ഞങ്ങൾക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു, എന്നിട്ട് ഭരണഘടന മാറ്റിയെഴുതിയില്ലല്ലോ; രാഹുൽ പറയുന്നത് കള്ളം -അമിത് ഷാ
text_fieldsന്യൂഡൽഹി: ബി.ജെ.പി സർക്കാർ സംവരണം റദ്ദാക്കില്ലെന്നും ഭരണഘടന മാറ്റിയെഴുതില്ലെന്നും ആവർത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വലിയ ഭൂരിപക്ഷത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളും വിജയിച്ചത്. ഭരണഘടന മാറ്റിയെഴുതലാണ് മുഖ്യ അജണ്ടയെങ്കിൽ അദ്ദേഹത്തിന് എളുപ്പത്തിൽ അത് സാധിക്കുമായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.
''രണ്ടു തവണ പ്രധാനമന്ത്രിയായ വ്യക്തിയാണ് മോദി ജി. അതും വ്യക്തമായ ഭൂരിപക്ഷത്തിൽ. ഭരണഘടന മാറ്റിയെഴുതലും സംവരണം അവസാനിപ്പിക്കലുമായിരുന്നു ലക്ഷ്യമെങ്കിൽ ബി.ജെ.പി സർക്കാരിന് അത് നേരത്തേ സാധിക്കുമായിരുന്നു. അതിൽ നിന്ന് ആരാണ് ഞങ്ങളെ തടയുക?''-അമിത് ഷാ ചോദിച്ചു.
അതിന് പകരം ആർട്ടിക്കിൾ 370 എടുത്തുകളയാനും മുത്തലാഖ് ഇല്ലാതാക്കാനും രാമക്ഷേത്രം നിർമിക്കാനും സർജിക്കൽ സ്ട്രൈക്ക് നടത്താനും ചന്ദ്രയാനെ ചന്ദ്രനിലേക്ക് അയക്കാനും കോവിഡ് സമയത്ത് 130 കോടി ജനങ്ങളുടെ ജീവൻ രക്ഷിക്കാനും 60 കോടി ജനങ്ങൾ ടോയ്‍ലറ്റ്, പാചക വാതകം, വീട്, കുടിവെള്ളം, വൈദ്യുതി, സൗജന്യ റേഷൻ, അഞ്ചുലക്ഷത്തിന്റെ ആരോഗ്യ ഇൻഷുറൻസ് എന്നിവ നൽകാനാണ് ആ ഭൂരിപക്ഷം ഞങ്ങൾ ഉപയോഗിച്ചത്.''-അമിത് ഷാ പറഞ്ഞു.
ബി.ജെ.പി വീണ്ടും അധികാരത്തിൽ വന്നാൽ ഭരണഘടന മാറ്റിയെഴുതുമെന്ന രാഹുൽ ഗാന്ധിയുടെ വാദത്തോട് പ്രതികരിക്കുകയായിരുന്നു അമിത് ഷാ. പ്രതിപക്ഷം വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനായി കള്ളം പ്രചരിപ്പിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു. രാഹുൽ ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ജനങ്ങൾക്ക് അത് നന്നായി അറിയാമെന്നും അമിത് ഷാ അവകാശപ്പെട്ടു.
Amit Shah denies BJP will change constitution
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.