മുഡ ഭൂമിയിടപാട് കേസ്: മൈസൂരു നഗരവികസന സമിതി തലവൻ രാജിവെച്ചു
text_fieldsബംഗളൂരു: മുഡ ഭൂമിയിടപാട് കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണം നേരിടണമെന്ന വിധിക്കു പിന്നാലെ മൈസൂരു നഗരവികസന സമിതി തലവൻ കെ മാരി ഗൗഡ രാജിവെച്ചു. എന്നാൽ രാജിക്കായി സമ്മർദമുണ്ടായിട്ടില്ലെന്ന് മാരി ഗൗഡ വ്യക്തമാക്കി. നാലു ദശകത്തിലേറെയായി മുഖ്യമന്ത്രിയുടെ അനുയായി തുടരുന്ന തന്നോട് നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്യാൻ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും ഗൗഡ സൂചിപ്പിച്ചു.
മുഖ്യമന്ത്രി എന്നോട് രാജിവെക്കാൻ ആവശ്യപ്പെട്ടു. അതനുസരിക്കുക മാത്രമാണ് ചെയ്തത്. മാത്രമല്ല, എനിക്ക് ചില ആരോഗ്യപ്രശ്നങ്ങളുമുണ്ട്. വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണം നടക്കുകയാണ്. അത് തുടരും.-ഗൗഡ മാധ്യമങ്ങളോട് പറഞ്ഞു.
'രാജിക്കായി ഒരുതരത്തിലുള്ള സമ്മർദവും ഉണ്ടായിട്ടില്ല. സ്വമേധയാ രാജിവെക്കുകയായിരുന്നു. 40 വർഷമായി മുഖ്യമന്ത്രി സിദ്ധരാമയ്യയെ അറിയാം. അദ്ദേഹം ഒരിക്കൽ പോലും നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്യാൻ ആവശ്യപ്പെട്ടിട്ടില്ല. രാജി മുഖ്യമന്ത്രിയെ സംരക്ഷിക്കാനല്ല. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിൽ. രണ്ടുതവണ പക്ഷാഘാതം വന്ന വ്യക്തിയാണ്. മുന്നോട്ട് പോകില്ലെന്ന് തോന്നിയപ്പോൾ രാജി വെച്ചു.'-ഗൗഡ കൂട്ടിച്ചേർത്തു. രാജിയെകുറിച്ച് സിദ്ധരാമയ്യ പ്രതികരിച്ചിട്ടില്ല.
1983 മുതൽ ഗൗഡ സിദ്ധരാമയ്യക്കൊപ്പമുണ്ട്.1995 ൽ അദ്ദേഹം മൈസൂരു താലൂക്ക് പഞ്ചായത്ത് പ്രസിഡന്റായി. 2000 ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. എട്ടു വർഷത്തിനു ശേഷമാണ് ഉന്നത സ്ഥാനത്തേക്ക് നിയമനം ലഭിക്കുന്നത്.
മൈസൂരു നഗരവികസന അതോറിറ്റി (മുഡ) ഭൂമിയിടപാട് കേസിൽ തന്നെ വിചാരണ ചെയ്യാനുള്ള ഗവർണറുടെ തീരുമാനത്തിനെതിരേ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. വിഷയത്തിൽ ഗവർണർക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നും കോടതി വിധിച്ചു. സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് മുഡ മൈസൂരുവിൽ 14 പാർപ്പിടസ്ഥലങ്ങൾ അനുവദിച്ചുനൽകിയതിൽ അഴിമതിയുണ്ടെന്നാണ് ആരോപണം. ഭാര്യാസഹോദരൻ മല്ലികാർജുൻ വാങ്ങി പാർവതിക്കുനൽകിയതാണ് 3.16 ഏക്കർ ഭൂമി. ഇത് മുഡ ഏറ്റെടുക്കുകയും പകരം മൈസൂരുവിലെ വിലയേറിയ സ്ഥലത്ത് പാർപ്പിടസ്ഥലങ്ങൾ നൽകുകയും ചെയ്തെന്നാണ് പരാതി.
2014ൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെയാണ് പാർവതി മുഡയിൽ അപേക്ഷ നൽകിയത്. 2022 ജനുവരി അഞ്ചിനാണ് പാർപ്പിടസ്ഥലങ്ങൾ കൈമാറിയത്. സിദ്ധരാമയ്യയുടെ സ്വാധീനമുപയോഗിച്ചാണ് ഇവ നേടിയതെന്നും സർക്കാർ ഖജനാവിന് ഇതുവഴി 55.8 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും ടി.ജെ. അബ്രാഹം നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.