ഉച്ചഭാഷിണി വിവാദത്തിന് പിന്നാലെ ഹനുമാന്‍ ജയന്തി ദിനത്തിൽ 'മഹാ ആരതി'യുമായി രാജ് താക്കറെ
text_fieldsപൂനെ: ഹനുമാന്‍ ജയന്തി ദിനത്തിൽ 'മഹാ ആരതി'യുമായി മഹാരാഷ്ട്ര നവനിർമാൺ സേന മേധാവി രാജ് താക്കറെ. ശനിയാഴ്ച വൈകീട്ട് 6 മണിക്കാണ് ചടങ്ങ് നടക്കുന്നത്. മുസ്ലിം പള്ളികളിൽ ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നത് നിർത്തണമെന്ന രാജ് താക്കറെയുടെ ആഹ്വാനം വിവാദമായതിന് പിന്നാലെയാണ് 'മഹാ ആരതി' സംഘടിപ്പിക്കാനുള്ള നീക്കം.
കഴിഞ്ഞ ദിവസം പള്ളികളിലെ ഉച്ചഭാഷിണി വിഷയത്തിൽ മഹാരാഷ്ട്ര സർക്കാറിന് അന്ത്യശാസനവുമായി രാജ് താക്കറെ രംഗത്തെത്തിയിരുന്നു. മെയ് മൂന്നിനകം പള്ളികളിൽ നിന്ന് മഹാരാഷ്ട്ര സർക്കാർ ഉച്ചഭാഷിണികൾ നീക്കം ചെയ്തില്ലെങ്കിൽ എം.എൻ.എസ് പ്രവർത്തകർ പള്ളികൾക്ക് മുന്നിൽ ഹനുമാൻ ചാലിസ വായിക്കുമെന്ന് രാജ് താക്കറെ താക്കീത് ചെയ്തിരുന്നു. ഉച്ചഭാഷിണികൾ നീക്കം ചെയ്തില്ലെങ്കിൽ ഉണ്ടാകുന്ന തുടർനടപടികൾക്ക് താനും പാർട്ടി പ്രവർത്തകരും ഉത്തരവാദികളല്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ് താക്കറെയുടെ പ്രസംഗത്തെത്തുടർന്ന് നിരവധി എം.എൻ.എസ് അനുഭാവികൾ പള്ളികൾക്ക് മുന്നിൽ ഉച്ചഭാഷിണിയിൽ ഹനുമാൻ ചാലിസ വായിക്കുന്നതിന് തുടക്കമിട്ടിരുന്നു. എന്നാൽ വർഗീയ ഭിന്നിപ്പിന് ഇട വരുത്തുന്ന താക്കറെയുടെ പരാമർശങ്ങൾക്കെതിരെ ശിവസേന, കോൺഗ്രസ് പാർട്ടിയിലെ നിരവധി നേതാക്കൾ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.