പ്രായം പരിഗണിച്ച് നടപടി ഒഴിവാക്കാനാവില്ല; ദിശ രവിയുടെ അറസ്റ്റിനെ ന്യായീകരിച്ച് അമിത് ഷാ
text_fieldsന്യൂഡൽഹി: ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിശ രവിയുടെ അറസ്റ്റിനെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രായത്തെ നടപടി ഒഴിവാക്കാനുള്ള മറയാക്കാനാവില്ലെന്ന് അമിത് ഷാ പറഞ്ഞു. 21കാരിയായ ദിശ രവിയുടെ അറസ്റ്റിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് അഭിപ്രായ പ്രകടനം. ഡൽഹി പോലീസിനു മേൽ രാഷ്ട്രീയ സമ്മർദ്ദമില്ലെന്നും അമിത് ഷാ പറഞ്ഞു.
അതേസമയം, ദിശ രവിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ദിശയെ പാട്യാല ഹൗസ് കോടതിയിൽ ഹാജരാക്കി പൊലീസ് കൂടുതൽ ദിവസത്തെ കസ്റ്റഡി ആവശ്യപ്പെടുമെന്നാണ് വിവരം. ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് ദിശ നൽകിയ ഹരജിയും കോടതി ഇന്ന് പരിഗണിക്കും. എഫ്.ഐ.ആർ വിവരങ്ങൾ ചോർത്തിയ മാധ്യമങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ദിശ രവി ഡൽഹി ഹൈകോടതിയിൽ നൽകിയ ഹർജിയും പരിഗണിക്കും. വിവരങ്ങൾ പുറത്തുവിട്ട മാധ്യമങ്ങളായ ടൈംസ് നൗ, ഇന്ത്യ ടുഡെ, ന്യൂസ് 18 എന്നിവക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
ഇന്നലെ ഹർജി പരിഗണിച്ച കോടതി കേന്ദ്ര സർക്കാറിനും എൻ.ബി.എസ്.എക്കും നോട്ടീസ് അയച്ചിരുന്നു. നിരോധിത സംഘടനയായ ഖലിസ്ഥാൻ വാദികളുമായി ദിശക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് ആരോപണം. രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, സമൂഹത്തിൽ ശത്രുതയുണ്ടാക്കൽ തുടങ്ങിയ വകുപ്പുകളാണ് ദിശക്കെതിരെ ഡൽഹി പൊലീസ് കേസ് ചുമത്തിയിട്ടുള്ളത്.
ദിശ രവിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടതിൽ മജിസ്ട്രേറ്റ് കൃത്യവിലോപം നടത്തിയെന്ന് ആരോപിച്ച് നിയമവിദഗ്ധർ രംഗത്തെത്തിയിരുന്നു. അഭിഭാഷകർ ഹാജരാകാത്ത സാഹചര്യത്തിൽ ജുഡിഷ്യൽ കസ്റ്റഡിക്ക് പകരം പൊലീസ് കസ്റ്റഡിയിൽ വിട്ട മജിസ്ട്രേറ്റിന്റെ നടപടി തെറ്റാണെന്നും മുതിർന്ന അഭിഭാഷക റബേക്ക ജോൺ പറഞ്ഞു. ബംഗളൂരുവിൽ നിന്ന് കസ്റ്റഡിയിലെടുത്ത ദിശയെ ട്രാൻസിറ്റ് റിമാൻഡ് ഇല്ലാതെ ഡൽഹിയിലേക്ക് കൊണ്ടുവന്നത് എങ്ങനെയെന്നും റബേക്ക ജോൺ ചോദിച്ചു. ഒരു അക്രമത്തിനും ആഹ്വാനം ചെയ്യാത്ത ടൂൾ കിറ്റിന്റെ പേരിലുളള അറസ്റ്റ് നിയമവിരുദ്ധമാണെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.