ആമസോണിലെ 'ചാണകകേക്ക്' കഴിച്ചയാൾക്ക് വയറിളക്കം പിടിച്ചെന്ന് റിവ്യൂ; പിന്നാലെ ട്രോൾമഴ
text_fieldsന്യൂഡൽഹി: പശുവിന്‍റെ ചാണകത്തിൽനിന്നും ഗോമൂത്രത്തിൽനിന്നും നിർമിച്ച നിരവധി ഉൽപ്പന്നങ്ങൾ അടുത്തിടെ വിപണിയിലെത്തിയിരുന്നു. ഗോമൂത്രവും ചാണകപെയിന്റും ചാണക വറളിയും ഗോമൂത്രം ഉപയോഗിച്ചുള്ള ഉൽപ്പന്നങ്ങളുമാണ് ഇതിൽ പ്രധാനം. ഇത്തരം ഉൽപ്പന്നങ്ങൾ ഓൺലൈൻ വ്യാപാര സൈറ്റുകളിലും വാങ്ങാൻ ലഭിക്കും. അതിലൊന്നാണ് ചാണകേകക്ക്.
ഇതിൽ ചാണകകേക്കിന് വന്ന ഒരു റിവ്യൂവാണ് ഇപ്പോൾ വൈറൽ. അസഹനീയ രുചിയാണെന്നും കടിച്ചുപൊട്ടിക്കാൻ പ്രയാസമാണെന്നുമായിരുന്നു അഭിപ്രായം. എന്നാൽ ചാണക കേക്കിൽ കേക്ക് എന്ന പേരുണ്ടെങ്കിലും കഴിക്കാനുള്ള കേക്കല്ല എന്ന് പറഞ്ഞുകൊടുക്കുകയാണ് സമൂഹമാധ്യമങ്ങൾ. ഉൽപ്പന്നം മതപരമായ ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതാണെന്ന് പരസ്യത്തിൽ തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
'ഞാൻ കഴിച്ചുനോക്കിയപ്പോൾ അതിന്‍റെ രുചി അസഹനീയമായിരുന്നു. കാണുേമ്പാൾ പുല്ലുപോലെ ആയിരുന്നുവെങ്കിലും കഴിച്ചപ്പോൾ മണ്ണിന്‍റെ രുചിയായിരുന്നു. ശേഷം എനിക്ക് വയറിളക്കവും ബാധിച്ചു. അതിനാൽ ദയവായി ഇനി വൃത്തിയായി നിർമിക്കണം. കൂടാതെ ഉൽപ്പന്നത്തിന്‍റെ രുചിയിലും കടുപ്പത്തിലും ശ്രദ്ധ നൽകുകയും വേണം' -പേര് വെളിപ്പെടുത്താത്ത ഉപഭോക്താവ് ആമസോൺ റിവ്യൂവിൽ കുറിച്ചു. കൂടാതെ റേറ്റിങ്ങായി ഒരു സ്റ്റാർ നൽകുകയും ചെയ്തു.
ഡോ. സജ്ഞയ് അറോറയാണ് തന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെ വ്യത്യസ്തമായ റിവ്യൂവിന്‍റെ സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചത്. 'ഇതാണ് എന്‍റെ ഇന്ത്യ, ഇന്ത്യയെ ഞാൻ സ്നേഹിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് സ്ക്രീൻ ഷോട്ടുകൾ പങ്കുവെച്ചത്.
ദൈനംദിന പൂജകൾക്കും ഹോമങ്ങൾക്കും മറ്റു മതപരമായ ചടങ്ങുകൾക്കും ഉപയോഗിക്കാവുന്ന 100 ശതമാനം പരിശുദ്ധമായ ചാണക കേക്കാണെന്നാണ് പരസ്യത്തിൽ പറയുന്നത്. ഇന്ത്യൻ പശുക്കളുടെ ചാണകം ഉപയോഗിച്ചാണ് ഇവയുടെ നിർമാണം. യന്ത്രസഹായമില്ലാതെയാണ് നിർമിച്ചിരിക്കുന്നതും. പൂർണമായും ഉണങ്ങിയതും ഈർപ്പമില്ലാത്തതും കത്തുന്നതുമാണ്. അന്തരീക്ഷം ശുദ്ധീകരിക്കാനും പ്രാണികളെയും കീടങ്ങളെയും അകറ്റാനും ഉപയോഗിക്കാം. അഞ്ച് ഇഞ്ച് വ്യാസത്തിൽ വൃത്തത്തിലാണ് ആകൃതി. അതിനാൽ കൈകാര്യം ചെയ്യാനും ദീർഘകാലം സൂക്ഷിച്ചുവെക്കാനും എളുപ്പമാണെന്നും ആമസോണിൽ പറയുന്നു.
സ്ക്രീൻ ഷോട്ടുകൾ സത്യമാകാൻ വഴിയില്ലെന്ന് അഭിപ്രായപ്പെട്ട് നിരവധിപേർ രംഗത്തെത്തി. തമാശക്ക് കുറിച്ചതാകും എന്നും ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ സംഭവം സത്യമാകാനും സാധ്യതയുണ്ടെന്ന അഭിപ്രായം പങ്കുവെക്കുന്നവരും കുറവല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.