നോട്ട് നിരോധനം ദിശാബോധമില്ലാത്ത മിസൈല്‍ പരീക്ഷണം പോലെ –അമര്‍ത്യ സെന്‍
text_fieldsമുംബൈ: പ്രധാനമന്ത്രിയുടെ നോട്ട് നിരോധനം ദിശാബോധമില്ലാത്ത മിസൈല്‍ വിക്ഷേപണം പോലെ ജനാധിപത്യവിരുദ്ധ നടപടിയെന്ന് നൊബേല്‍ ജേതാവ് അമര്‍ത്യ സെന്‍. ഇന്ത്യയും ചൈനയും ആരോഗ്യസംരക്ഷണം എങ്ങനെ നടപ്പാക്കുന്നുവെന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോട്ട് നിരോധനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയ തീരുമാനം കൈക്കൊണ്ടപ്പോള്‍ അത് കൃത്യമായ ദിശ നിര്‍ണയിക്കാത്ത മിസൈല്‍ വിക്ഷേപണം പോലെ ജനങ്ങള്‍ക്കുമേല്‍ വന്നുപതിച്ചു. രാഷ്ട്രീയപരമായ തീരുമാനമാണെങ്കിലും അതില്‍ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തണം. ആരോഗ്യരംഗത്ത് ഗുരുതര വെല്ലുവിളികളാണ് രാജ്യം നേരിടുന്നത്. എന്നാല്‍, ഇന്ത്യയെപ്പോലെ തന്നെ ഒരു ജനാധിപത്യ രാജ്യമായ ചൈന ജനക്ഷേമം പരിഗണിച്ച് ആരോഗ്യസുരക്ഷാരംഗത്ത് ഏറെ മുന്നേറിക്കഴിഞ്ഞതായും ഹാര്‍വാഡ് യൂനിവേഴ്സിറ്റിയിലെ പ്രഫസര്‍ കൂടിയായ അമര്‍ത്യ സെന്‍ പറഞ്ഞു.
25 വര്‍ഷത്തിനിടെ രാജ്യം സാമ്പത്തികമായി വലിയ പുരോഗതി നേടിയെങ്കിലും ആരോഗ്യസുരക്ഷാ രംഗത്ത് ഏറെ പിന്നിലാണ്. വിഷയത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പാമ്പും കോണിയും കളിക്കുകയാണ്. പാവപ്പെട്ട രോഗികളെ ചൂഷണം ചെയ്യുന്ന ഡോക്ടര്‍മാരുടെ നടപടി അവസാനിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.