റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇത്തവണയും മുഖ്യാതിഥിയുണ്ടാകില്ല
text_fieldsന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിൽ തുടർച്ചയായ രണ്ടാം വർഷവും മുഖ്യാതിഥികളായി വിദേശ രാഷ്ട്ര തലവന്മാരുണ്ടാകില്ല. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് തീരുമാനം. കഴിഞ്ഞവർഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെ ക്ഷണിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനത്തെ തുടർന്ന് അദ്ദേഹത്തിന് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.
എല്ലാ വർഷവും റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ക്ഷണിക്കപ്പെട്ട നേതാക്കൾക്കൊപ്പം ഒരു മുഖ്യാതിഥിയും ഉണ്ടാകും. 1952, 1953, 1966 ഒഴികെയുള്ള വർഷങ്ങളിലെല്ലാം വിദേശ നേതാക്കൾ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്തിരുന്നു. മധ്യ ഏഷ്യൻ രാജ്യങ്ങളായ കസാഖ്സ്താൻ, കിർഗിസ്താൻ, താജിക്സ്താൻ, തുർക്ക്മെനിസ്താൻ, ഉസ്ബെകിസ്താൻ എന്നീ രാജ്യങ്ങളുടെ പ്രസിഡന്‍റുമാരെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാനായി ഇന്ത്യ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു.
സന്ദർശനത്തിന്‍റെ ഭാഗമായി പ്രഥമ ഇന്ത്യ-മധ്യ ഏഷ്യ ഉച്ചകോടിയും നിശ്ചയിച്ചിരുന്നു. റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി വിദേശ നേതാക്കളുണ്ടാകില്ലെന്ന് സർക്കാറുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ വെർച്വൽ പ്ലാറ്റ്ഫോമിൽ മധ്യ ഏഷ്യൻ ഉച്ചകോടി നടത്താനുമാണ് തീരുമാനം.
2020ൽ ബ്രസീൽ പ്രസിഡന്‍റ് ജയർ ബൊൽസനാരോയായിരുന്നു മുഖ്യാതിഥി. 1950 ജനുവരി 26ന് ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇന്തോനേഷ്യൻ പ്രസിഡന്‍റ് സുകർനോയാണ് മുഖ്യതിഥിയായി പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.