‘ആരുടെയും സംഭാവനകൾ ഒഴിവാക്കില്ല’; രാജ്യത്തിന്‍റെ ചരിത്രം തിരുത്തി എഴുതുകയാണെന്ന വാദം തള്ളി അമിത് ഷാ
text_fieldsന്യൂഡൽഹി: ചരിത്രത്തിൽനിന്ന് ആരുടെയും സംഭാവനകൾ ഒഴിവാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തിന്‍റെ ചരിത്രം ബി.ജെ.പി മാറ്റി എഴുതുകയാണെന്ന ആരോപണങ്ങൾക്കിടെയാണ് അദ്ദേഹത്തിന്‍റെ വിശദീകരണം.
ചരിത്രത്തിൽനിന്ന് മുഗളന്മാരുടെ സംഭാവനകൾ ഒഴിവാക്കുന്നുവെന്ന ആരോപണം ശക്തമാണ്. കൂടാതെ, അവരുമായി ബന്ധപ്പെട്ട നഗരങ്ങളും ബി.ജെ.പി സർക്കാറുകൾ പുനർനാമകരണം ചെയ്യുകയോ, അതിനുള്ള നടപടികൾ സ്വീകരിക്കുകയോ ചെയ്തുവരികയാണ്. ബി.ജെ.പി സംസ്ഥാന സർക്കാറുകൾ അവരുടെ നിയമപരമായ അവകാശങ്ങൾക്കുള്ളിൽനിന്നുകൊണ്ട് നന്നായി ചിന്തിച്ചെടുത്ത തീരുമാനമാണിതെന്നായിരുന്നു അമിത് ഷായുടെ വിശദീകരണം.
‘ആരുടെയും സംഭാവനകൾ ഒഴിവാക്കാൻ പാടില്ല, ആരെയും ചരിത്രത്തിൽനിന്ന് നീക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. എന്നാൽ രാജ്യത്തിന്റെ പാരമ്പര്യം സ്ഥാപിക്കാൻ ആരെങ്കിലും ആഗ്രഹിക്കുന്നെങ്കിൽ, ആർക്കും എതിർപ്പുണ്ടാകേണ്ടതില്ല’ -ഷാ വാർത്ത ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
മുമ്പ് പഴയ പേരില്ലാത്ത ഒരു നഗരത്തിന്റെ പേര് പോലും ഞങ്ങൾ മാറ്റിയിട്ടില്ല. നമ്മുടെ സർക്കാറുകൾ നന്നായി ആലോചിച്ചാണ് തീരുമാനങ്ങളെടുത്തത്. ഓരോ സർക്കാറിനും അതിന് നിയമപരമായ അവകാശങ്ങളുണ്ടെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്നോവിന്‍റെ പേര് ലഖൻപുർ അല്ലെങ്കിൽ ലക്ഷ്മൺപുർ എന്നാക്കി മാറ്റണമെന്ന് അടുത്തിടെ ബി.ജെ.പി എം.പി സംഗം ലാൽ ഗുപ്ത ആവശ്യപ്പെട്ടിരുന്നു. നഗരം മുമ്പ് ഈ പേരുകളിലാണ് അറിയപ്പെട്ടിരുന്നതെന്നും മുഗളന്മാരാണ് പേര് മാറ്റിയതെന്നുമാണ് എം.പിയുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.