യു.പി പകർച്ചപനി വ്യാപനം; സ്ഥിതി ആശങ്കാജനകം, യോഗി സർക്കാർ ഉടൻ ഇടപെടണം -മായാവതി
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ പകർച്ചപനി പടരുന്ന സാഹചര്യത്തിൽ യോഗി ആദിത്യനാഥ് സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതി. സംസ്ഥാനത്തെ സാഹചര്യം വളരെ ആശയങ്കാജനകമാണെന്ന് ചൂണ്ടിക്കാട്ടിയ അവർ, ഉടൻ തന്നെ വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് യോഗി സർക്കാറിനോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചപനി ബാധിച്ച് കുട്ടികൾ ഉൾപ്പെടെ നിരവധിപേർ മരിച്ച സാഹചര്യത്തിലാണ് മായാവതിയുടെ പ്രതികരണം.
'കോവിഡ് മഹാമാരിക്ക് പിന്നാലെ, യു.പിയിൽ ഡെങ്കിപ്പനി ഉൾപ്പെടെ മറ്റു പകർച്ചവ്യാധികൾ അതിവേഗം പടർന്നുപിടിക്കുന്നു. സംസ്ഥാനം മുഴുവൻ വളരെ വേഗത്തിലാണ് ഇവയുടെ വ്യാപനം. എന്നാൽ, സർക്കാർ ആശുപത്രി സൗകര്യങ്ങളുടെ അഭാവം മൂലം നിരവധി രോഗികൾ മരിച്ചുവീഴുന്നു. ഇത് വളരെയധികം ആശങ്കയുണ്ടാക്കുന്നു. സംസ്ഥാന സർക്കാർ തീർച്ചയായും ഇതിൽ ശ്രദ്ധകേന്ദ്രീകരിക്കണം' -മായാവതി ട്വീറ്റ് ചെയ്തു.
കൊറോണ വൈറസ് വ്യാപനത്തിന് പിന്നാലെ വളരെ വേഗത്തിലാണ് യു.പിയിൽ പകർച്ചപനിയുടെ വ്യാപനം. മീററ്റിൽ മാത്രം 30ൽ അധികം ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ടുകൾ ചെയ്തിരുന്നു. കുട്ടികളിലാണ് വൻതോതിൽ രോഗവ്യാപനം. 50ഓളം കുട്ടികൾക്ക് ഇതുവരെ ജീവൻ നഷ്ടമായതായാണ് റിപ്പോർട്ടുകൾ. നിരവധിപേർ തലസ്ഥാന നഗരമായ ലഖ്നോവിൽ ഉൾപ്പെടെ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.