ആറ് തൃണമൂൽ, രണ്ട് സി.പി.എം, സി.പി.ഐ, കോൺഗ്രസ് എം.എൽ.എമാർ ബി.െജ.പിയിൽ
text_fieldsമിഡ്നാപുർ (പശ്ചിമ ബംഗാൾ): നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനും മുഖ്യമന്ത്രി മമത ബാനർജിക്കും വൻ തിരിച്ചടിയായി ബി.ജെ.പിയിലേക്ക് പാർട്ടി എം.എൽ.എമാരുടെ കൂറുമാറ്റം. സംസ്ഥാനത്ത് വൻ സ്വാധീനമുള്ള നന്ദിഗ്രാം എം.എൽ.എ സുവേന്ദു അധികാരി അടക്കം ആറ് തൃണമൂൽ എം.എൽ.എമാർ ശനിയാഴ്ച മിഡ്നാപുരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത റാലിയിൽ ബി.ജെ.പിയിൽ ചേർന്നു. രണ്ട് സി.പി.എം, ഒാരോ സി.പി.ഐ, കോൺഗ്രസ് എം.എൽ.എമാരും ബി.ജെ.പിയിലെത്തി.
ബർധമാൻ പൂർബ ലോക്സഭ മണ്ഡലത്തിൽനിന്ന് രണ്ടു വട്ടം ടി.എം.സി എം.പിയായ സുനിൽ മൊണ്ഡലും ബി.ജെ.പിയിൽ ചേർന്നു. സുവേന്ദുവിനെ കൂടാതെ ബനശ്രീ മൈത്തി (കാന്തി നോർത്ത്), ശീൽഭദ്ര ദത്ത (ബാരക്ക്പുർ), ബിശ്വജിത് കുണ്ഡു (കൽന), സുക്ര മുണ്ഡ (നഗ്രകട), സൈകത് പഞ്ജ (മോണ്ഡേശ്വർ) എന്നിവരാണ് ബി.ജെ.പിയിലെത്തിയ തൃണമൂൽ എം.എൽ.എമാർ.
2016ൽ ഗസോൾ മണ്ഡലത്തിൽനിന്ന് സി.പി.എം ടിക്കറ്റിൽ വിജയിച്ച ശേഷം 2018ൽ തൃണമൂലിൽ ചേർന്ന ദീപാലി ബിശ്വാസ്, ഹാൽദിയ സി.പി.എം എം.എൽ.എ തപസി മണ്ഡൽ, തംലൂക് സി.പി.ഐ എം.എൽ.എ അശോക് ദിണ്ഡ, പുരുലിയ കോൺഗ്രസ് എം.എൽ.എ സുദീപ് മുഖർജി എന്നിവരും ഷായുടെ റാലിയിൽ ബി.ജെ.പിയിൽ ചേർന്നു. ദീപാലി ബിശ്വാസ് ഇതുവരെ സി.പി.എം എം.എൽ.എ സ്ഥാനം രാജിവെച്ചിട്ടില്ല. ടി.എം.സി മുൻ എം.പി ദശരഥ് ടിർക്കിയും ബി.ജെ.പിയിലെത്തി. മുൻ മന്ത്രി ശ്യാമപ്രസാദ് മുഖർജി അടക്കം സി.പി.എം, കോൺഗ്രസ്, തൃണമൂൽ പാർട്ടികളിലെ പല ജില്ല തല നേതാക്കന്മാരും ബി.ജെ.പിയിൽ ചേർന്നിട്ടുണ്ട്.
മുൻ മന്ത്രികൂടിയായ സുവേന്ദു അധികാരി 2011ൽ മമത ബാനർജിയെ അധികാരത്തിലേറ്റാൻ സഹായിച്ച നന്ദിഗ്രാം സമരത്തിന് നേതൃത്വം കൊടുത്തയാളാണ്. മമതയുടെ വലംകൈയായിരുന്ന മുകുൾ റോയി ശാരദ ചിട്ടിത്തട്ടിപ്പ് അടക്കം കേസുകളിൽപ്പെട്ടതിനെ തുടർന്ന് ബി.ജെ.പിയിൽ ചേക്കേറിയപ്പോൾ തൃണമൂലിൽ രണ്ടാമനായിരുന്നു സുേവന്ദു. മമതയുടെ ഉറ്റ ബന്ധുവും ഡയമണ്ട് ഹാർബർ എം.പിയുമായ അഭിഷേക് ബാനർജി, തെരഞ്ഞെടുപ്പ് വിദഗ്ധൻ പ്രശാന്ത് കിഷോർ എന്നിവർക്ക് പാർട്ടിയിൽ സ്വാധീനമേറിയതാണ് സുവേന്ദുവിെൻറ മനംമാറ്റത്തിന് കാരണമായത്. സുവേന്ദു കഴിഞ്ഞ വ്യാഴാഴ്ച എം.എൽ.എ സ്ഥാനം രാജിവെച്ചെങ്കിലും സ്പീക്കർ ഇതുവരെ സ്വീകരിച്ചിട്ടില്ല.
വരുന്ന തെരഞ്ഞെടുപ്പിൽ ബംഗാളിൽ ബി.ജെ.പി അധികാരത്തിലേറുമെന്ന് റാലിയിൽ അമിത് ഷാ പറഞ്ഞു. ഇവിടെ താൻ കാണുന്ന ചുഴലിക്കാറ്റ്, തെരഞ്ഞെടുപ്പ് അടുക്കുേമ്പാഴേക്കും മമതയെ ഒറ്റപ്പെടുത്തും. തൃണമൂലിനെ പിളർത്താൻ ബി.ജെ.പി ശ്രമിക്കുന്നുവെന്നാണ് ദീദിയുടെ ആരോപണം. തൃണമൂൽ നിങ്ങളുടെ യഥാർഥ പാർട്ടിയാണോ, അതോ കോൺഗ്രസ് പിളർത്തി ഉണ്ടാക്കിയതാണോ? എന്നാണ് അവരോട് ചോദിക്കാനുള്ളത് -അമിത് ഷാ പറഞ്ഞു.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സംസ്ഥാനത്ത് രണ്ടാമതാകുമെന്ന് പറഞ്ഞ സുവേന്ദു അധികാരി തൃണമൂൽ വ്യക്തികേന്ദ്രീകൃത പാർട്ടിയായെന്നും കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.