ഭീകരാക്രമണം നടന്നത് സുരക്ഷ സന്നാഹം വർധിപ്പിച്ചതിനിടയിൽ
text_fieldsന്യൂഡൽഹി: കഴിഞ്ഞ വർഷത്തെക്കാൾ 9,500 കേന്ദ്ര സേനാംഗങ്ങളെ നിയോഗിച്ചപ്പോൾതന്നെയാണ് അമർനാഥ് തീർഥാടകർ സഞ്ചരിച്ച ബസ് ഭീകരാക്രമണത്തിന് ഇരയായത്. സംസ്ഥാന പൊലീസിനു പുറമെ 21,000 കേന്ദ്ര അർധസേനയെയും സുരക്ഷക്ക് തീർഥയാത്രാവഴികളിൽ വിന്യസിച്ചിട്ടുണ്ട്. എന്നാൽ, തീർഥാടകരുടെ വാഹനവ്യൂഹത്തിെൻറ ഭാഗമല്ലാതെ സഞ്ചരിച്ച ബസിലുള്ളവരാണ് ആക്രമണത്തിന് ഇരയായതെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് വിളിച്ച ഉന്നതതലയോഗം വിലയിരുത്തി.
തീർഥാടകരുമായുള്ള യാത്ര സംബന്ധിച്ച ചട്ടം ബസ്ഡ്രൈവർ ലംഘിച്ചതായും ആഭ്യന്തര മന്ത്രാലയ അധികൃതർ വിശദീകരിച്ചു. വൈകീട്ട് ഏഴിനുശേഷം ദേശീയപാതയിലൂടെ തീർഥാടക വാഹനം പോകുന്നതിന് വിലക്കുണ്ട്. ഇൗ സമയത്തിനുശേഷം സുരക്ഷ പിൻവലിക്കുന്നതാണ് രീതി. ആക്രമണം നടന്നത് രാത്രി 8.20നാണ്. തീർഥാടനം മുൻനിർത്തിയുള്ള സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കാൻ മന്ത്രി നിർദേശിച്ചു.
ആഗസ്റ്റ് ഏഴു വരെയാണ് തീർഥാടനം. 2001നു ശേഷം ഇതാദ്യമാണ് അമർനാഥ് തീർഥാടകർക്കെതിരായ ആക്രമണം നടക്കുന്നത്. അമർനാഥ് തീർഥാടകർക്കു നേരെ ഭീകരാക്രമണം നടന്ന പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രി ജമ്മു-കശ്മീർ സാഹചര്യങ്ങൾ അവലോകനം ചെയ്യാൻ ഡൽഹിയിൽ യോഗം വിളിച്ചത്. ദേശസുരക്ഷ ഉപേദഷ്ടാവ് അജിത് ഡോവൽ, മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, രഹസ്യാന്വേഷണ വിഭാഗത്തിലെയും കേന്ദ്ര അർധസേനയിലെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പെങ്കടുത്തു.
ഭാവിയിലേക്കുള്ള മുൻകരുതൽ നടപടികൾ ചർച്ചചെയ്തു. ആഭ്യന്തര സഹമന്ത്രി ഹൻസ്രാജ് ആഹിർ ജമ്മു-കശ്മീർ സന്ദർശിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.