ബി.ജെ.പി സ്ഥാനാർഥിക്കെതിരെ 525 കോടിയുടെ തട്ടിപ്പ് പരാതി; അമിത്ഷാ റോഡ് ഷോ ഉപേക്ഷിച്ചു
text_fieldsചെന്നൈ: ശിവഗംഗ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി ടി.ദേവനാഥനെതിരെ 525 കോടിയുടെ തട്ടിപ്പ് പരാതി. ദേവനാഥൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മൈലാപ്പൂർ ഹിന്ദു പെർമനൻറ് ഫണ്ട് നിധി ലിമിറ്റഡിൽ നിക്ഷേപിച്ചവരുടെ പണം തട്ടിയെടുത്തെന്നാണ് പരാതി. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും തമിഴ്‌നാട് ചീഫ് ഇലക്ടറൽ ഓഫിസർക്കും സി.പി.ഐ പരാതി നൽകി. കോൺഗ്രസും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിനുപിന്നാലെ കാരൈക്കുടിയിൽ ദേവനാഥൻ യാദവിനുവേണ്ടി നടത്താനിരുന്ന റോഡ് ഷോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റദ്ദാക്കി.
സർക്കാർ ജീവനക്കാരും വിരമിച്ചവരുമടക്കം അയ്യായിരത്തിലധികം ആളുകൾ 535 കോടി രൂപ സ്ഥാപനത്തിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും ഇവർക്ക് പലിശയോ മുതലോ തിരിച്ചു നൽകുന്നില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ആർ. മുത്തരശൻ സമർപ്പിച്ച പരാതിയിൽ പറയുന്നു. കമ്പനി നൽകിയ 150 ഓളം ചെക്കുകൾ പണമില്ലാത്തതിൻ്റെ പേരിൽ മടങ്ങി.
പ്രധാനമന്ത്രി മോദിയുമായി അടുത്ത ബന്ധമുള്ളയാളാണ് ടി ദേവനാഥൻ. കേസിൽനിന്ന് രക്ഷപ്പെടാൻ ദേവനാഥൻ രാഷ്ട്രീയ ബന്ധം മുതലെടുക്കുമെന്ന ഭയത്തിലാണ് നിക്ഷേപകർ. പലിശയും മറ്റു ലഭിക്കാതായതു ചോദ്യം ചെയ്ത നിക്ഷേപകരെ സ്ഥാപനത്തിലെ ജീവനക്കാർ ഭീഷണിപ്പെടുത്തിയെന്നും സാമ്പത്തിക കുറ്റകൃത്യ വിഭാഗം അന്വേഷിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
അതേസമയം, ആരോപണങ്ങൾ തെറ്റാണെന്നാണ് ദേവനാഥൻ പറയുന്നത്. എന്നാൽ, അമിത് ഷാ റോഡ് ഷോ റദ്ദാക്കിയത് സംസ്ഥാനത്തെ സ്ഥാനാർഥികളിൽ സമ്പത്തിൽ രണ്ടാമതുള്ള ദേവനാഥന് തിരിച്ചടിയായി.
ശിവഗംഗ ജില്ലയിലെ നാല് നിയമസഭാ മണ്ഡലങ്ങളും പുതുക്കോട്ട ജില്ലയിൽ നിന്നുള്ള രണ്ട് നിയമസഭാ മണ്ഡലങ്ങളും ഉൾപ്പെടുന്നതാണ് ശിവഗംഗ ലോക്‌സഭാ മണ്ഡലം. മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം ഏഴ് തവണ വിജയിച്ച മണ്ഡലം, കോൺഗ്രസിന്റെ പരമ്പരാഗത കോട്ടയാണ്. അദ്ദേഹത്തിന്റെ മകനും സിറ്റിംഗ് എംപിയുമായ കാർത്തി ചിദംബരമാണ് ഇൻഡ്യ മുന്നണി സ്ഥാനാർത്ഥി. എഐഎഡിഎംകെ സ്ഥാനാർത്ഥി എ.സേവ്യർ ദാസും മത്സരരംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.