അമിത് ഷാ ഇന്ന് മൂസെ വാലയുടെ വീട് സന്ദർശിക്കും
text_fieldsചണ്ഡീഗഡ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൊല്ലപ്പെട്ട പഞ്ചാബ് ഗായകൻ സിദ്ധു മൂസെ വാലയുടെ വീട് സന്ദർശിക്കും. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ മൂസെ വാലയുടെ വീട് സന്ദർശിച്ച് കൊലപാതകികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പു നൽകിയതിന് പിറകെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദർശനം.
മൻസ ഗ്രാമത്തിലെ മൂസ വില്ലേജിലുള്ള മൂസെ വാലയുടെ വീട്ടിൽ ഭഗവന്ത് മൻ ഒരു മണിക്കൂർ നേരം ചെലവഴിച്ചിട്ടുണ്ട്. കൊലപാതകികളെ സംബന്ധിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. അവർ പിടിയിലാകുന്നത് വൈകില്ലെന്നും മുഖ്യമന്ത്രി മൂസെവാലയുടെ കുടുംബത്തിന് ഉറപ്പ് നൽകിയിരുന്നു. വി.ഐ.പി സുരക്ഷ പിൻവലിച്ച സർക്കാർ നീക്കത്തെ കുറ്റപ്പെടുത്തുന്നവർ നാണമില്ലാതെ മുതലക്കണ്ണീരൊഴുക്കുകയാണ്. പഞ്ചാബിലെ ജനങ്ങൾക്ക് അവരുടെ സംശയാസ്പദമായ ചരിത്രം അറിയാമെന്നും മന്ത്രി പറഞ്ഞിരുന്നു.
മൂസെ വാലയുടെ കൊലപാതകം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് മുഖ്യമന്ത്രി ഗായകന്റെ വീട് സന്ദർശിച്ചത്. ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെ സന്ദർശിച്ച ശേഷമായിരുന്നു ഭഗവന്ത് മൻ മൂസെവാലയുടെ വീട് സന്ദർശിക്കാൻ തീരുമാനിച്ചത്.
മെയ് 29 ന് പഞ്ചാബിലെ മാൻസ ജില്ലയിൽ അജ്ഞാതായ ചിലരുടെ വെടിയേറ്റാണ് മൂസെ വാല മരിച്ചത്. പഞ്ചാബ് സർക്കാർ മൂസെ വാലക്ക് നൽകിയിരുന്ന വി.ഐ.പി സുരക്ഷ പിൻവലിച്ചതിന് അടുത്ത ദിവസമാണ് കൊലപാതകം നടന്നത്. മൂസെ വാലക്കൊപ്പം വാഹനത്തിൽ സഞ്ചരിച്ചിരുന്ന ബന്ധുവിനും സുഹൃത്തിനും വെടിവെപ്പിൽ പരിക്കേറ്റിരുന്നു.
ഇതോടെ വി.ഐ.പി സുരക്ഷ പിൻവലിച്ച ആം ആദ്മി സർക്കാറിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. 400ഓളം വി.ഐ.പികളുടെ സുരക്ഷ പിൻവലിച്ച സർക്കാർ അക്കാര്യം സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
പിൻവലിച്ച വി.ഐ.പി സുരക്ഷ ജൂൺ ഏഴിനുള്ളിൽ പുനഃസ്ഥാപിക്കണമെന്ന് പഞ്ചാബ് -ഹരിയാന ഹൈകോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.