കശ്മീരിലെ വിഘടനവാദത്തിനെതിരെ നടപടി കടുപ്പിക്കും -അമിത് ഷാ
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീരിലെ വിഘടനവാദത്തിനെതിരെ നടപടി കടുപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അമർനാഥ് യാത്രക്ക് പഴുതടച്ച സുരക്ഷ ഉറപ്പാക്കാനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കശ്മീരിലെ സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്യുന്നതിനായി ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു അമിത് ഷായുടെ നിർദേശം. കശ്മീരിൽ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു യോഗം. വരാനിരിക്കുന്ന അമർനാഥ് യാത്രയുടെ മുന്നൊരുക്കങ്ങളും യോഗത്തിൽ ചർച്ചയായി.
ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, ജമ്മു-കശ്മീർ ലെഫ്റ്റനൻറ് ഗവർണർ മനോജ് സിൻഹ, ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഇൻറലിജൻസ് ബ്യൂറോ ഡയറക്ടർ തപൻ ദേക എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഡൽഹിയിൽ രാവിലെ 11നായിരുന്നു യോഗം. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, കരസേന മേധാവി മനോജ് പാണ്ഡ, നാവികസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി എന്നിവർ പങ്കെടുത്തു. സൈന്യം, പൊലീസ്, ജമ്മു-കശ്മീർ ഭരണകൂടം എന്നീ വിഭാഗങ്ങളിൽനിന്നും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിന്റെ സന്നിഹിതരായിരുന്നു.
കശ്മീരിലെ റിയാസി, കഠ് വ, ദോഡ എന്നിവിടങ്ങളിലാണ് ഭീകരാക്രമണം നടന്നത്. തുടർച്ചയായ ഭീകരാക്രമണങ്ങളെ തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച ഉന്നതതല യോഗം ചേർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.