ചാർമിനാറിെൻറ നഗരിയിൽ മരണപ്പോര്; ഹൈദരാബാദ് പിടിക്കാൻ ബി.ജെ.പിയുടെ പടയൊരുക്കം
text_fieldsഹൈദരാബാദ്: ഡൽഹിയിലെ തെരുവുകളിൽ കർഷകരോഷം ആളിക്കത്തുമ്പോൾ ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യതലസ്ഥാനത്തുനിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകൾക്കപ്പുറം ഹൈദരാബാദ് നഗരത്തിലെ തെരുവുകളിലൂടെ വോട്ടഭ്യർഥിക്കുകയായിരുന്നു. വിശാല ഹൈദരാബാദ് നഗരസഭ തെരഞ്ഞെടുപ്പിെൻറ ചരിത്രത്തിൽ ഇങ്ങനെയൊരു തെരഞ്ഞെടുപ്പു പ്രചാരണം ആദ്യമായിരുന്നു.
വെറുമൊരു നഗരസഭ തെരഞ്ഞെടുപ്പിെൻറ പ്രചാരണത്തിന് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് ബി.ജെ.പി ഇറക്കുമതി ചെയ്ത നേതാക്കന്മാരുടെ പട കണ്ട ഹൈദരാബാദുകാരുടെ അമ്പരപ്പ് ഇനിയും മാറിയിട്ടില്ല. നവംബർ ഒന്ന് ചൊവ്വാഴ്ച 70 ലക്ഷം വോട്ടർമാർ 1200 സ്ഥാനാർഥികളുടെ വിധി നിർണയിക്കും. എങ്ങനെയും ഹൈദരാബാദ് പിടിക്കുക എന്ന മരണപ്പോരിനാണ് ബി.െജ.പി രണ്ടും കൽപിച്ചിറങ്ങിയിരിക്കുന്നത്.
നിലവിൽ സംസ്ഥാനം ഭരിക്കുന്ന തെലങ്കാന രാഷ്ട്ര സമിതിയുടെയും (ടി.ആർ.എസ്) അവരോട് അനുഭാവം പുലർത്തുന്ന അസദുദ്ദീൻ ഉവൈസിയുടെ എം.െഎ.എമ്മിെൻറയും തട്ടകമാണ് ഹൈദരാബാദ്. സൗഹാർദത്തിെൻറ കൂടി നഗരമായ ഹൈദരാബാദ് പിടിച്ചടക്കാൻ വൻ സന്നാഹവുമായാണ് ബി.ജെ.പി രംഗത്തിറങ്ങിയിരിക്കുന്നത്. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി സ്മൃതി ഇറാനി തുടങ്ങിയ വമ്പന്മാരാണ് ബി.ജെ.പിക്കായി കളത്തിലിറങ്ങിയത്. ഒരുഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ നേരിട്ടെത്തിയേക്കുമെന്നുവരെ പ്രചാരണമുണ്ടായിരുന്നു.
പ്രചാരണത്തിെൻറ സമാപന ദിവസമായ ഞായറാഴ്ച വിമാനത്താവളത്തിൽനിന്ന് അമിത് ഷാ നേരേ വന്നത് ഹൈദരാബാദിെൻറ അടയാളമായ ചാർമിനാറിലെ വിവാദമായ ചെറിയ ക്ഷേത്രത്തിലേക്കായിരുന്നു. അനധികൃതമായി കൈയേറി നിർമിച്ചതാണ് ഈ ക്ഷേത്രമെന്ന് ഹൈകോടതിപോലും പ്രസ്താവിച്ച ക്ഷേത്രത്തിൽ പ്രാർഥന നടത്താൻ എല്ലാ ബി.ജെ.പി നേതാക്കളും ശ്രദ്ധ കാണിച്ചു. മതവികാരം ഇളക്കിവിടാനുള്ള തന്ത്രമാണ് ഇതിലൂടെ ബി.ജെ.പി പയറ്റുന്നതെന്ന് മറ്റ് പാർട്ടികൾ ആരോപിക്കുന്നു.
അമിത് ഷാ എത്തുന്നതിെൻറ തലേന്നാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തെൻറ സ്ഥിരം നമ്പറായ പേരുമാറ്റൽ പ്രഖ്യാപനവുമായി ഹൈദരാബാദിലെത്തിയത്. ബി.ജെ.പി ജയിച്ചാൽ ഹൈദരാബാദിെൻറ പേര് ഭാഗ്യനഗർ എന്നാക്കുമെന്നായിരുന്നു യോഗിയുടെ പ്രഖ്യാപനം. ഫൈസാബാദിെൻറ പേര് അയോധ്യ എന്നും അലഹാബാദിെൻറ പേര് പ്രയാഗ്രാജ് എന്നും മാറ്റാമെങ്കിൽ ഹൈദരാബാദ് എന്നത് ഭാഗ്യനഗർ എന്നും മാറ്റാം. 15ാം നൂറ്റാണ്ടിൽ ഖുലി ഖുതുബ് ഷാഹി സ്ഥാപിച്ച ഹൈദരാബാദ് നഗരത്തിെൻറ പേര് മാറ്റണമെന്ന ആവശ്യം പതിറ്റാണ്ടുകളായി ബി.ജെ.പിയും സംഘ്പരിവാരങ്ങളും ആവശ്യപ്പെടുന്നതാണ്. അതേ ആവശ്യമാണ് പ്രചാരണത്തിനിടയിൽ യോഗി ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത്.
അതിനിടയിൽ ശനിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിനെത്തുമെന്ന അഭ്യൂഹം പ്രചരിച്ചത്. ഹൈദരാബാദിലെ സ്വകാര്യ ലബോറട്ടറിയിൽ നടക്കുന്ന കോവിഡ്-19 വാക്സിൻ പരീക്ഷണം നേരിട്ടു കാണാൻ പ്രധാനമന്ത്രി എത്തുമെന്നും അത് തെരഞ്ഞെടുപ്പ് പ്രചാരണവുമാകുമെന്നുമായിരുന്നു പറഞ്ഞുകേട്ടത്. എന്നാൽ, മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെ കാണാതെ പ്രധാനമന്ത്രി ലബോറട്ടറി സന്ദർശിക്കുന്നത് ടി.ആർ.എസ് രാഷ്ട്രീയമായി ഉപയോഗിക്കുമെന്ന കാരണത്താൽ സന്ദർശനം ഒടുവിൽ വേണ്ടെന്നു വെക്കുകയായിരുന്നുവത്രെ.
പ്രചാരണത്തിനെത്തിയ ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡയും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും വിദേശികളായ റോഹിങ്ക്യൻ അഭയാർഥികൾക്ക് ൈഹദരാബാദിൽ നുഴഞ്ഞുകയറാൻ ടി.ആർ.എസ് സർക്കാർ സഹായം ചെയ്തു എന്ന ആരോപണമുയർത്തി ദേശീയത കാർഡ് വീശാനാണ് ശ്രമിച്ചത്. സ്മൃതിയുടെയും നഡ്ഡയുടെയും ആരോപണങ്ങളെ ചുട്ടമറുപടിയുമായാണ് ടി.ആർ.എസ് പ്രസിഡൻറും മുഖ്യമന്ത്രിയുടെ മകനുമായ കെ. താരക രാമറാവു നേരിട്ടത്. രാജ്യത്തിെൻറ അതിർത്തി കടന്ന് നുഴഞ്ഞുകയറ്റക്കാർ ഹൈദരാബാദിൽ എത്തിയെങ്കിൽ അതിനുത്തരവാദികൾ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി തന്നെയാണെന്നായിരുന്നു രാമറാവുവിെൻറ മറുപടി.
െതരഞ്ഞെടുപ്പിൽ ജയിക്കാനായി വിദ്വേഷമിളക്കിവിട്ട് ഹൈദരാബാദ് നഗരത്തിെൻറ സമാധാനവും മതസൗഹാർദവും തകർക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു കുറ്റപ്പെടുത്തി. ചന്ദ്രശേഖര റാവുവും മകൻ താരക റാവുവും നേരിട്ടാണ് പ്രചാരണത്തിന് ചുക്കാൻ പിടിച്ചത്. മോദി സർക്കാർ ഹൈദരാബാദിനോടും സംസ്ഥാനത്തോടും കാണിച്ച അവഗണന ഉയർത്തിയായിരുന്നു റാവുമാരുടെ കാമ്പയിൻ. ഹൈദരാബാദിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ കേന്ദ്രം സഹായിച്ചില്ലെന്നും സംസ്ഥാനം നികുതിയിനത്തിൽ 24, 000 കോടി രൂപ നൽകിയപ്പോൾ വെറും 14,000 കോടി മാത്രമാണ് കേന്ദ്രം നൽകിയതെന്നും ചന്ദ്രശേഖര റാവു വ്യക്തമാക്കി.
ഉവൈസി സഹോദരന്മാരായ അസദുദ്ദീനും അക്ബറുദ്ദീനുമാണ് എ.ഐ.എം.ഐ.എമ്മിനു വേണ്ടി കളത്തിലിറങ്ങിയത്. എ.ഐ. എം.ഐ.എമ്മുമായുള്ള സൗഹൃദം ചൂണ്ടിക്കാട്ടി ടി.ആർ.എസിനെ വെട്ടിലാക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. ഇതിനു മറുപടിയായി തങ്ങളുടെ കോട്ട കാക്കാൻ വീടുവീടാന്തരം സന്ദർശിച്ച് വോട്ടുറപ്പിക്കുകയായിരുന്നു ഉവൈസിമാർ. ഹിന്ദു ഭൂരിപക്ഷ മേഖലയിൽപോലും തങ്ങൾക്ക് ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചതെന്നും ഉവൈസി പറയുന്നു.
പ്രചാരണം തീപ്പാറിയതോടെ നഗരസഭ തെരഞ്ഞെടുപ്പിനെക്കാൾ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിെൻറ മട്ടും ഭാവവും കൈവന്നിരിക്കുകയാണ്. 150 അംഗങ്ങളെയാണ് വിശാല ഹൈദരാബാദ് നഗരസഭയിലേക്ക് തെരഞ്ഞെടുക്കുന്നത്. നിയമസഭയിലെ 24 സീറ്റുകളും ഈ നഗരസഭയിലാണ്. 2015 ലെ തെരഞ്ഞെടുപ്പിൽ 102 സീറ്റുകൾ നേടി ടി.ആർ.എസ് വൻഭൂരിപക്ഷം കരസ്ഥമാക്കിയിരുന്നു. 44 സീറ്റുകളാണ് എ.ഐ. എം.ഐ.എം നേടിയത്. ബി.ജെ.പിയും കോൺഗ്രസും തെലുഗുദേശം പാർട്ടിയും ഒറ്റ അക്കത്തിലൊതുങ്ങി. ഇക്കുറിയും ടി.ആർ.എസ് ഭൂരിപക്ഷം നിലനിർത്തുമെന്നാണ് കരുതുന്നത്. എന്നാൽ, ബി.ജെ.പി മുൻകാലത്തെക്കാൾ ശക്തി കാണിക്കുമെന്നും വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.