ഭാഷയുടെ പേരിൽ വിഭജന നീക്കം; ഡി.എം.കെക്കെതിരെ അമിത് ഷാ
text_fieldsന്യൂഡൽഹി: ചിലർ ഭാഷയെ വെറുപ്പ് ഉൽപാദിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്നുവെന്നും അഴിമതി മറയ്ക്കാനാണ് ഭാഷാ പ്രശ്നം ഉന്നയിക്കുന്നതെന്നും അമിത് ഷാ രാജ്യസഭയിൽ. ദക്ഷിണേന്ത്യയിലെ ഏതെങ്കിലും ഭാഷയെ ഞങ്ങൾ എതിർക്കുന്നുവെന്ന് വരുത്താൻ ശ്രമിക്കുകയാണ്. ഭാഷയുടെ പേരിൽ രാഷ്ട്രീയം കളിക്കുന്നവർക്ക് അവരുടേതായ അജണ്ടയുണ്ട്. ഭാഷയുടെ പേരിൽ ഡി.എം.കെ രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട ചർച്ചയുടെ മറുപടി പ്രസംഗത്തിൽ അമിത് ഷാ പറഞ്ഞു.
അടുത്ത മാർച്ചോടെ രാജ്യത്തുനിന്നും മാവോയിസം ഇല്ലാതാക്കും. നിരവധി യുവാക്കൾ ആയുധങ്ങൾ ഉപേക്ഷിച്ച് മുഖ്യധാരയുടെ ഭാഗമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകരതയോട് ഒരു വിട്ടുവീഴ്ചയുമില്ലാത്ത നയം കൊണ്ടുവന്നു. മോദി അധികാരത്തിൽ വന്നതിനുശേഷം, പുൽവാമ ആക്രമണത്തിന് പത്തുദിവസത്തിനുള്ളിൽ മറുപടി നൽകാൻ സാധിച്ചു. പാകിസ്താനിൽ കയറി ആക്രമണം നടത്തി. അതിർത്തികളും സൈന്യത്തെയും സംരക്ഷിക്കാൻ എപ്പോഴും തയാറായ രണ്ട് രാജ്യങ്ങൾ മാത്രമേയുള്ളൂ, ഇസ്രായേലും അമേരിക്കയും. ഇപ്പോൾ പ്രധാനമന്ത്രി മോദി ഇന്ത്യയുടെ പേരുകൂടി ഈ പട്ടികയിൽ ചേർത്തു.
ഭീകരവാദികളോടൊപ്പം ചേരുന്ന ഇന്ത്യൻ യുവാക്കളുടെ എണ്ണം പൂജ്യമായി. ജമ്മു- കശ്മീരിൽ ഭീകരവാദികളുടെ ബന്ധുക്കളെ സർക്കാർ ജോലികളിൽനിന്നും പിരിച്ചുവിട്ട് ശക്തമായ സന്ദേശം നൽകി. ഹുർറിയത്തിനെയും പോപുലർ ഫ്രണ്ടിനെയും നിരോധിച്ചു. അതിനുപിന്നിൽ പ്രവർത്തിച്ചവരെ അഴിക്കുള്ളിലാക്കി. ആർട്ടിക്കിൾ 370 റദ്ദാക്കി രാജ്യത്തെ നിയമങ്ങളും ഭരണഘടനയും കശ്മീരിനും ബാധകമായി. കശ്മീർ ഇന്ന് പുരോഗതിയുടെയും വികസനത്തിന്റെയും പാതയിലാണ്. മയക്കുമരുന്ന് ഇല്ലാതാക്കാൻ സംസ്ഥാനങ്ങളുമായി യോജിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.