കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതിൽ അവ്യക്തത; നാട്ടിലേക്കു മടങ്ങാനിരുന്നവർ ആശയക്കുഴപ്പത്തിൽ
text_fieldsബംഗളൂരു: മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നിലവിൽ കോവിഡ് രോഗവ്യാപനം രൂക്ഷമായ കേരളത്തിലേക്കു വരുന്നവർ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് കൊണ്ടുവരണമെന്ന ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ പരാമർശത്തിൽ അവ്യക്തത തുടരുന്നു.
ബംഗളൂരുവിൽ നിന്ന് ഉൾപ്പെടെ നാട്ടിലേക്കു മടങ്ങാനിരുന്നവർ ഇതോടെ ആശയക്കുഴപ്പത്തിലായി. എന്നാൽ, ഇതുസംബന്ധിച്ച ഒരു തീരുമാനവും ആരോഗ്യവകുപ്പ് എടുത്തിട്ടില്ലെന്നാണ് കേരളത്തിലെ കോവിഡ് നോഡൽ ഒാഫിസിൽനിന്നും നോർക്കയിൽനിന്നുമുള്ള വിശദീകരണം.
കർണാടകയിൽ ഉൾപ്പെെട പ്രതിദിന കോവിഡ് കേസുകൾ കുറയുമ്പോഴാണ് കേരളത്തിലേക്കു വരുന്നവർക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ സർക്കാർ ഒരുങ്ങുന്നത്. കേരളത്തിലെ തീവ്രവ്യാപന ജില്ലയിൽനിന്ന് മറ്റൊരു ജില്ലയിലേക്കു യാത്ര ചെയ്യുമ്പോഴുള്ള രോഗവ്യാപനഭീതി തന്നെയാണ് ഇതര സംസ്ഥാനങ്ങളിൽനിന്നു വരുന്നവരിലൂടെയും ഉണ്ടാകുക.
അതിനാൽ, ഇത്തരമൊരു തീരുമാനം ഇതര സംസ്ഥാനങ്ങളിൽനിന്നു നാട്ടിലേക്ക് പല ആവശ്യങ്ങൾക്കായി വരുന്നവരെ ബുദ്ധിമുട്ടിലാക്കും. മന്ത്രിയുടെ പ്രസ്താവന പലതരത്തിലായി പ്രചരിച്ചെങ്കിലും ഇക്കാര്യത്തിൽ ഒൗദ്യോഗികമായ വിശദീകരണം ഇതുവരെ വന്നിട്ടില്ല.
''കേരളത്തിലേക്കു വരുന്നവർ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് കൊണ്ടുവരണമെന്നതാണ് ശരിയായ കാര്യം. അവിടെനിന്ന് പരിശോധിച്ച് വരണം. ഇതിെൻറ ഭാഗമായി അതിർത്തികളിൽ പരിശോധനസൗകര്യങ്ങൾ വർധിപ്പിക്കും'' എന്നായിരുന്നു മന്ത്രി കെ.കെ. ശൈലജയുടെ പരാമർശം.
കാസർകോട് അതിർത്തിയിൽ ഏർപ്പെടുത്തിയ പരിശോധന സംവിധാനം മറ്റ് അതിർത്തികളിലേക്കു വ്യാപിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ പ്രതികരണം. കേരളത്തിലേക്കു വരുന്നവരെയെല്ലാം അതിർത്തികളിൽ േകാവിഡ് പരിശോധനക്കു വിധേയമാക്കുമോ അതോ മറ്റു സംസ്ഥാനങ്ങളിൽനിന്നു സ്വന്തം ചെലവിൽ പരിശോധന നടത്തി സർട്ടിഫിക്കറ്റുമായി വരണോ എന്ന കാര്യത്തിലാണ് അവ്യക്തത.
കർണാടകയിൽ ഡോക്ടർമാരുടെ ശിപാർശയില്ലാതെ സ്വകാര്യ ലാബുകളിൽ ഉൾപ്പെടെ കോവിഡ് പരിശോധന നടത്താനാകില്ല. സെപ്റ്റംബറിൽ പ്രതിദിനം പതിനായിരത്തോളം കേസുകളുണ്ടായിരുന്ന കർണാടകയിൽ ഒക്ടോബർ പകുതിയോടെ രോഗവ്യാപനം കുറഞ്ഞു. കർണാടകയിൽ ഞായറാഴ്ച 1,00,511 സാമ്പ്ൾ പരിശോധിച്ചപ്പോൾ 4439 പോസിറ്റിവ് കേസുകളാണ് സ്ഥിരീകരിച്ചത്. കർണാടകയുടെ പോസിറ്റിവിറ്റി നിരക്ക് 10.82 ആയി കുറഞ്ഞു. ബംഗളൂരുവിലും രോഗവ്യാപനം കുറഞ്ഞു.
35,141 സാമ്പ്ൾ പരിശോധിച്ചപ്പോൾ മാത്രം കേരളത്തിൽ തിങ്കളാഴ്ച 4287 പോസിറ്റിവ് കേസുകളുണ്ടായി. പോസിറ്റിവിറ്റി നിരക്കിലും കേരളം മുന്നിലാണ്. കേരളത്തിനുള്ളിലെ യാത്രക്ക് ഒരു നിയന്ത്രണവുമില്ലെന്നിരിക്കെ ഇതര സംസ്ഥാനത്തുനിന്നു വരുന്നവരോടു മാത്രമുള്ള വിവേചനമാണിതെന്ന ആരോപണവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.