ബി.ജെ.പി പ്രചാരണത്തിന് അമിത് ഷാ നാളെയെത്തും
text_fieldsബംഗളൂരു: കർണാടകയിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചൊവ്വാഴ്ചയെത്തും. രാവിലെ ഒമ്പതിന് ബംഗളൂരുവിൽ നടക്കുന്ന ബി.ജെ.പി- ജെ.ഡി-എസ് നേതാക്കളുടെ സഖ്യകക്ഷി യോഗത്തിൽ അമിത് ഷാ പങ്കെടുക്കും.
ബംഗളൂരു നോർത്ത്, ബംഗളൂരു സൗത്ത്, ബംഗളൂരു സെൻട്രൽ, ബംഗളൂരു റൂറൽ, ചിക്കബല്ലാപുര മണ്ഡലങ്ങളിലെ പ്രവർത്തകർ പങ്കെടുക്കുന്ന കൺവെൻഷൻ രാവിലെ 11ന് ബംഗളൂരു പാലസ് ഗ്രൗണ്ടിൽ നടക്കും. സീറ്റ് നിർണയത്തിൽ അതൃപ്തരായ നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ചിക്കബല്ലാപുര, തുമകൂരു, ദാവൻകരെ, ചിത്രദുർഗ മണ്ഡലങ്ങളിൽ പാർട്ടി സ്ഥാനാർഥികൾക്കെതിരെ വിമതശബ്ദമുയർന്നിരുന്നു.
വിമതനീക്കം നടത്തുന്ന നേതാക്കളുമായി അമിത് ഷാ ചർച്ച നടത്തും. ബംഗളൂരു റൂറൽ മണ്ഡലത്തിൽ ഉൾപ്പെടുന്ന ചന്നപട്ടണയിൽ വൈകീട്ട് റോഡ് ഷോയിൽ അദ്ദേഹം പങ്കെടുക്കും. ജെ.ഡി-എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ മരുമകൻ ഡോ. സി.എൻ. മഞ്ജുനാഥാണ് ബംഗളൂരു റൂറലിൽ ബി.ജെ.പി സ്ഥാനാർഥി. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാറിന്റെ സഹോദരൻ ഡി.കെ. സുരേഷാണ് കോൺഗ്രസ് സ്ഥാനാർഥി.
കോൺഗ്രസിന്റെ ഏക സിറ്റിങ് സീറ്റായ ബംഗളൂരു റൂറൽ പിടിച്ചെടുക്കുക എന്നതിനൊപ്പം ‘ഡി.കെ ബ്രദേഴ്സി’ന് തിരിച്ചടി നൽകുക എന്ന ലക്ഷ്യവും ബി.ജെ.പിക്കും ജെ.ഡി-എസിനുമുണ്ട്. ഡി.കെ. സുരേഷ് അടുത്തിടെ നടത്തിയ ‘സൗത്ത് ഇന്ത്യ സ്വതന്ത്ര’ പരാമർശം ബി.ജെ.പി പ്രചാരണത്തിൽ കോൺഗ്രസിനെതിരെ പയറ്റും.
ചന്നപട്ടണയിൽ നടക്കുന്ന റാലിയിൽ അമിത് ഷാ ഈ വിഷയത്തിലൂന്നിയാകും പ്രസംഗിക്കുക എന്നാണ് വിവരം. ഈ തെരഞ്ഞെടുപ്പ്, രാജ്യത്തെ വിഭജിപ്പിക്കാൻ ആഗ്രഹിക്കുന്നവരും രാജ്യത്തെ ഒന്നിപ്പിക്കാൻ ആഗ്രഹിക്കുന്നവരും തമ്മിലുള്ളതാണെന്ന ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി കൺവീനർ വി. സുനിൽകുമാറിന്റെ വാക്കുകളിൽ ആ സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.