സിഖ് വിഘടനവാദികൾക്കെതിരായ നീക്കം; ചുക്കാൻ പിടിക്കുന്നത് അമിത് ഷായെന്ന് വാഷിങ്ടൺ പോസ്റ്റ്
text_fieldsന്യൂഡൽഹി: കാനഡയിൽ സിഖ് വിഘടനവാദികൾക്കെതിരൊയ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണെന്ന് അമേരിക്കൻ പത്രമായ വാഷിങ്ടൺ പോസ്റ്റ്. കനേഡിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് പത്രം റിപ്പോർട്ട് തയാറാക്കിയത്. അമിത് ഷാക്ക് പുറമേ, രഹസ്യാനേഷണ ഏജൻസിയായ റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിലെ (റോ) മുതിർന്ന ഉദ്യോഗസ്ഥനും കൃത്യങ്ങൾക്ക് നേതൃത്വം നൽകുന്നതായി റിപ്പോർട്ട് പറയുന്നു.
ഇന്ത്യയുടെ ക്രിമിനൽ സംഘം കൊലപ്പെടുത്തുകയോ ആക്രമിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്ത സിഖ് വിഘടനവാദികളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചതിൽ ചുരുങ്ങിയത് ആറ് ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾക്ക് പങ്കുണ്ടെന്ന് കാനഡ കണ്ടെത്തിയെന്നും ഇവരെ ചോദ്യം ചെയ്യാൻ കാനഡ ഒരുങ്ങിയതായും റിപ്പോർട്ട് പറയുന്നു. ഇതിനായി, ഉദ്യോഗസ്ഥരുടെ നയതന്ത്ര പരിരക്ഷ എടുത്തുകളയണമെന്ന അഭ്യർഥന ഇന്ത്യ തള്ളിക്കളയുകയായിരുന്നു. ഇതേത്തുടർന്ന് ഇന്ത്യൻ ഹൈകമീഷണർ സഞ്ജയ് കുമാർ വർമ ഉൾപ്പെടെ ആറുപേരോട് രാജ്യം വിടാൻ കാനഡ തിങ്കളാഴ്ച ഉത്തരവിടുകയായിരുന്നുവെന്ന് പത്രം പറയുന്നു. അതേസമയം, സുരക്ഷ മുൻനിർത്തി നയതന്ത്രപ്രതിനിധികളെ തിരിച്ചുവിളിച്ചെന്നാണ് ഇന്ത്യ ഔദ്യോഗികമായി വിശദീകരിച്ചത്. തൊട്ടുപിന്നാലെ, ആറ് കനേഡിയൻ നയതന്ത്ര പ്രതിനിധികളെ ഇന്ത്യ പുറത്താക്കുകയും ചെയ്തു.
കഴിഞ്ഞ വർഷം സിഖ് വിഘടനവാദി ഹർദീപ് സിങ് നിജ്ജാറിനെ വധിച്ചതിൽ മോദി സർക്കാറിലെ ഉന്നതർക്ക് പങ്കുണ്ടെന്നാണ് കനേഡിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്യുന്നത്. നിജ്ജാർ വധത്തിന് സമാനമായി അമേരിക്കയിൽ സിഖ് വിഘടനവാദി ഗുർപത്വന്ത് സിങ് പന്നുവിന് നേരെ നടന്ന വധശ്രമത്തിൽ ‘റോ’യിലെ ഓഫിസറായ വിക്രം യാദവിന് പങ്കുള്ളതായും പത്രം ആരോപിക്കുന്നു. എന്നാൽ, ഇദ്ദേഹത്തിന്റെ പേര് യു.എസ് കുറ്റപത്രത്തിൽ വന്നിട്ടില്ല.
നിജ്ജാർ വധത്തിന് പിന്നാലെ റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ സമഗ്ര അന്വേഷണത്തിലാണ് സിഖ് വിഘടനവാദികൾക്കെതിരെ ഇന്ത്യ നടത്തുന്ന നീക്കങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചതെന്നും കനേഡിയൻ ഉദ്യോഗസ്ഥർ വാഷിങ്ടൺ പോസ്റ്റിനോട് വെളിപ്പെടുത്തി. കഴിഞ്ഞവർഷം സെപ്റ്റംബർ 20ന് സുഖ്ദൂൽ സിങ് എന്നയാളുടെ വധവും ഇതിന് ഉദാഹരണമായി കനേഡിയൻ അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ സിഖ് വിഘടനവാദികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് ‘റോ’ക്ക് കൈമാറുകയായിരുന്നു. വധിക്കേണ്ടവരെ നിശ്ചയിച്ച് ലോറൻസ് ബിഷ്ണോയിയുടെ സംഘത്തെയാണ് ചുമതല ഏൽപിക്കുന്നത്. ബിഷ്ണോയ് സംഘത്തിന് കാനഡയിൽ വിപുലമായ സാന്നിധ്യമാണുള്ളത്.
സിഖ് വിഘടനവാദികളെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തി നൽകുന്നതിന് കാനഡയിലെ ഇന്ത്യക്കാരെ നയതന്ത്രപ്രതിനിധികൾ ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
അമിത് ഷായുടെയും റോ ഉദ്യോഗസ്ഥന്റെയും പങ്കിനെക്കുറിച്ച് കഴിഞ്ഞ ശനിയാഴ്ച സിംഗപ്പൂരിൽ നടന്ന രഹസ്യയോഗത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ധരിപ്പിച്ചിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. അനുബന്ധ തെളിവുകളും കനേഡിയൻ ഉദ്യോഗസ്ഥർ കൈമാറി. ട്രൂഡോയുടെ ദേശീയസുരക്ഷാ ഉപദേഷ്ടാവ് നതാലീ ഡ്രോയിൻ, ഉപ വിദേശകാര്യ മന്ത്രി ഡേവിഡ് മോറിസൺ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. എന്നാൽ, ആരോപണങ്ങൾ ഇന്ത്യ നിഷേധിക്കുന്നെന്ന് ഡോവൽ കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയെന്നും പത്രം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.