രാഹുലിന്റെ പരാമർശങ്ങൾ ദേശവിരുദ്ധമെന്ന് അമിത് ഷാ
text_fieldsന്യൂഡൽഹി: ബി.ജെ.പിയുടെ പ്രതിഷേധം വകവെക്കാതെ അമേരിക്കൻ സന്ദർശനത്തിനിടെ ആർ.എസ്.എസിനും ബി.ജെ.പിക്കും മോദി സർക്കാറിനുമെതിരെ വിമർശനം കടുപ്പിച്ച പ്രതിപക്ഷ നേതാവ് രാഹുലിനെതിരെ രൂക്ഷ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തുവന്നു. രാഹുലിനെതിരെ ബി.ജെ.പി നേതാക്കളെ ഒന്നടങ്കം അണിനിരത്തിയതിന് പുറമെയാണ് രാഹുലിന്റേത് ദേശവിരുദ്ധ പ്രവർത്തനമാണെന്ന് ആരോപിച്ച് അമിത് ഷായും രംഗത്തിറങ്ങിയത്. രാഹുൽ ഗാന്ധി ഡെമോക്രാറ്റ് നേതാവ് ഇൽഹാൻ ഒമർ അടക്കമുള്ളവരെ കണ്ടത് അപകടകരവും ദുരൂഹവുമായ പ്രവർത്തനമാണെന്ന് ബി.ജെ.പി ആരോപിച്ചു.
രാജ്യത്തെ ഭിന്നിപ്പിക്കുന്ന ശക്തികൾക്കൊപ്പം നിന്ന് ദേശവിരുദ്ധ പ്രസ്താവനകൾ നടത്തുന്നത് കോൺഗ്രസ് നേതാവിന്റെ പതിവായിരിക്കുകയാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. ജമ്മു-കശ്മീരിൽ നാഷനൽ കോൺഫറൻസിന്റെ സംവരണ വിരുദ്ധതയെ പിന്തുണക്കുന്നതിലൂെടയും വിദേശത്ത് ഇന്ത്യ വിരുദ്ധ പ്രസ്താവനകളിലൂടെയും രാഹുൽ ഗാന്ധി ദേശസുരക്ഷക്ക് ഭീഷണിയാകുകയും വികാരം വ്രണപ്പെടുത്തുകയുമാണെന്ന് അമിത് ഷാ ‘എക്സി’ൽ കുറിച്ചു. കോൺഗ്രസിന്റെ സംവരണ വിരുദ്ധത രാഹുലിന്റെ പ്രസ്താവനയിലൂടെ ഒരിക്കൽകൂടി പുറത്തുവന്നു. ബി.ജെ.പി ഉള്ളിടത്തോളം കാലം ഒരാൾക്കും സംവരണം ഇല്ലാതാക്കാനാകില്ലെന്നും ദേശസുരക്ഷ അപകടപ്പെടുത്താനാകില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. മുൻ കേന്ദ്ര മന്ത്രി രവി ശങ്കർ പ്രസാദ്, കേന്ദ്ര മന്ത്രിമാരായ ഹർദീപ് സിങ് പുരി, കിരൺ റിജിജു തുടങ്ങിയവരും രാഹുലിന്റെ പ്രസ്താവനകൾക്കെതിരെ പ്രതിഷേധവുമായി ഇറങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.