തോറ്റാൽ കുതിരക്കച്ചവടം നടത്തുമോ? അമിത് ഷാ ഇന്ന് വൈകീട്ട് കർണാടകയിലേക്ക്
text_fieldsബംഗളൂരു: കർണാടകയിൽ വോട്ടെണ്ണൽ തുടങ്ങി ആദ്യമണിക്കൂറുകളിൽ തന്നെ തിരിച്ചടി നേരിട്ട ബി.ജെ.പി, കുതിരക്കച്ചവടം നടത്തി ഭരണം പിടിക്കുമോ എന്ന ആശങ്ക നിലനിൽക്കേ ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് വൈകീട്ട് ബംഗളൂരുവിലെത്തും. ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഭരണം പിടിക്കുമെന്നും അതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും കർണാടക റവന്യൂമന്ത്രി അശോക ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
ദക്ഷിണേന്ത്യയിൽ തങ്ങൾ ഭരിക്കുന്ന ഏക സംസ്ഥാനത്ത് ഭരണം നിലനിർത്താൻ ബി.ജെ.പിയും തിരിച്ചുപിടിക്കാൻ കോൺഗ്രസും ജെ.ഡി-എസും ചൂടേറിയ പ്രചാരണം നയിച്ച തെരഞ്ഞെടുപ്പ് അടുത്തവർഷം നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന്റെ ട്രയൽ റണ്ണായാണ് വിശേഷിപ്പിക്കപ്പെടുന്നത്.
തോറ്റാൽ മോദിക്ക് വൻ തിരിച്ചടി
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കളത്തിലിറക്കി റോഡ്ഷോകൾ നടത്തി പ്രചാരണം നയിച്ച ബി.ജെ.പിക്ക് കർണാടകയിൽ തോൽവി പിണഞ്ഞാൽ അത് മോദിയുടെയും തോൽവിയായി വിലയിരുത്തപ്പെടും. വികസനത്തിനുപകരം മതവും വർഗീയതയും പ്രചാരണ വിഷയമാക്കിയ ബി.ജെ.പി ഒറ്റക്ക് കേവല ഭൂരിപക്ഷം കടന്നാൽ സംഘ്പരിവാറിന്റെ അജണ്ടകൾക്ക് കന്നട മണ്ണ് പാകപ്പെടുന്നുവെന്നതിന്റെ സൂചനയാകും.
കുതിരക്കച്ചവടത്തിന് ഒരുക്കം തകൃതി
കേവല ഭൂരിപക്ഷത്തിന് ഏതാനും സീറ്റുകൾ കുറവാണെങ്കിൽ എതിർ പാർട്ടികളിൽനിന്ന് നേതാക്കളെ പണമെറിഞ്ഞ് വാങ്ങി കുതിരക്കച്ചവടം നടത്താൻ തന്നെയാണ് ബി.ജെ.പി പദ്ധതി. ബംഗളൂരുവിൽ ബി.എസ്. യെദിയൂരപ്പയുടെ വസതിയിൽ ബി.ജെ.പി നേതാക്കൾ യോഗം ചേർന്നു.
തങ്ങൾക്ക് ‘പ്ലാൻ ബി’ ഉണ്ടെന്നും ഇത് രണ്ടുതവണ കർണാടകയിൽ നടപ്പാക്കിയതാണെന്നും ചൂണ്ടിക്കാട്ടിയ ബി.ജെ.പി മന്ത്രി ആർ. അശോക, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത്ഷായുടെയും നിർദേശപ്രകാരം പ്ലാൻ ബി നടപ്പാക്കുമെന്നും വ്യക്തമാക്കി.
വിജയിച്ച ബി.ജെ.പി നേതാക്കളെ ബംഗളൂരുവിലേക്ക് മാറ്റും. ജെ.ഡി-എസിലും കോൺഗ്രസിലും കന്നിമത്സരത്തിനിറങ്ങിയവരടക്കം മറ്റു പാർട്ടികളിൽനിന്ന് അടർത്താവുന്ന വിജയസാധ്യതയുള്ള നേതാക്കളുടെ ലിസ്റ്റ് ബി.ജെ.പി തയാറാക്കിയതായാണ് വിവരം.
മല്ലികാർജുൻ ഖാർഗെക്ക് അഭിമാന നിമിഷം
കോൺഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റശേഷം സ്വന്തം തട്ടകത്തിൽ തെരഞ്ഞെടുപ്പിനെ നയിക്കുന്ന മല്ലികാർജുൻ ഖാർഗെയുടെ നേതൃശേഷിയും തെരഞ്ഞെടുപ്പുഫലം വെളിപ്പെടുത്തും. കർണാടകയിലെ അതികായരായ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ഒരുമിച്ച് നയിച്ച തെരഞ്ഞെടുപ്പിൽ നിലനിൽപിനായി കോൺഗ്രസിന് തിരിച്ചുവന്നേതീരൂ.
മുഴുവൻ സ്ഥാനാർഥികളെയും കോൺഗ്രസ് ബംഗളൂരുവിലേക്ക് മാറ്റും
ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരുന്ന 2018 ലെ തെരഞ്ഞെടുപ്പിൽ ജെ.ഡി-എസുമായി സഖ്യം തീർത്താണ് കോൺഗ്രസ് ഭരണത്തിലേറിയത്. ഒരു വർഷം മാത്രം നീണ്ട സഖ്യസർക്കാറിനെ ഓപറേഷൻ താമരയിലൂടെ അട്ടിമറിച്ച് ബി.ജെ.പി ഭരണം പിടിച്ചു. ഇത്തരമൊരു സാഹചര്യം ആവർത്തിക്കാതിരിക്കാനുള്ള എല്ലാ തന്ത്രങ്ങളും രാഷ്ട്രീയ ചാണക്യനായ ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ കർണാടക കോൺഗ്രസ് മെനഞ്ഞിട്ടുണ്ട്.
ഭൂരിപക്ഷം നേടിയാലും തൂക്കുസഭയായാലും ഫലപ്രഖ്യാപനത്തിനുശേഷം മുഴുവൻ സ്ഥാനാർഥികളെയും കോൺഗ്രസ് ബംഗളൂരുവിലേക്ക് മാറ്റും. വെള്ളിയാഴ്ച ബംഗളൂരുവിൽ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ കോൺഗ്രസ് നേതാക്കൾ യോഗം ചേർന്നു.
കുമാരസ്വാമി ഇന്നെത്തും
2018ലേതിന് സമാനമായി വോട്ടെടുപ്പിന് പിന്നാലെ സിംഗപ്പൂരിലേക്ക് പറന്ന ജെ.ഡി-എസ് നിയമസഭ കക്ഷി നേതാവ് എച്ച്.ഡി. കുമാരസ്വാമി സിംഗപ്പൂരിൽനിന്ന് ശനിയാഴ്ച തിരിച്ചെത്തുമെന്നാണ് വിവരം.തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്ന പാർട്ടിയുമായി സഖ്യത്തിന് തയാറാണെന്ന സൂചന കുമാരസ്വാമി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.