അംബേദ്കറെ മുസ്ലിം വിരുദ്ധനായി ചിത്രീകരിക്കാൻ ആർ.എസ്.എസ് ശ്രമം –ഡോ. ഹരീഷ് വാങ് ഡേ
text_fieldsകോഴിക്കോട്: അംബേദ്കറെ മുസ്ലിം വിരുദ്ധനായി ചിത്രീകരിക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നതെന്ന് ജെ.എൻ.യു അധ്യാപകൻ ഡോ. ഹരീഷ് വാങ് ഡേ. വിഭജനകാലത്തെ അംബേദ്കറുടെ ചില ഉദ്ധരണികൾ ഉയർത്തിക്കാട്ടിയാണ് ആർ.എസ്.എസ് ഇത് പ്രചരിപ്പിക്കുന്നതെന്നും വാങ് ഡേ പറഞ്ഞു. പ്രദീപൻ പാമ്പിരിക്കുന്ന് അനുസ്മരണ വേദി സംഘടിപ്പിച്ച ‘പ്രദീപ്ത സ്മരണ 2018’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദലിത് പാരമ്പര്യവും ചിഹ്നങ്ങളും വളരെ സംഘടിതമായി തങ്ങളുടെ ഭാഗമാക്കാൻ ആർ.എസ്.എസ് ശ്രമിക്കുകയാണ്. രോഹിത് െവമുലയുടെ മരണശേഷം രാജ്യത്ത് ദലിത് പ്രക്ഷോഭം ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ എ. രത്നാകരൻ അധ്യക്ഷത വഹിച്ചു. ഡോ. പി. പ്രസീത, വി.കെ. സുധീർകുമാർ എന്നിവർ സംസാരിച്ചു.
മഹാത്മ ഗാന്ധി ഇന്ത്യ കണ്ടതിൽവെച്ച് വലിയ ഉദാരവാനായ മനുഷ്യനാണെങ്കിലും ജനാധിപത്യവാദിയായിരുന്നില്ലെന്ന് പ്രഭാഷകൻ സണ്ണി എം. കപിക്കാട് അഭിപ്രായപ്പെട്ടു. സനാതന ഹിന്ദുത്വത്തോടായിരുന്നു ഗാന്ധിയുടെ കടപ്പാടുകൾ. ജനാധിപത്യം എന്നാൽ, വ്യത്യസ്ത അഭിപ്രായങ്ങളുടെ സംഗമവേദി മാത്രമല്ല, വ്യത്യസ്ത ജനവിഭാഗങ്ങളുടെ പ്രതിനിധികൾകൂടി ചേർന്നാലേ ജനാധിപത്യമാവുകയുള്ളൂ.
ബ്രാഹ്മണ്യ മുന്നേറ്റത്തെ തടയാൻ ഭരണഘടനമൂല്യങ്ങൾക്കും നവോത്ഥാന മൂല്യങ്ങൾക്കും മാത്രമേ സാധിക്കുകയുള്ളൂവെന്നും ‘പ്രദീപ്ത സ്മരണ 2018’ൽ ‘ബ്രാഹ്മണ്യവും ഭരണഘടനയും തമ്മിലുള്ള സംഘർഷങ്ങൾ’ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ച് അദ്ദേഹം പറഞ്ഞു. വിവിധ സെഷനുകളിലായി മൃദുലാദേവി, ഡോ. ടി.വി. മധു, ഡോ. കെ.എസ്. മാധവൻ എന്നിവരും പ്രബന്ധം അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.