ചരിത്രം കുറിച്ച് അഭിലാഷ് ടോമി; ഗോൾഡൻ ഗ്ലോബ് റേസില്‍ രണ്ടാമനായി ഫിനിഷ് ചെയ്തു
text_fieldsലെ സാബ്ലെ ദൊലാന്‍ (ഫ്രാൻസ്): പായ് വഞ്ചിയിൽ ഒറ്റക്ക് ലോകം ചുറ്റുന്ന മത്സരമായ ഗോൾഡൻ ഗ്ലോബ് റേസില്‍ ചരിത്രം കുറിച്ച് മലയാളി നാവികൻ അഭിലാഷ് ടോമി. 2022 സെപ്റ്റംബർ നാലിന് ഫ്രാൻസിലെ ലെ സാബ്ലെ ദൊലാനിൽ നിന്ന് 'ബയാനത്ത്' എന്ന പായ് വഞ്ചിയിൽ യാത്ര തിരിച്ച അഭിലാഷ് രണ്ടാമനായി തീരം തൊട്ടു. ഗോൾഡൻ ഗ്ലോബ് റേസില്‍ ഒറ്റക്ക് ലോകം ചുറ്റിയ ആദ്യ ഏഷ്യക്കാരനും ആദ്യ ഇന്ത്യക്കാരനും എന്ന പുതുചരിത്രമാണ് 43കാരനായ അഭിലാഷ് ടോമി കുറിച്ചത്.
എട്ട് മാസങ്ങൾക്ക് ശേഷം പ്രാദേശിക സമയം രാവിലെ 10.30നാണ് ഫ്രാൻസിലെ ലെ സാബ്ലെ ദൊലാൻ തുറമുഖത്ത് അഭിലാഷ് മടങ്ങിയെത്തിയത്. 1968ലെ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന പായ് വഞ്ചിയിൽ 236 ദിവസവും 14 മണിക്കൂറും 46 മിനിറ്റും കൊണ്ട് 48,000 കിലോമീറ്റർ സഞ്ചരിച്ചാണ് ഒറ്റയാൾ യാത്ര പൂർത്തിയാക്കിയത്.
2018ൽ ഗോൾഡൻ ഗ്ലോബ് റേസിലെ ആദ്യയാത്ര അപകടം മൂലം പൂർത്തിയാക്കാൻ അഭിലാഷ് ടോമിക്ക് സാധിച്ചിരുന്നില്ല. ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ കടൽക്ഷോഭത്തിൽ വഞ്ചിയുടെ പായ്മരത്തിൽ നിന്ന് വീണ അഭിലാഷിന്‍റെ സ്പൈനൽകോഡിന് ഗുരുതര പരിക്കേറ്റിരുന്നു.
ലോകത്തിലെ ഏറ്റവും സാഹസികത നിറഞ്ഞ കായിക വിനോദങ്ങളിലൊന്നാണ് ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചിയോട്ട മത്സരം. 2022 സെപ്റ്റബർ നാലിന് 16 പേരുമായി ഫ്രാൻസിൽ നിന്നാരംഭിച്ച ഗോൾഡൻ ഗ്ലോബ് റേസിൽ അഭിലാഷ് ഉൾപ്പെടെ മൂന്ന് പേരാണ് അവശേഷിച്ചത്. കരയിൽ നിന്ന് 111 നോട്ടിക്കൽ മൈൽ അകലെയുള്ള ഓസ്ട്രിയൻ താരം മൈക്കൽ ഗുഗ്ഗൻബെർഗർ ആണ് മൂന്നാം സ്ഥാനത്ത്.
ഗോൾഡൻ ഗ്ലോബ് റേസില്‍ ഒന്നാം സ്ഥാനത്തെത്തിയ ദക്ഷിണാഫ്രിക്കന്‍ വനിത താരം കിര്‍സ്റ്റൻ ന്യൂഷാഫർ ആണ് കിരീടം നേടിയത്. 235 ദിവസവും 5 മണിക്കൂറും 44 മിനിട്ടും കൊണ്ട് പായ് വഞ്ചിയിൽ 30,290 നോട്ടിക്കൽ മൈൽ ദൂരം താണ്ടിയാണ് 39കാരിയായ കിര്‍സ്റ്റൻ ലോക ചുറ്റി മത്സരം പൂർത്തിയാക്കിയത്. പായ് വഞ്ചിയോട്ട മത്സരത്തിൽ വിജയിക്കുന്ന ആദ്യ വനിതയും ആദ്യ ദക്ഷിണാഫ്രിക്കന്‍ നാവികയുമാണ് കിര്‍സ്റ്റൻ.
2012ൽ നാവികസേന ഉദ്യോഗസ്ഥനായിരിക്കെ 'സാഗർ പരിക്രമ'യുടെ ഭാഗമായാണ് അഭിലാഷ് ടോമി മുംബൈ തീരത്തു നിന്ന് 'മാദേയി' എന്ന പായ് വഞ്ചിയിൽ ആദ്യമായി ലോക യാത്ര നടത്തിയത്. നാല് ലക്ഷത്തോളം കിലോമീറ്ററുകൾ ഒറ്റക്ക് യാത്ര ചെയ്ത അദ്ദേഹം 2013 ഏപ്രിലിൽ മുംബൈയിൽ തിരിച്ചെത്തി. പായ് വഞ്ചിയിൽ ഒറ്റക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനും രണ്ടാമത്തെ ഏഷ്യാക്കാരനുമാണ് അഭിലാഷ് ടോമി. നാവികസേന കമാൻഡർ പദവിയിൽ നിന്ന് വിരമിച്ച അഭിലാഷിനെ കീർത്തി ചക്ര, ടെൻസിങ് നോർഗെ പുരസ്‌കാരം എന്നിവ നൽകി ആദരിച്ചിരുന്നു.
കോട്ടയം ചങ്ങനാശേരി ചെത്തിപ്പുഴ സ്വദേശിയും മുൻ നാവികസേന ഉദ്യോഗസ്ഥനുമായ വി.സി ടോമിയുടെയും വൽസമ്മ ടോമിയുടെയും മകനാണ്. ബംഗാൾ സ്വദേശി ഊർമിമല നാഗ് ആണ് ഭാര്യ. വേദാന്ത്, അബ്രനീൽ എന്നിവർ മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.