വിദ്വേഷ പ്രസംഗം കേട്ട് ചിരിച്ച് ഹർഷ് വർധനും രവിശങ്കർ പ്രസാദും
text_fieldsന്യൂഡൽഹി: ബി.ജെ.പി നേതാവ് രമേശ് ബിധുരി ഡാനിഷ് അലിക്കെതിരെ നടത്തിയ വംശീയാധിക്ഷേപം കേട്ട് മുതിർന്ന ബി.ജെ.പി നേതാക്കളും മുൻ മന്ത്രിമാരുമായ ഹർഷ് വർധനും രവി ശങ്കർ പ്രസാദും ചിരിച്ചുകൊണ്ടിരുന്നത് വൻ പ്രതിഷേധത്തിനിടയാക്കി. ഡാനിഷ് അലിക്കെതിരെ വിദ്വേഷ വാക്കുകൾ ഉപയോഗിക്കുന്ന സമയത്ത് അടുത്തടുത്ത സീറ്റിലിരിക്കുകയായിരുന്ന ഹർഷ് വർധനും രവി ശങ്കർ പ്രസാദും ചിരിക്കുന്ന സൻസദ് ടി.വി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
തന്റെ പ്രതിഛായ തകർക്കാൻ സ്ഥാപിത താൽപര്യക്കാർ സംഭവത്തിലേക്ക് തന്നെ വലിച്ചിഴച്ചതിൽ വേദനയും അപമാനവുമുണ്ടെന്ന് ഹർഷ് വർധൻ പറഞ്ഞു. ഡൽഹി ചാന്ദ്നി ചൗക്കിലെ ഫടക് തെലിയാനിൽ മുസ്ലിം സുഹൃത്തുക്കൾക്കൊപ്പമാണ് കളിച്ചു വളർന്നത്. ചാന്ദ്നി ചൗക്ക് മണ്ഡലത്തിൽനിന്ന് എല്ലാ സമുദായങ്ങളുടെയും പിന്തുണയില്ലായിരുന്നുവെങ്കിൽ പാർലമെന്റിൽ എത്തില്ലായിരുന്നുവെന്നും ഹർഷ് വർധൻ ‘എക്സി’ൽ കുറിച്ചു. രണ്ട് എം.പിമാരും പൊറുക്കാനാവാത്ത വാക്കുകൾ ഉപയോഗിച്ചുവെന്നും ബഹളത്തിനിടയിൽ പറയുന്നത് കേൾക്കാതെയാണ് താൻ ചിരിച്ചതെന്നും ഹർഷ് വർധൻ അവകാശപ്പെട്ടു.
ബിധുരിയുടേത് ബി.ജെ.പിയുടെ ഭാഷയെന്ന് കോൺഗ്രസ്
ന്യൂഡൽഹി: രമേശ് ബിധുരി സംസാരിക്കുന്നത് ബി.ജെ.പിയുടെ ഭാഷയാണെന്നും ഡാനിഷ് അലിയോടു മാത്രമല്ല, പാർലമെന്റിനോടും മുഴുവൻ ഇന്ത്യക്കാരോടുമുള്ള നിന്ദയാണ് ഇതെന്നും കോൺഗ്രസ് മാധ്യമ വിഭാഗം ജനറൽ സെക്രട്ടറി ജയ്റാം രമേശ് പ്രതികരിച്ചു. സബ്കാ സാഥ് സബ്കാ വികാസ് എന്ന് പ്രധാനമന്ത്രി പറയുന്നതെല്ലാം പാഴ്വാക്കാണെന്ന് വ്യക്തമാക്കുന്നതാണിത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നിർബന്ധിതമായി നടത്തിയ ക്ഷമാപണം ഒരു കണ്ണിൽപൊടിയിടൽ മാത്രമാണ്. ഈ എം.പിക്കെതിരെ കടുത്ത നടപടി വേണം. സ്പീക്കർ സഭയിൽനിന്ന് സസ്പെൻഡ് ചെയ്യേണ്ട കുറ്റകൃത്യമാണ് ബിധുരി ചെയ്തത്. ആം ആദ്മി പാർട്ടിയുടെ സഞ്ജയ് സിങ്ങും രാഘവ് ഛദ്ദയും രാജ്യസഭയിൽ സസ്പെൻഡ് ചെയ്യപ്പെട്ടത് തങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ വിനിയോഗിച്ചതിനാണെന്നും അദ്ദേഹം പറഞ്ഞു.
ബിധുരിയെ അറസ്റ്റ് ചെയ്യണം -സി.പി.എം, നടപടിയില്ലാത്തത് ഖേദകരം-മായാവതി
ന്യൂഡൽഹി: പാർലമെന്റിൽ ബി.എസ്.പി എം.പി ഡാനിഷ് അലിക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി എം.പി രമേശ് ബിധുരിയെ അറസ്റ്റ് ചെയ്യണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. വിദ്വേഷ പ്രസംഗം എന്ന കുറ്റകൃത്യത്തിൽ ഒരു തരത്തിലുമുള്ള പ്രത്യേക സംരക്ഷണം ആർക്കും ഇല്ലെന്നും സി.പി.എം ഓർമിപ്പിച്ചു.
സഭക്കുള്ളിൽ മ്ലേഛവും നിന്ദാപരവുമായ ഭാഷയാണ് ഡാനിഷ് അലിക്കെതിരെ രമേശ് ബിധുരി ഉപയോഗിച്ചത്. സുപ്രീംകോടതി വിധി പ്രകാരം വിദ്വേഷ പ്രസംഗത്തിൽ ഒരു തരത്തിലുള്ള സംരക്ഷണവും എം.പിക്കില്ലെന്നും ബിധുരിയെ അറസ്റ്റ് ചെയ്യുക തന്നെ വേണമെന്നും സി.പി.എം കൂട്ടിച്ചേർത്തു.അപലപനീയമായ പരാമർശങ്ങൾ നടത്തിയ എം.പിക്കെതിരെ ബി.ജെ.പി ഉചിതമായ നടപടി എടുക്കാത്തത് ഖേദകരമാണെന്ന് ബി.എസ്.പി നേതാവ് മായാവതി. രമേശ് ബിധുരിയുടെ പരാമർശം ലോക്സഭാ സ്പീക്കർ ഓം ബിർള രേഖകളിൽനിന്ന് നീക്കിയതും മുതിർന്ന മന്ത്രി സഭയിൽ മാപ്പു പറയുകയും ചെയ്തത് മായാവതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.