കോവിഡ് നിരക്ക് ഉയരുന്നു; മുംബൈ ആശുപത്രികളിൽ ഇനി മാസ്ക് നിർബന്ധം
text_fieldsമുംബൈ: കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി കോവിഡ് നിരക്കിൽ വർധന രേഖപ്പെടുത്തിയതിന് പിന്നാലെ, മുംബൈ ആശുപത്രികളിൽ ചൊവ്വാഴ്ച മുതൽ മാസ്ക് നിർബന്ധമാക്കി അധികൃതർ. രോഗനിരക്ക് കൂടുന്നതുമായി ബന്ധപ്പെട്ട് ബൃഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ (ബി.എം.സി) അവലോകന യോഗം ചേർന്നിരുന്നു. മുനിസിപ്പൽ കമീഷണറും അഡ്മിനിസ്ട്രേറ്ററുമായ ഇഖ്ബാൽ സിങ് ചാഹലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ആശുപത്രികളിൽ മാസ്ക് നിർബന്ധമാക്കാൻ തീരുമാനിച്ചത്.
കോർപറേഷൻ പരിധിയിലെ എല്ലാ ആശുപത്രികളിലും ജീവനക്കാർ, രോഗികൾ, സന്ദർശകർ എന്നിവർ ഉൾപെടെ എല്ലാവരും നാളെമുതൽ നിർബന്ധമായും മാസ്‍ക് ധരിക്കണം. ഇതിനു പുറമെ മുൻകരുതലെന്ന നിലയിൽ 60 വയസ്സിനു മുകളിലുള്ളവർ പൊതുസ്ഥലത്ത് മാസ്ക് ധരിക്കണമെന്നും യോഗം നിർദേശിച്ചു. കോവിഡ് പരിശോധന സൗകര്യങ്ങൾ, വാർഡ് വാർ റൂം, ഓക്സിജന്റെയും മരുന്നുകളുടെയും ലഭ്യത, സ്വകാര്യ ആശുപത്രികളിലെ കോവിഡ് ഒരുക്കങ്ങൾ എന്നിവയെക്കുറിച്ചെല്ലാം യോഗം അവലോകനം ചെയ്തതായി ബി.എം.സി പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.
‘രാജ്യത്ത് ഒരിക്കൽകൂടി കോവിഡ് നിരക്ക് ഉയരുകയാണ്. കഴിഞ്ഞ കുറച്ച ദിവസങ്ങളിലായി ബി.എം.സിയിലും രോഗികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. മേയിൽ രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം സൂചന നൽകിയിട്ടുമുണ്ട്. ഇതു മുൻനിർത്തി കോർപറേഷനിലെ സ്വകാര്യ ആശുപത്രികൾ ഉൾപെടെ എല്ലാ ആശുപത്രികളിലും കോവിഡ് ചികിത്സക്കുള്ള സൗകര്യങ്ങൾ ഒരുക്കേണ്ടതാണ്’ -ഇഖ്ബാൽ സിങ് ചാഹൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.