സഭയിൽ പ്രശ്നമുണ്ടാക്കിയത് അംബേദ്കർ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ; രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: അദാനി വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താൻ ബി.ജെ.പി ആഗ്രഹിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അദാനിക്കെതിരെ യു.എസിൽ കേസ് വന്നത് മുതലാണ് പാർലമെന്റിൽ പ്രശ്നങ്ങൾ തുടങ്ങിയത്. പ്രധാനമന്ത്രി രാജ്യത്തെ അദാനിക്ക് വിൽപ്പന നടത്തുകയാണ്. പാർലമെന്റിനെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമം. അബേദ്കർ വിഷയത്തിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ഇന്ന് സഭയിൽ പ്രശ്നമുണ്ടാക്കിയത്. ബി.ജെ.പി നേതാക്കൾ വടികളുമായാണ് പാർലമെന്റിൽ എത്തിയതെന്നും രാഹുൽ ആരോപിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കൊപ്പമാണ് രാഹുൽ വാർത്താസമ്മേളനത്തിന് എത്തിയത്.
ഭരണഘടന ശിൽപിയായ അംബേദ്കറെ അപമാനിച്ച അമിത് ഷാ രാജിവെക്കണമെന്ന് ഖാർഗെ ആവശ്യപ്പെട്ടു. അംബേദ്കറെ കുറിച്ചുള്ള കേന്ദ്രസർക്കാർ നിലപാടിൽ ദുഃഖമുണ്ട്. വസ്തുതകൾ പഠിക്കാൻ സർക്കാർ തയ്യാറാവണം. അംബേദ്കറെയും നെഹ്‌റുവിനെയും അപമാനിക്കുന്നത് അവസാനിപ്പിക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
ജവഹർലാൽ നെഹ്‌റുവിനെക്കുറിച്ച് ബിജെപി നുണ പ്രചരിപ്പിക്കുകയാണ്. അമിത് ഷാ രാജിവെക്കണമെന്നാണ് തങ്ങളുടെ ആവശ്യമെങ്കിലും പ്രധാനമന്ത്രി അമിത് ഷായെ പുറത്താക്കില്ല എന്ന് നമുക്കറിയാം. പാർലമെന്റിൽ സമാധാന പരമായാണ് പ്രതിഷേധിച്ചത്. എന്നാൽ ബി.ജെ.പി നേതാക്കൾ തങ്ങളെ പാർലമെന്റ് കവാടത്തിൽ തടഞ്ഞു. ബി.ജെ.പി നേതാക്കളാണ് കോൺഗ്രസ് നേതാക്കളെ തടഞ്ഞത്. ബി.ജെ.പി നേതാക്കളുടെ ആക്രമണത്തിൽ തന്റെ കാൽമുട്ടിന് പരിക്കേറ്റെന്നും ഖാർഗെ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.