച പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് പുതിയ പാർട്ടി പ്രഖ്യാപിച്ചു. 'പഞ്ചാബ് ലോക് കോൺഗ്രസ്' എന്നാണ് പുതിയ പാർട്ടിയുടെ പേര്.
'കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് സമർപ്പിച്ചു. രാജിവെക്കാനുണ്ടായ കാരണങ്ങൾ കത്തിൽ വിവരിച്ചിട്ടുണ്ട്. പഞ്ചാബ് ലോക് കോൺഗ്രസ് എന്നാണ് പുതിയ പാർട്ടിയുടെ പേര്. തെരഞ്ഞെടുപ്പ് കമീഷന്‍റെ അംഗീകാരത്തിന് വേണ്ടി കാത്തിരിക്കുകയാണ്. പാർട്ടി ചിഹ്നത്തിന് വൈകാതെ അംഗീകാരം ലഭിക്കും'-അമരീന്ദർ ട്വീറ്റ് ചെയ്തു.
സോണിയക്കയച്ച രാജിക്കത്തിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അമരീന്ദർ രുക്ഷമായി വിമർശിക്കുന്നുണ്ട്. രാഹുലും പ്രിയങ്കയും 'അസ്ഥിരനായ വ്യക്തി'യും പാകിസ്താൻ ഭരണകൂടത്തിന്‍റെ സഹായിയുമായ നവജോത് സിങ് സിദ്ദുവിനെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സോണിയ എല്ലാറ്റിനും നേരെ കണ്ണടച്ചിരിക്കുകയാണെന്നും അമരീന്ദർ കുറ്റപ്പെടുത്തി.
സെപ്റ്റംബറിലാണ് പി.സി.സി അധ്യക്ഷനായ സിദ്ദുവുമായി മാസങ്ങൾ നീണ്ട അധികാര വടംവലിക്കൊടുവിൽ അമരീന്ദർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. ക്യാപ്റ്റനെ നീക്കണമെന്ന് ഭൂരിഭാഗം എം.എൽ.എമാരും ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രി സ്ഥാനം നഷ്ടമായതിന് പിന്നാലെ പാർട്ടി നേതൃത്വത്തോട് ഇടഞ്ഞ അമരീന്ദർ ആഭ്യന്തര മന്ത്രി അമിത് ഷാ, അജിത് ഡോവൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ അമരീന്ദർ ബി.ജെ.പിയിലേക്ക് പോകുകയാണെന്നും കേന്ദ്ര കൃഷി മന്ത്രിയാകുമെന്നും അഭ്യുഹങ്ങൾ പരന്നു. എന്നാൽ ഈ അഭ്യൂഹങ്ങൾ നിഷേധിച്ച അമരീന്ദർ പുതിയ പാർട്ടി രൂപീകരിക്കുകയാണെന്നും അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി കൈകോർക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.