ആംബുലൻസിൽ 'രോഗിയുടെ' തലയണക്കടിയിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്ത്, പഞ്ചാബിൽ മൂന്നുപേർ അറസ്റ്റിൽ
text_fieldsമൊഹാലി (പഞ്ചാബ്): പഞ്ചാബിൽ ആംബുലൻസിൽ മയക്കുമരുന്ന് കടത്തിയതിനെ തുടർന്ന് മൂന്ന് പേർ അറസ്റ്റിൽ. എട്ട് കിലോഗ്രാം കറുപ്പ് ആണ് കടത്തിയത്. ചണ്ഡീഗഡിലെ ദാപ്പർ ടോൾ പ്ലാസയിലാണ് വണ്ടി പരിശോധിച്ചത്.
രോഗിയെന്ന വ്യാജേന കിടന്നയാളിന്‍റെ തലയണക്ക് കീഴിൽ ഒളിപ്പിച്ചാണ് ഓപിയം കടത്താൻ നോക്കിയത്. ഓക്സിജൻ സിലിൻഡറോ മറ്റ് സജ്ജീകരണങ്ങളോ കാണാതിരുന്നതാണ് സംശയം ഉണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഉത്തർപ്രദേശ് സ്വദേശിയായ രവി ശ്രീവാസ്തവ, മൊഹാലി സ്വദേശി ഹരീന്ദർ ശർമ, ചണ്ഡീഗഢ് സ്വദേശി അങ്കുഷ് എന്നിവരാണ് അറസ്റ്റിലായത്.
ചോദ്യം ചെയ്യലിൽ ഇതിന് മുമ്പ് 12 തവണ ഇതേ രീതിയിൽ ഇവർ ഓപിയം കടത്തിയിരുന്നതായി വെളിപ്പെടുത്തി. 100 കിലോയോളം മയക്കുമരുന്നാണ് ഇത്തരത്തിൽ കടത്തിയത്. എന്നാൽ പ്രതികൾക്കൊന്നും ക്രിമിനൽ പശ്ചാത്തലമില്ലെന്ന് മൊഹാലി സീനിയർ എസ്.പി വിവേക് എസ് സോനി പറഞ്ഞു. ഇവർക്കെതിരെ നർകോട്ടിക്സ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ആംബുലൻസ് ഏതെങ്കിലും ആശുപത്രിയിലുള്ളതാണോ എന്നതിൽ അന്വേഷണം നടത്തുമെന്നും സോനി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.