ഗാന്ധി കുടുംബാംഗം സ്ഥാനാർഥിയാവണമെന്ന് ആവശ്യം; അമേത്തിയിൽ കോൺഗ്രസ് പ്രവർത്തകരുടെ ധർണ
text_fieldsഅമേത്തി: അമേത്തി ലോക്സഭ മണ്ഡലത്തിൽ ഗാന്ധി കുടുംബാംഗത്തെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് അമേത്തിയിലെ നേതാക്കളും പ്രവർത്തകരും കോൺഗ്രസ് ഓഫിസിന് മുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു.
കോൺഗ്രസ് ജില്ല പ്രസിഡന്റ് പ്രദീപ് സിംഗാൾ, മുൻ ജില്ല പ്രസിഡന്റ് യോഗേന്ദ്ര മിശ്ര എന്നിവരുടെ നേതൃത്വത്തിലായിരുന്നു കുത്തിയിരിപ്പ്. കോൺഗ്രസ് ഉടൻ തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. മണ്ഡലത്തിലെ ജനങ്ങൾക്കും പ്രവർത്തകർക്കും ഗാന്ധി കുടുംബാംഗത്തെ സ്ഥാനാർഥിയായി വേണമെന്നും രാഹുൽ ഗാന്ധി മത്സരിച്ച്, അമേത്തിക്ക് നഷ്ടപ്പെട്ട അഭിമാനം തിരിച്ചുപിടിക്കണമെന്നും കോൺഗ്രസ് ജില്ല വക്താവ് അനിൽ സിങ് പറഞ്ഞു.
ഗാന്ധി കുടുംബത്തിന്റെ കോട്ടയായിരുന്ന അമേത്തി മണ്ഡലത്തിൽ 2014ൽ രാഹുൽ ഗാന്ധിയാണ് ജയിച്ചത്. 2019ൽ രാഹുൽ വീണ്ടും മത്സരിച്ചെങ്കിലും ബി.ജെ.പി സ്ഥാനാർഥി സ്മൃതി ഇറാനിയോട് തോറ്റു. ഇത്തവണയും മത്സരിക്കുന്ന സ്മൃതി ഇറാനി കഴിഞ്ഞ ദിവസം നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു.
ബി.ജെ.പി അധികാരത്തിൽ വന്നാൽ ഭരണഘടന വലിച്ചുകീറുമെന്ന് രാഹുൽ
ഭിൻഡ് (മധ്യപ്രദേശ്): കേന്ദ്രത്തിൽ വീണ്ടും ബി.ജെ.പി അധികാരത്തിൽ വന്നാൽ അവർ ഭരണഘടന വലിച്ചുകീറി എറിയുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാവങ്ങൾക്കും ദലിതുകൾക്കും ആദിവാസികൾക്കും മറ്റു പിന്നാക്ക വിഭാഗങ്ങൾക്കും അവകാശങ്ങൾ ഉറപ്പാക്കുന്നത് ഭരണഘടനയാണെന്നും അദ്ദേഹം ഭിൻഡിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ പറഞ്ഞു. ഭരണഘടനയുമായാണ് രാഹുൽ സംസാരിച്ചത്.
ഇപ്പോൾ നടക്കുന്നത് സാധാരണ തെരഞ്ഞെടുപ്പല്ലെന്നും രണ്ട് പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണെന്നും അദ്ദേഹം തുടർന്നു. ഭരണഘടന കാറ്റിൽ പറത്തി, ഇരുപതോ ഇരുപത്തഞ്ചോ കോടിപതികൾക്ക് രാജ്യം ഭരിക്കാനുള്ള പദ്ധതിയാണ് മോദിയും അമിത് ഷായും മനസ്സിൽ കൊണ്ടുനടക്കുന്നത്. സംവരണവിരുദ്ധത കൊണ്ടാണ് പൊതുമേഖല സ്ഥാപനങ്ങളും റെയിൽവേയുമെല്ലാം മോദി സർക്കാർ സ്വകാര്യവത്കരിക്കുന്നത്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ കോടിക്കണക്കിന് സ്ത്രീകൾക്ക് ‘മഹാലക്ഷ്മി യോജന’ പദ്ധതി വഴി പ്രതിമാസം 8,500 രൂപ വീതം നൽകുമെന്ന് രാഹുൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.