അമിത് ഷാ അരുണാചലിൽ; വിമർശിച്ച് ചൈന
text_fieldsന്യൂഡൽഹി: ആഭ്യന്തര മന്ത്രി അമിത് ഷാ തിങ്കളാഴ്ച ആരംഭിച്ച അരുണാചൽ പ്രദേശ് സന്ദർശനം ഇന്ത്യയും ചൈനയും തമ്മിലുള്ള പുതിയ വാക്പോരിന് വഴിതുറന്നു. അമിത് ഷായുടെ സന്ദർശനം തങ്ങളുടെ പരമാധികാരം ലംഘിക്കുന്ന നടപടിയെന്ന് ചൈന കുറ്റപ്പെടുത്തിയപ്പോൾ, ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ആർക്കും കഴിയില്ലെന്ന് അമിത് ഷാ തുറന്നടിച്ചു.
അരുണാചലിലെ 11 പ്രദേശങ്ങളുടെ പേരുകൾ പുനർനാമകരണം ചെയ്ത് ചൈന അടുത്തിടെ പ്രഖ്യാപനം നടത്തിയത് ഇന്ത്യയെ ചൊടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ്, ആഭ്യന്തര മന്ത്രിയുടെ സന്ദർശനത്തെ എതിർത്ത് ചൈന രംഗത്തെത്തിയത്. തങ്ങളുടെ അധികാര പരിധിയിൽ വരുന്ന പ്രദേശമാണ് അരുണാചൽ എന്നാണ് ചൈനയുടെ വാദം. ‘സാങ്നാൻ’ എന്നാണ് അരുണാചലിനെ ചൈന വിളിക്കുന്നത്. അതിർത്തി മേഖലയിലെ സമാധാനത്തിനും ശാന്തിക്കും ഇന്ത്യൻ ആഭ്യന്തര മന്ത്രിയുടെ സന്ദർശനം ഗുണകരമല്ലെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെൻബിൻ തിങ്കളാഴ്ച അഭിപ്രായപ്പെട്ടത്.
എന്നാൽ, ചൈനയുടെ വിമർശനത്തിന് അതേ നാണയത്തിൽ അരുണാചലിലെ അതിർത്തി ഗ്രാമമായ കിബിതൂവിൽ അമിത് ഷാ മറുപടി നൽകി. അതിർത്തിയിൽ ഇന്ത്യൻ സേന കാവൽ നിൽക്കുന്നതിനാൽ ഒരാൾക്കും ഇന്ത്യയുടെ ഒരിഞ്ച് ഭൂമിപോലും കവർന്നെടുക്കാൻ കഴിയില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ആർക്കും ഇന്ത്യൻ മണ്ണിൽ അതിക്രമിച്ച് കയറാൻ കഴിയുമായിരുന്ന കാലം കടന്നുപോയി.
ഇന്ന് ഇന്ത്യൻ മണ്ണിൽ കടന്നുകയറാൻ ഒരാൾക്കും സാധിക്കില്ല; കാരണം, ഇന്തോ-തിബത്തൻ അതിർത്തി പൊലീസും ഇന്ത്യൻ ആർമിയും ഇവിടെ കാവലുണ്ട് -ആഭ്യന്തര മന്ത്രിയെന്ന നിലയിൽ ആദ്യമായി അരുണാചലിൽ എത്തിയ അമിത് ഷാ പറഞ്ഞു. രാജ്യത്തെ മുഴുവനാളുകൾക്കും ഇപ്പോൾ സമാധാനത്തോടെ വീട്ടിൽ ഉറങ്ങാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി കിബിത്തൂവിൽ ‘ഊർജസ്വല ഗ്രാമങ്ങൾ പദ്ധതി’ (വി.വി.പി) അമിത് ഷാ ഉദ്ഘാടനം ചെയ്തു. അരുണാചൽ പ്രദേശ്, സിക്കിം, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, കേന്ദ്ര ഭരണപ്രദേശമായ ലഡാക്ക് എന്നിവിടങ്ങളിൽ 19 ജില്ലകളിലെ 46 ബ്ലോക്കുകളിലുള്ള 2967 ഗ്രാമങ്ങളുടെ സമഗ്ര വികസനത്തിന് കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്നതാണ് വി.വി.പി.
ഒമ്പത് ചെറുകിട ജലവൈദ്യുത പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ‘സുവർണ ജൂബിലി അതിർത്തി ഉജ്വലന പദ്ധതി’ പ്രകാരമാണ് കിബിത്തൂവിൽ ജലസേചന പദ്ധതികൾ ആരംഭിച്ചത്. അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങളെ ശാക്തീകരിക്കുന്നതാണ് ഈ പദ്ധതികൾ.
വിവിധ സംസ്ഥാനങ്ങളിൽ ഇന്തോ-ടിബത്തൻ ബോർഡർ പൊലീസിന്റെ (ഐ.ടി.ബി.പി) അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കും അമിത് ഷാ തുടക്കം കുറിച്ചു. ലികാബലി (അരുണാചൽ പ്രദേശ്), ഛപ്ര (ബിഹാർ), നൂറനാട് (കേരളം), വിശാഖപട്ടണം (ആന്ധ്രപ്രദേശ്) എന്നിവിടങ്ങളിലാണ് പദ്ധതികൾ നടപ്പാക്കുന്നത്. ചൊവ്വാഴ്ച നംതി താഴ്വര കേന്ദ്രം സന്ദർശിക്കുന്ന അമിത് ഷാ, വാലോങ് യുദ്ധ സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിക്കും.
അരുണാചലിലെ തർക്കം
1962ലെ യുദ്ധത്തിനു ശേഷം അരുണാചൽ പ്രദേശിൽനിന്ന് ചൈന പിൻവാങ്ങിയെങ്കിലും പല ഭാഗങ്ങളിലും ഇപ്പോഴും അവകാശവാദം ഉന്നയിക്കുന്നു. അരുണാചൽ പ്രദേശ് ദക്ഷിണ ടിബത്തിൽ ഉൾപ്പെടുന്നുവെന്നാണ് വാദം. സമീപകാലത്ത് മൂന്ന് തവണ, അരുണാചൽപ്രദേശിലെ വിവിധ സ്ഥലങ്ങളുടെ പേരുകൾ ചൈന പുനർനാമകരണം ചെയ്ത് പ്രകോപനം സൃഷ്ടിച്ചിരുന്നു.
യഥാർഥ നിയന്ത്രണ രേഖ (എൽ.എ.സി) സംബന്ധിച്ച് ഇരു കൂട്ടരും വ്യത്യസ്ത അഭിപ്രായക്കാരാണ്. 3488 കിലോമീറ്ററാണ് ഇന്ത്യ അവകാശപ്പെടുന്ന യഥാർഥ നിയന്ത്രണ രേഖ. എന്നാൽ, 2000ഓളം കിലോമീറ്റർ മാത്രമെന്നാണ് ചൈന പറയുന്നത്. അരുണാചൽ പ്രദേശിന്റെ 90,000 ചതുരശ്ര കിലോമീറ്റർ (ഏതാണ്ട് സംസ്ഥാനം മുഴുവൻ) തങ്ങളുടെ ഭാഗമെന്ന് ചൈന അവകാശപ്പെടുന്നു. ഇന്ത്യൻ പ്രദേശത്തിന് മേൽ അവകാശമുന്നയിക്കാൻ ചൈന ഇടക്കിടെ നടത്തുന്ന ശ്രമങ്ങളെ ഇന്ത്യ ശക്തമായി എതിർക്കുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.