പേടിപ്പിച്ച് 'പൊലീസ് സ്റ്റേറ്റ്' ആക്കുന്നതായി പ്രതിപക്ഷം; പേടിയുള്ളവർക്ക് പോകാൻ കോടതിയുണ്ട് -അമിത് ഷാ
text_fieldsന്യൂഡൽഹി: 'ക്രിമിനൽ നടപടി (തിരിച്ചറിയൽ) ബിൽ 2022' ഇന്ത്യയെ ഒരു പൊലീസ് സ്റ്റേറ്റാക്കി മാറ്റി ജനത്തെ പേടിപ്പിക്കാൻ കൊണ്ടുവന്ന നിയമനിർമാണമാണെന്ന് ലോക്സഭയിൽ പ്രതിപക്ഷം. അങ്ങനെ പേടിയുള്ളവർക്ക് പോകാനുള്ളതാണ് കോടതികളെന്നും രാജ്യത്തെ കോടതികളിൽ പ്രതിപക്ഷത്തിന് വിശ്വാസമില്ലാതായോ എന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മറുപടി നൽകി.
രാജ്യത്തെ പൗരന്മാരെ പേടിപ്പിക്കുന്ന നിയമങ്ങൾ ഓരോന്നോരോന്നായി കൊണ്ടുവന്ന് കേന്ദ്ര സർക്കാർ ഇന്ത്യയെ ഒരു 'പൊലീസ് സ്റ്റേറ്റ്' ആക്കി മാറ്റുന്നതാണ് വിവാദ ക്രിമിനൽ നടപടി ബിൽ എന്നായിരുന്നു ഭൂരിഭാഗം പ്രതിപക്ഷ നേതാക്കളും നടത്തിയ വിമർശനം. ഇന്ത്യയെ ഒരു പൊലീസ് സ്റ്റേറ്റ് ആക്കുകയാണ് പുതിയ നിയമത്തിെൻറ ലക്ഷ്യമെന്ന് കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയി കുറ്റപ്പെടുത്തി. നിയമ കമീഷൻ ശിപാർശക്കും പുറത്തുകടന്നുള്ള വകുപ്പുകളാണ് ഇതിൽ. അമേരിക്കയിലും ബ്രിട്ടനിലുമുള്ള രീതി ഇവിടെ കൊണ്ടുവരുകയാണെന്ന അമിത് ഷായുടെ വാദം ഗൗരവ് ഗൊഗോയ് തള്ളിക്കളഞ്ഞു.
അമേരിക്കയിലും ബ്രിട്ടനിലും പൊലീസുകാർ കുറ്റക്കാരാണെങ്കിൽ അവർക്കെതിരെ വിചാരണ നടത്തി ജയിലിലടക്കും. ഇവിടെ നാഗാലാൻഡിലും മേഘാലയയിലും നിരപരാധികളെ വെടിവെച്ചുകൊന്നവരെപോലും ഇവിടെ ഒന്നും ചെയ്തിട്ടില്ലെന്നും ഗൊഗോയ് ചൂണ്ടിക്കാട്ടി.
ബ്രിട്ടീഷ് കോളനി വാഴ്ചക്കാലത്ത് ഇന്ത്യക്കാരെ നിരീക്ഷിക്കാനുണ്ടാക്കിയ ഒരു നിയമം ജനാധിപത്യ സമൂഹത്തിൽ കർക്കശമാക്കുന്നത് എന്തിനാണെന്ന് മൗവ മൊയ്ത്ര ചോദിച്ചു. 69.9 വയസ്സാണ് ഇന്ത്യയിൽ ശരാശരി മനുഷ്യെൻറ ആയുസ്സ്. എന്നാൽ, 75 വർഷം വരെ സാമ്പിൾ സൂക്ഷിക്കുമെന്നാണ് പുതിയ നിയമം. 28 ശതമാനം വർധന രാജ്യദ്രോഹ കേസുകളിലുണ്ട്. ബിൽ പാർലമെന്ററി സമിതിക്ക് വിടണമെന്നും മൊയ്ത്ര ആവശ്യപ്പെട്ടു. പുതിയ നിയമത്തിലൂടെ ഇന്ത്യ പൊലീസ് സ്റ്റേറ്റ് ആക്കുകയാണെന്ന് ബി.എസ്.പി എം.പി ദാനിഷ് അലി കുറ്റപ്പെടുത്തി.
ന്യൂനപക്ഷങ്ങൾക്കെതിരാണ് പുതിയ നിയമം എന്ന പ്രതിപക്ഷ വിമർശനത്തോട് അത്തരം സംസാരങ്ങൾ ഒഴിവാക്കണമെന്നാണ് അമിത് ഷാ പറഞ്ഞത്. യു.എ.പി.എ പ്രതിപക്ഷം പറയുന്നപോലെ ജാതിമത നിയമമല്ല. പ്രതിപക്ഷ സംസാരമാണ് അതിനെ അത്തരത്തിലാക്കുന്നത്. വിവാദങ്ങളുണ്ടാക്കി പേടിപ്പിക്കേണ്ട. രാജ്യത്തിെൻറ ആഭ്യന്തര സുരക്ഷക്ക് ശക്തമായ നടപടി സ്വീകരിക്കും. ആരുമായും ചർച്ച ചെയ്യാതെ കേന്ദ്ര സർക്കാർ ഏകപക്ഷീയമായാണ് നിയമം നടപ്പാക്കുന്നതെന്ന വിമർശനത്തിന് കൃത്യമായ മറുപടി ആഭ്യന്തര മന്ത്രി നൽകിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.