രാമക്ഷേത്രത്തിലെ പ്രസാദമെന്ന പേരിൽ മധുരപലഹാരം വിറ്റു; ആമസോണിന് നോട്ടീസയച്ച് കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: രാമക്ഷേത്രത്തിലെ പ്രസാദമെന്ന പേരിൽ മധുരപലഹാരം വിറ്റ സംഭവത്തിൽ ഇ-കോമേഴസ് ഭീമനായ ആമസോണിന് നോട്ടീസയച്ച് കേന്ദ്രസർക്കാർ. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് നോട്ടീസയച്ചത്. ആളുകളെ തെറ്റിദ്ധരിപ്പിച്ച് ഉൽപന്നം വിൽക്കാൻ ശ്രമിച്ചതിനാണ് നടപടി.
കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്. ആമസോൺ ആളുകളെ തെറ്റിദ്ധരിപ്പിച്ചാണ് ഉൽപന്നങ്ങൾ വിൽക്കുന്നതെന്നും ഇക്കാര്യത്തിൽ നടപടി വേണമെന്നുമാണ് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് പരാതിയിൽ പറയുന്നത്.
നിരവധി ഉൽപന്നങ്ങൾ ഇത്തരത്തിൽ രാമക്ഷേത്രത്തിലെ പ്രസാദമെന്ന പേരിൽ ആമസോണിൽ വിൽക്കുന്നത് കണ്ടെത്തിയിട്ടുണ്ടെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പറഞ്ഞു. ശ്രീ റാം മന്ദിർ അയോധ്യ പ്രസാദമെന്ന പേരിൽ ലഡുവാണ് വിതരണം ചെയ്യുന്നത്. റാം മന്ദിർ അയോധ്യ പ്രസാദമെന്ന പേരിൽ പേഡയും വിതരണം ചെയ്യുന്നുണ്ടെന്നും അതോറിറ്റി അറിയിച്ചു.
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് ഉൽപന്നങ്ങൾ വിൽക്കുന്നത് നിയമപ്രകാരം കുറ്റകരമാണ്. ഇത്തരത്തിൽ തെറ്റായ രീതിയിലുള്ള വിൽപന അംഗീകരിക്കാനാവില്ലെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, ഇതുസംബന്ധിച്ച് നോട്ടീസ് ലഭിച്ചുവെന്നും ഉൽപന്നങ്ങൾ വിൽക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും ആമസോൺ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.