അംബേദ്കറെ വീണ്ടും അപമാനിച്ച് ബി.ജെ.പി; ചിത്രം എഡിറ്റ് ചെയ്ത് ജോർജ് സോറസിനെ പകരം വെച്ചു
text_fieldsന്യൂഡൽഹി: ഭരണഘടന ശിൽപി ബി.ആർ. അംബേദ്കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്കെതിരെയുള്ള പ്രതിഷേധം കനക്കുന്നതിനിടെ, വീണ്ടും അപമാനിക്കുന്ന നടപടിയുമായി ബി.ജെ.പി. ഇന്ന് ഫോട്ടോ എഡിറ്റ് ചെയ്താണ് വിവാദം സൃഷ്ടിച്ചത്. പാർലമെൻ്റിൽ പ്രതിഷേധിക്കുന്ന പ്രതിപക്ഷ നേതാക്കൾ പിടിച്ച പ്ലക്കാർഡിലെ ബി.ആർ. അംബേദ്കറുടെ ചിത്രം എഡിറ്റുചെയ്ത് മാറ്റി പകരം ശതകോടീശ്വരൻ ജോർജ് സോറസിന്റെ ഫോട്ടോ ചേർത്തായിരുന്നു ബി.ജെ.പിയുടെ പരിഹാസം.
"ഹലോ, കോൺഗ്രസ്- ഇൻഡ്യസഖ്യം. ഞങ്ങൾ നിങ്ങൾക്ക് യോജിച്ച ചിത്രം തരുന്നു... നിങ്ങൾക്ക് സ്വാഗതം’ എന്ന അടിക്കുറപ്പോടെയാണ് എഡിറ്റ് ചെയ്ത ചിത്രം പ്രചരിപ്പിച്ചത്. ബാബാസാഹെബ് അംബേദ്കറുടെ ഫോട്ടോ വികലമാക്കിയതിലൂടെ ഭരണഘടനാ ശില്പിയോട് തങ്ങൾക്ക് ബഹുമാനമില്ലെന്ന് തെളിയിക്കുകയാണ് ബി.ജെ.പി ചെയ്തതെന്ന് കോൺഗ്രസ് ആരോപിച്ചു.
‘അദ്ദേഹം (ആഭ്യന്തര മന്ത്രി അമിത് ഷാ) ബാബാസാഹെബിനെ അപമാനിച്ചു. അതിന് ശേഷം ഇന്ന് രാവിലെ അവർ ട്വിറ്ററിൽ ബാബാസാഹെബിന്റെ ഫോട്ടോ വികലമാക്കി. ബാബാസാഹെബിന്റെ പ്രതിമ തകർക്കുന്ന അതേ മാനസികാവസ്ഥയാണിത്. ആരെങ്കിലും അവരെ വിശ്വസിക്കുമോ?" -വയനാട് എംപി പ്രിയങ്ക ഗാന്ധി ചോദിച്ചു. ബിആർ അംബേദ്കറെ അപമാനിച്ചതിൽ പ്രതിഷേധിക്കുന്നത് ബിജെപിക്ക് തമാശയാണോയെന്ന് ആലപ്പുഴ എം.പി കെ.സി വേണുഗോപാൽ ചോദിച്ചു. ‘ഡോ. അംബേദ്കറെ ബി.ജെ.പി അവഹേളിക്കുകയും പരിഹസിക്കുകയുമാണ്. അമിത് ഷായുടെ പ്രസ്താവനകളിലൂടെ ബാബാസാഹിബിന്റെ കോടിക്കണക്കിന് അനുയായികൾക്ക് ഉണ്ടായ കനത്ത വേദനയുടെ പേരിൽ ആഭ്യന്തരമന്ത്രിയെ തൽസ്ഥാനത്ത് നിന്ന് പുറത്താക്കുന്നതിന് പകരം, അവർ പരിഹാസം ഇരട്ടിയാക്കുകയാണ്. ഡോ. അംബേദ്കറെ അപമാനിച്ചതിനെതിരെ സമരം ചെയ്യുന്നത് ബി.ജെ.പിക്ക് തമാശയാണോ?’ -അദ്ദേഹം ചോദിച്ചു.
അംബേദ്കറെ ആഭ്യന്തരമന്ത്രി അമിത് ഷാ അപമാനിച്ചതിനെതിരെ ഇന്ന് പാർലമെന്റിനകത്തും പുറത്തും പ്രതിഷേധം തിളച്ചുമറിഞ്ഞിരുന്നു. പ്രതിപക്ഷത്തിനെതിരെ ഭരണകക്ഷി എം.പിമാരും രംഗത്തിറങ്ങിയതോടെ പാർലമെന്റ് വളപ്പ് അസാധാരണ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ഇരുവിഭാഗവും നേർക്കുനേർ നിന്ന് മുദ്രാവാക്യം മുഴക്കി. ഇതോടെ സംഘർഷാന്തരീക്ഷം ഉടലെടുത്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയേയും പ്രിയങ്കാ ഗാന്ധിയെയും ബി.ജെ.പി എം.പിമാർ പിടിച്ചുതള്ളിയതായി കോൺഗ്രസ് ആരോപിച്ചു. എന്നാൽ, രാഹുൽ ഗാന്ധി തങ്ങളെ തള്ളിയതായി ബി.ജെ.പി ആരോപിച്ചു.
നീല വസ്ത്രങ്ങൾ ധരിച്ചാണ് ഇൻഡ്യസഖ്യം പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും നേതൃത്വത്തിൽ പ്രതിഷേധിച്ചത്. തുടർന്ന് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എം.പിമാർ ബി.ജെ.പി പ്രതിഷേധത്തിനിടയിലേക്ക് കയറിയതോടെയാണ് ഉന്തും തള്ളും ഉണ്ടായത്. ബഹളത്തെ തുടർന്ന് ലോക്സഭ രണ്ട് മണി വരെ പിരിഞ്ഞു. രാജ്യസഭയിലും ബഹളമുണ്ടായി. പാർലമെന്റിന് സമീപം വിജയ് ചൗക്കിൽ വലിയ സുരക്ഷാ സന്നാഹമൊരുക്കി. കൂടുതൽ സേനാംഗങ്ങളെയും സ്ഥലത്ത് വിന്യസിച്ചു. പാർലമെന്റ് മന്ദിരത്തിന് മുകളിൽ കയറിയാണ് പ്രതിപക്ഷം പ്രതിഷേധപ്രകടനം നടത്തിയത്. അംബേദ്കറെ അപമാനിച്ച അമിത് ഷാ മാപ്പു പറയണമെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഇത്. ഇന്നലെ വിവാദം കത്തിപ്പടർന്നതോടെ പ്രതിരോധത്തിലായ അമിത് ഷാ വാർത്താസമ്മേളനം വിളിച്ച് കോൺഗ്രസ് തന്റെ പ്രസംഗം വളച്ചൊടിച്ചതാണെന്ന് ആരോപിച്ചിരുന്നു. ‘എക്സി’ൽ അമിത് ഷാക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തി. എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധത്തിന് കോൺഗ്രസ് ആഹ്വാനം ചെയ്തു. അമിത് ഷായുടെ രാജിക്കായുള്ള ഹാഷ്ടാഗ് സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.