ശീതകാല സമ്മേളനം: മോദിക്കും വെങ്കയ്യക്കുമെതിരെ പ്രതിപക്ഷ പ്രതിഷേധം
text_fieldsന്യൂഡൽഹി: പുതിയ രാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡുവിെൻറ പ്രഥമ നടപടിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പ്രസ്താവനക്കും എതിരായ പ്രതിഷേധത്തോെട പാർലമെൻറിെൻറ ശീതകാല സമ്മേളനത്തിന് ബഹളമയമായ തുടക്കം. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പാകിസ്താനുമായി ഗൂഢാലോചന നടത്തിയെന്ന പ്രസ്താവനക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പു പറയണമെന്നും എം.പിമാരായ മുൻ ജനതാദൾ-യു തലവൻ ശരത് യാദവിനെയും അലി അൻവർ അൻസാരിയെയും ഏകപക്ഷീയമായി അയോഗ്യരാക്കിയ രാജ്യസഭ അധ്യക്ഷെൻറ നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം സഭാ നടപടികൾ സ്തംഭിപ്പിച്ചു.
ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും കേരളത്തിൽനിന്നുള്ള കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനവും ആദ്യമായി രാജ്യസഭയിലെത്തിയ ദിനം കൂടിയായിരുന്നു വെള്ളിയാഴ്ച. അന്തരിച്ച 10 മുൻ അംഗങ്ങൾക്കും കേരളത്തിലും തമിഴ്നാട്ടിലുമുണ്ടായ ഒാഖി ദുരന്തത്തിൽ മരിച്ചവർക്കും സഭ ആദരാഞ്ജലി അർപ്പിക്കുകയും പ്രധാനമന്ത്രി മോദി പുതിയ അംഗങ്ങളെ സഭക്ക് പരിചയപ്പെടുത്തുകയും ചെയ്തശേഷം സഭാ നടപടികളിലേക്ക് കടന്നപ്പോഴാണ് പ്രതിഷേധം ആളിക്കത്തിയത്. സമാജ് വാദി പാർട്ടി നേതാവ് നരേഷ് അഗർവാൾ ശരത് യാദവിനെയും അലി അൻവർ അൻസാരിയെയും അയോഗ്യരാക്കിയ വെങ്കയ്യ നായിഡുവിെൻറ നടപടി ചോദ്യംചെയ്ത് എഴുന്നേറ്റു.
സഭാ അധ്യക്ഷെൻറ തീരുമാനം ചോദ്യംചെയ്യാൻ ആർക്കും അധികാരമില്ലെന്നും അതിൽ ചർച്ച അനുവദിക്കില്ലെന്നും പറഞ്ഞ് വെങ്കയ്യ ശൂന്യവേളയിൽ ഒാഖി ദുരന്തം ചർച്ചചെയ്യാൻ ശ്രമിച്ചതോടെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ഇടപെട്ടു. ബി.ജെ.പിക്കെതിരെ ജനതാദൾ മുന്നണിയുണ്ടാക്കിയ വേദിയിൽ താൻ ഹാജരായിരുന്നുവെന്നും ആ മുന്നണിയുടെ പേരിൽ നേടിയ ജനഹിതം അട്ടിമറിച്ചത് ബി.ജെ.പി പക്ഷത്തേക്ക് കൂറുമാറിയ നിതീഷും കൂട്ടരുമാണെന്നും ഗുലാം നബി പറഞ്ഞു. ഇതിന് മറുപടി പറയാൻ വെങ്കയ്യക്ക് കഴിയാതിരുന്നതോടെ പ്രതിപക്ഷം മുദ്രാവാക്യവുമായി നടുത്തളത്തിലിറങ്ങി നടപടി സ്തംഭിപ്പിച്ചു.
തുടർന്ന് 12 മണിക്ക് ചോദ്യോത്തരവേളക്കായി വീണ്ടും സഭ ചേർന്നപ്പോൾ ഗുജറാത്തിെല െതരഞ്ഞെടുപ്പ് റാലിയിൽ മോദി മൻമോഹനെതിരെ നടത്തിയ പ്രസംഗം ഗുലാം നബി ഉന്നയിച്ചു. ഇൗ സമയം മൻമോഹൻ സിങ്ങും രാജ്യസഭയിലുണ്ടായിരുന്നു. സഭാ ചട്ടം 267 പ്രകാരം നടപടികൾ നിർത്തിവെച്ച് വിഷയം ചർച്ചചെയ്യാൻ പ്രതിപക്ഷത്തെ വിവിധ അംഗങ്ങൾ നോട്ടീസ് നൽകിയതാണെന്ന് ഗുലാം നബി പറഞ്ഞു. ഇത് സാധാരണ ആരോപണമല്ലെന്നും മുൻ പ്രധാനമന്ത്രിക്കും മുൻ ഉപരാഷ്ട്രപതിക്കും മുൻ കരസേനാ മേധാവിക്കുമെതിരാണെന്നും ഗുലാം നബി പറഞ്ഞു. എന്നാൽ, നോട്ടീസ് കണ്ടുവെന്നും അത് അനുവദിക്കില്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു. ഇതോടെ, പ്രതിപക്ഷം പ്രതിഷേധവുമായി വീണ്ടുമിറങ്ങി. സഭ രണ്ടര മണി വരെ നിർത്തിവെച്ച് ഉപാധ്യക്ഷൻ പി.ജെ. കുര്യെൻറ അധ്യക്ഷതയിൽ വീണ്ടും തുടങ്ങാൻ ശ്രമിച്ചെങ്കിലും പ്രതിപക്ഷം അനുവദിച്ചില്ല. തുടർന്ന് അടുത്തദിവസത്തേക്ക് പിരിയുകയാണെന്ന് കുര്യൻ അറിയിച്ചു.
മൂന്നു അംഗങ്ങളുടെയും ഏഴു പഴയ അംഗങ്ങളുടെയും വേർപാടിൽ അനുശോചനം രേഖപ്പെടുത്തി ലോക്സഭ പിരിഞ്ഞു. ബി.ജെ.പിയുടെ വിനോദ് ഖന്നയുടെ മരണത്തെ തുടർന്ന് പഞ്ചാബിലെ ഗുരുദാസ്പുരിൽനിന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസിലെ സുനിൽ കുമാർ ഝാക്കർ ലോക്സഭ ചേർന്നതിനു പിന്നാലെ സത്യപ്രതിജ്ഞ ചെയ്തു.
സർക്കാറിെൻറ മൂന്നാം അഴിച്ചുപണിയിൽ കാബിനറ്റ് റാങ്ക് ലഭിച്ച ധർമേന്ദ്ര പ്രധാൻ, പിയൂഷ് ഗോയൽ, നിർമല സീതാരാമൻ എന്നിവരെയും മന്ത്രിസഭയിലെ പുതുമുഖങ്ങളായ ആർ.കെ. സിങ്, അൽഫോൻസ് കണ്ണന്താനം, ഹർദീപ് പുരി, ശിവ പ്രതാപ് ശുക്ല, വിരേന്ദ്ര കുമാർ, അനന്ത് ഹെഗ്ഡെ, ഗജേന്ദ്ര ഷെഖാവത്ത്, സത്യപാൽ സിങ് എന്നിവരെയും പ്രധാനമന്ത്രി പരിചയപ്പെടുത്തി. നിലനിൽക്കുന്ന 25 ബില്ലുകളും പുതിയ 14 നിയമവും സർക്കാർ ഇൗ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.