ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ചൈന കൈയേറിയിട്ടില്ലെന്ന് അമിത് ഷാ
text_fieldsന്യൂഡൽഹി: നരേന്ദ്ര മോദി ഭരണത്തിന് കീഴിൽ ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ചൈന കൈയേറിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അസമിലെ ലഖിംപൂരിൽ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് അമിത് ഷായുടെ പ്രസ്താവന. ചൈനയുടെ ആക്രമണമുണ്ടായപ്പോൾ അസമിനോട് ബൈ പറഞ്ഞു പോയ നെഹ്റുവിനെ സംസ്ഥാനം ഒരിക്കലും മറക്കില്ല.
മോദിയുടെ ഭരണത്തിന് കീഴിൽ ചൈന ഒരിഞ്ച് ഭൂമി പോലും കൈയേറിയിട്ടില്ല. അരുണാചൽപ്രദേശും അസമും 1962 ഒരിക്കലും മറക്കില്ലെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്തിന്റെ അതിർത്തികൾ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സർക്കാർ സംരക്ഷിച്ചു. ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റം സർക്കാർ തടഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു. നേരത്തെ കിഴക്കൻ ലഡാക്കിൽ ഇന്ത്യയും ചൈനയും തമ്മിൽ മാസങ്ങൾ നീണ്ടുനിന്ന സംഘർഷത്തിനൊടുവിലും രാജ്യത്തിന് ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രസ്താവന.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അസമിന്റെ സംസ്കാരം സംരക്ഷിക്കണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എന്നാൽ, രാഹുലിന്റെ മുത്തശ്ശി കാരണം അസമിലെ നൂറുക്കണക്കിന് ചെറുപ്പക്കാർ തെറ്റായ വഴിയിലേക്ക് പോയെന്നും അമിത് ഷാ ആരോപിച്ചു. അസമിന്റെ വികസനത്തിനായി 10 വർഷത്തിനിടെ വലിയ പദ്ധതികളാണ് മോദി സർക്കാർ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. മോദിക്ക് കീഴിൽ അസം വികസിത സംസ്ഥാനമായി മാറിയെന്നും ഷാ പറഞ്ഞു.
രാമക്ഷേത്രം സംബന്ധിച്ചും റാലിയിൽ അമിത് ഷാ പ്രസ്താവന നടത്തി. രാമക്ഷേത്രം യാഥാർഥ്യമാക്കുന്നതിൽ വലിയ അലംഭാവം കോൺഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മോദി അധികാരത്തിലെത്തിയതിന് ശേഷമാണ് ക്ഷേത്രം യാഥാർഥ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ജൂൺ 15ന് ഗൽവാൻ താഴ്വരയിൽ നടന്ന സംഘർഷത്തിൽ ഇന്ത്യയുടെ 15 സൈനികർ വീരമൃത്യു വരിച്ചിരുന്നു. തുടർന്ന് യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തുവെങ്കിലും ചർച്ചകളിലൂടെ ഇരു രാജ്യങ്ങളും രമ്യതയിലെത്തുകയായിരുന്നു.
ഇന്ത്യൻ അതിർത്തിൽ ചൈന കൈയേറ്റം വ്യാപകമാക്കിയെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.കിഴക്കന്‍ ലഡാക്കിന് എതിർഥാഗത്തുള്ള അക്‌സായി ചിന്‍ മേഖലയിൽ ചൈനീസ് സൈന്യം പുതിയ ഹൈവേ നിര്‍മിക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. ടിബറ്റന്‍ സ്വയംഭരണ മേഖലയുടെ അടുത്തായി വലിയ തോതില്‍ ചൈനീസ് സൈന്യത്തിന്‍റെ മിസൈല്‍, റോക്കറ്റ് റെജിമെന്‍റുകള്‍ വിന്യസിച്ചിട്ടുള്ളതായും അവിടെ സൈനിക ക്യാമ്പുകള്‍ നിര്‍മ്മിച്ചിട്ടുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. മേഖലയിലെ നിരീക്ഷണ ഡ്രോണുകളുടെ വിന്യാസവും വര്‍ദ്ധിച്ചിട്ടുണ്ടെന്നും വാർത്തകൾ വന്നിരുന്നു.
കഷ്ഗര്‍, ഗര്‍ ഗന്‍സ, ഹോട്ടാന്‍ എന്നിവിടങ്ങളിലെ പ്രധാന താവളങ്ങള്‍ കൂടാതെ ഹൈവേകളുടെ വീതികൂട്ടുകയും പുതിയ എയര്‍ സ്ട്രിപ്പുകള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നതിനാല്‍ ചൈനയുടെ നീക്കങ്ങള്‍ ആശങ്കയുളവാക്കുന്നതാണെന്നായിരുന്നു റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.